ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇടംകയ്യന്‍ സ്പിന്നര്‍; രജീന്ദര്‍ ഗോയല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇടംകയ്യന്‍ സ്പിന്നര്‍മാരില്‍ ഒരാളായ രജീന്ദര്‍ ഗോയല്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്ന ഗോയല്‍ കൊല്‍ക്കത്തയിലെ വസതിയിലാണ് അന്തരിച്ചത്.

ഇന്ത്യയ്ക്കായി കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരുടെ ഗണത്തില്‍ പരിഗണിക്കപ്പെടുന്ന താരമായിരുന്നു ഗോയല്‍. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന റെക്കോര്‍ഡ് ഇന്നും ഗോയലിന്റെ പേരിലാണ്. ആകെ 637 വിക്കറ്റുകള്‍ വീഴ്ത്തിയ ഗോയല്‍, പട്ടികയില്‍ രണ്ടാമതുള്ള മുന്‍ ഇന്ത്യന്‍ താരം എസ്. വെങ്കട്ടരാഘവനേക്കാള്‍ 107 വിക്കറ്റുകള്‍ കൂടുതല്‍ നേടിയിട്ടുണ്ട്.

ബിഷന്‍ സിങ് ബേദിയെന്ന ഇതിഹാസ സ്പിന്നറുടെ സമകാലികനായതാണ് ഗോയലിന് തിരിച്ചടിയായത്. ക്രിക്കറ്റിലെ ആജീവനാന്ത മികവിനുള്ള സി.കെ.നായുഡു പുരസ്‌കാരം നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് 2017ല്‍ ആദരിച്ചിരുന്നു. ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം ദേശീയ ജൂനിയര്‍ ടീമിന്റെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി. ഹരിയാന സിലക്ഷന്‍ കമ്മിറ്റിയുടെയും അധ്യക്ഷനായിരുന്നു.

ബേദിയുടെ രാജവാഴ്ചക്കാലത്ത് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കാതെ പോയ ഗോയല്‍ ഹരിയാനയുടെ താരമായിരുന്നു. 750 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളുമായാണു ഗോയല്‍ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചത്. അതില്‍ 637 വിക്കറ്റും രഞ്ജി ട്രോഫിയില്‍ നിന്നായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റുവേട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് ഗോയലിനു സ്വന്തം.

1942ല്‍ ഹരിയാനയിലെ നര്‍വാനയില്‍ ജനിച്ച രജീന്ദര്‍ ഗോയല്‍ ഇടംകൈ ബോളറും വലംകൈ ബാറ്റ്‌സ്മാനുമായിരുന്നു. 59 ഇന്നിങ്‌സുകളില്‍ അഞ്ചുവിക്കറ്റ് നേട്ടവും 18 മല്‍സരങ്ങളില്‍ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 44 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പട്യാലയ്ക്കുവേണ്ടി കളിച്ചുതുടങ്ങിയ താരം പിന്നീട് സതേണ്‍ പഞ്ചാബ്, ഡല്‍ഹി ടീമുകള്‍ക്കുവേണ്ടിയും പന്തെറിഞ്ഞു. 73 മുതല്‍ ഹരിയാനയുടെ വിശ്വസ്ത ബോളറായി.

സിലോണിനെതിരെ 1964ല്‍ അഹമ്മദാബാദില്‍ നടന്ന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ഗോയല്‍ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. 83ല്‍ ബോംബെയ്‌ക്കെതിരെ രഞ്ജി സെമിഫൈനലില്‍ ചന്ദ്രകാന്ത് പണ്ഡിറ്റിനെ പുറത്താക്കിയാണ് ഗോയല്‍ 600 വിക്കറ്റുകള്‍ തികച്ചത്. 1984-85 സീസണില്‍ 39 വിക്കറ്റുകള്‍ നേടിയശേഷമായിരുന്നു അദ്ദേഹം വിരമിച്ചത്.

Top