വിശ്വസിച്ച രാഷ്ട്രീയം ചതിച്ചില്ല; ലീലയ്ക്ക് അന്തിയുറങ്ങാന്‍ കൂരയായി

നിലമ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ വീടുനിഷേധിക്കപ്പെട്ട മംഗലക്കോടന്‍ ലീലക്ക് ഭവനനിര്‍മ്മാണം.

അമരമ്പലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സഹായത്തോടെ ഭവനനിര്‍മ്മാണത്തിന് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് കട്ടിളവെച്ചു. രണ്ടു മാസത്തിനകം രാഹുല്‍ ഭവനം പൂര്‍ത്തീകരിച്ച് ലീലക്ക് കൈമാറുമെന്ന് ഷൗക്കത്ത് പറഞ്ഞു.

അമരമ്പലം പഞ്ചായത്തിലെ വേങ്ങാപ്പരതയിലെ ദലിത് കുടുംബത്തില്‍പെട്ട വിധവയായ ലീലയുടെ ഓടുമേഞ്ഞ വീട് ചോര്‍ന്നൊലിച്ച് തകര്‍ച്ചയുടെ വക്കിലായിരുന്നു. പുതിയ വീടിനായി പഞ്ചായത്തംഗത്തെയും അധികൃതരെയും കണ്ടപ്പോള്‍ ലീലയുടെ രാഷ്ട്രീയമായിരുന്നു വീട് നിര്‍മ്മാണ പദ്ധതി അനുവദിക്കുന്നതില്‍ തടസമായി ഇവര്‍ കണ്ടത്. സര്‍ക്കാരിന്റെ മുന്‍ഗണനാ മാനദണ്ഡങ്ങളെല്ലാം അനുകൂലമായിട്ടും വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ ലീലക്ക് വീട് നിഷേധിക്കപ്പെട്ടു. വീടിനു വേണ്ടി രാഷ്ട്രീയം മാറാന്‍ ലീല തയ്യാറായതുമില്ല. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ചന്ദ്രന്റെ ഭാര്യയാണ് ലീല. ചന്ദ്രന്‍ മരിച്ചതോടെ ഏക മകന്‍ അജിത്തിനൊപ്പം വീഴാറായ വീട്ടില്‍ തനിച്ചായി. ലീലയുടെ ദുരിതമറിഞ്ഞതോടെയാണ് തകര്‍ച്ചയിലായ വീട് പൊളിച്ച് പുതിയ വീട് നിര്‍മ്മിക്കാന്‍ സംസ്‌ക്കാര സാഹിതി തയ്യാറായത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമദാനമായാണ് വീട് നിര്‍മ്മിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ജന്‍മദിനത്തില്‍ നിര്‍മ്മിക്കുന്ന വീടിന് രാഹുല്‍ ഭവനമെന്ന പേരിടാനാണ് തീരുമാനം. കട്ടിളവെക്കല്‍ ചടങ്ങില്‍ അമരമ്പലം മണ്ഡലം പ്രസിഡന്റ് കേമ്പില്‍ രവി, അമീര്‍ വള്ളിക്കാടന്‍, കെ.എം സുബൈര്‍, ടി. ബാലന്‍, സലാം ചിനക്കല്‍ സംബന്ധിച്ചു.

അതേസമയം, രാഹുല്‍ഗാന്ധിയുടെ ജന്‍മദിനത്തിന്റെ ഭാഗമായി സംസ്‌ക്കാരസാഹിതി മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിയില്‍ ഓണ്‍ ലൈന്‍ പഠനത്തിനെത്തുന്ന നൂറ് ആദിവാസികുട്ടികള്‍ക്ക് ഇന്നു മുതല്‍ സ്‌കൂള്‍ തുറക്കുന്നതുവരെ പ്രഭാതഭക്ഷണം നല്‍കും.

Top