ഡിജിപിക്കെതിരായ പരാമര്‍ശം ; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കാന്‍ അനുമതി

തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കാന്‍ അനുമതി.

ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേഹ്ത്തയാണ് അനുമതി നല്‍കിയത്.

പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലറിന്റെ പേരിലാണു മുല്ലപ്പള്ളി ഡിജിപിയെ വിമര്‍ശിച്ചിരുന്നത്.

ഡിജിപി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാമർശം മാനഹാനി ഉണ്ടാക്കുന്നതാണെന്നും പൊതുജനങ്ങൾക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നും പൊലീസ് സേനയുടെ ധാർമികതയെ തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമ നടപടിയുമായി മുന്നോട്ടുപോകാൻ ബെഹ്റ സർക്കാരിന്റെ അനുമതി തേടിയത്. 2019 ഏപ്രിൽ 14നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഡിജിപിക്കെതിരായ പരാമർശം നടത്തിയത്.

Top