നാമജപ ഘോഷയാത്രയില്‍ എന്‍എസ്എസിനെതിരായ കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ നടത്തിയ നാമജപ ഘോഷയാത്രയില്‍ എന്‍എസ്എസിനെതിരെ കന്റോമെന്റ് പൊലീസെടുത്ത കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശം. നാമജപഘോഷയാത്ര നടത്തിയവര്‍ പൊതു മുതല്‍ നശിപ്പിച്ചിട്ടില്ല. സ്പര്‍ദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല. ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാമെന്നാണ് കന്റോമെന്റ് പൊലീസിന് ലഭിച്ച നിയമോപദേശം. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. മനുവാണ് നിയമോപദേശം നല്‍കിയത്.

എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവര്‍ക്കെതിരെയെടുത്ത കേസ് പിന്‍വലിക്കണമെന്ന് നേരത്തെ എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാന്‍ നീക്കം നടത്തുന്നത്. അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.

 

Top