നിയമസഭാ കൈയാങ്കളിക്കേസ്; ഇ പി ജയരാജനും മന്ത്രി വി ശിവന്‍കുട്ടിയും കോടതിയില്‍ ഹാജരായി

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മന്ത്രി വി ശിവന്‍കുട്ടിയും കോടതിയില്‍ ഹാജരായി. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2015 മാര്‍ച്ച് 13-ന് മുന്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം തടയാന്‍ ശ്രമിച്ചതാണ് നിയമസഭയില്‍ കയ്യാങ്കളിയിലേക്ക് നയിച്ചത്. ബാര്‍ കോഴ അഴിമതിയില്‍ കെ.എം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഘര്‍ഷത്തിനിടെ നിയമസഭയിലുണ്ടാക്കിയ നഷ്ടം ചൂണ്ടിക്കാണിച്ചാണ് പൊലീസ് കേസെടുത്തിരുന്നത്.

കേസില്‍ തുടരന്വേഷണം എന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കുകയും തുടരന്വേഷണം നടത്തി വരികയുമാണ്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് മുന്‍ എം.എല്‍.എമാരായ ഇ.എസ്. ബിജിമോള്‍, ഗീതാ ഗോപി എന്നിവരും തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, ഇ.പി ജയരാജന്‍ തുടങ്ങിയവര്‍ അടക്കം ആറു പ്രതികളാണ് കേസിലുള്ളത്. വനിതാ എംഎല്‍എമാരുടെ മൊഴിയും രേഖപ്പെടുത്താന്‍ ആവശ്യം.

അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്ത് ഞങ്ങള്‍ക്ക് എതിരെ മാത്രമായിരുന്നു കേസെന്ന് ഇ പി ജയരാജന്‍. നിയമസഭയില്‍ യുഡിഎഫിന്റെ എംഎല്‍എമാര്‍ വലിയ അതിക്രമമാണ് കാണിച്ചത്. സ്ത്രീകള്‍ക്ക് നേരെ കൈയേറ്റം, എംഎല്‍എമാര്‍ക്ക് നേരെ കൈയേറ്റം. ശിവന്‍കുട്ടിക്കെതിരെ കൈയേറ്റം.

അങ്ങനെ കൈയേറ്റം നടത്തിയതിനെതിരെ പൂര്‍ണമായും നിരാകരിച്ച് ഏകപക്ഷീയമായി ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് നിയമസഭാ നടപടി ക്രമം അലങ്കോലപ്പെടുത്തി. അതിന്റെ മേലെ പരാതികള്‍ പോയി. കേസിന്റെ തുടര്‍ച്ചയായാണ് കോടതിയില്‍ പോയതെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

Top