ജോഗിയുടെ സ്മൃതി മണ്ഡപത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്ന സംഘത്തിനെതിരെ നിയമനടപടി; ഗോത്ര മഹാസഭ

കല്‍പ്പറ്റ: മുത്തങ്ങ സമര രക്തസാക്ഷി ജോഗിയുടെ സ്മൃതി മണ്ഡപത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്ന സംഘത്തിനെതിരെ നിയമനടപടികള്‍ക്കൊരുങ്ങി ആദിവാസി ഗോത്ര മഹാസഭ. പണപ്പിരിവ് നടത്തുന്ന സ്‌നേഹക്കൂട് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ഗോത്ര സമൂഹസമിതിയുടെയും പേരില്‍ പൊലീസ് കേസെടുക്കണമെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാക്കളായ സി കെ ജാനു എം ഗീതാനന്ദന്‍ ജോഗിയുടെ മകന്‍ ശിവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജെ ആര്‍ പി മുന്‍ ട്രഷര്‍ പ്രസീത അഴീക്കോടും ചില സാമൂഹിക വിരുദ്ധ സംഘവും ആണ് ഇത്തരത്തില്‍ പണപ്പിരിവ് നടത്തുന്നതെന്നാണ് ആദിവാസി ഗോത്ര മഹാസഭയുടെ ആരോപണം. ഇവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ക്ക് ഒപ്പം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഗോത്ര മഹാ സഭയുടെ തീരുമാനം.ചാലിഗദ ഊര് നിവാസികളുടെയോ ജോഗിയുടെ കുടുംബതിന്റെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് പണപ്പിരിവ് നടത്തുന്നത്. മുത്തങ്ങ ഭൂസമരവുമായി പണപ്പിരിവ് നടത്തുന്നവര്‍ക്ക് യാതൊരു ബന്ധവുമില്ല. നിലവില്‍ ഒരു സ്മൃതി മണ്ഡപം മുത്തങ്ങയില്‍ ഉണ്ടെന്നും വ്യാജമായ രീതിയില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമാണ് ഇതെന്നും ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു പറഞ്ഞു.

2003ലെ മുത്തങ്ങ ആദിവാസി സമരത്തില്‍ രക്തസാക്ഷിയായ ജോഗിയുടെ പേരില്‍ സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിന് സ്‌നേഹക്കൂട് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ഗോത്ര സമൂഹസമിതിയുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്നാണ് ആദിവാസി ഗോത്ര മഹാ സഭയുടെ ആരോപണം.

Top