ഉഗാണ്ടയിലെ ക്വീന്‍ എലിസബത്ത് നാഷണല്‍ പാര്‍ക്കില്‍ 11 സിംഹങ്ങള്‍ ചത്തനിലയില്‍

lion2

കംപാല: ഉഗാണ്ടയില്‍ ദേശീയ പാര്‍ക്കില്‍ 11 സിംഹങ്ങളെ ചത്തനിലയില്‍ കണ്ടെത്തി. ഉഗാണ്ടയിലെ ക്വീന്‍ എലിസബത്ത് നാഷണല്‍ പാര്‍ക്കിലാണ് സംഭവം. ഇതില്‍ എട്ട് എണ്ണവും സിംഹക്കുട്ടികളാണെന്നാണ് വിവരം. വിഷബാധയേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ പരിപാടിക്കായി ഇവയെ പങ്കെടുപ്പിച്ച് ചിത്രീകരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സിംഹങ്ങള്‍ ചത്തത്.

ഇതിനു മുന്‍പും രാജ്യത്ത് സിംഹങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2006ലും, 2007ലും 15 വീതവും 2010-ല്‍ 10-ഉം സിംഹങ്ങള്‍ ഇതിന് മുന്‍പ് കൂട്ടത്തോടെ ചത്തിട്ടുണ്ട്. നാടോടികള്‍ തങ്ങളുടെ കന്നുകാലികളെ സംരക്ഷിക്കുന്നതിനായി സിംഹങ്ങള്‍ക്ക് വിഷം വച്ചതാകാമെന്നും സംശയിക്കുന്നുണ്ട്.

സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ഉഗാണ്ട വന്യജീവി വകുപ്പ് അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിംഹങ്ങളുടെ ജഡങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇതിനു ശേഷമാകും മറവു ചെയ്യുകയെന്നും അധികൃതര്‍ അറിയിച്ചു.

Top