എതിരാളികളെ തകർത്തെറിഞ്ഞ് ഇടതുപക്ഷത്തിന്റെ വമ്പൻ തേരോട്ടം

പ്രതിസന്ധിയിലും പതറാതെ ജനങ്ങളെ നയിച്ച പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റിന്റെ നേതൃപാടവത്തിനും, ചുവപ്പ് രാഷ്ട്രീയത്തിനുമുള്ള അംഗീകാരമാണ് കേരളം ഇപ്പോൾ നൽകിയിരിക്കുന്നത്. കുപ്രചരണങ്ങളെയും അപവാദകഥകളേയും തള്ളിയ ജനം നേരിന്റെ രാഷ്ട്രീയത്തിനൊപ്പമാണ് തങ്ങളെന്നാണ് ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ പറ്റിയ തെറ്റാണ് ഇവിടെ തിരുത്തപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ സകല കുത്തക മാധ്യമങ്ങളും മുഖ്യമന്ത്രി പിണറായി വിജയനോടും, അദ്ദേഹത്തിന്റെ സർക്കാറിനോടും, ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും മാപ്പ് പറയാനാണ് തയ്യാറാകേണ്ടത്.

ചാനൽ സ്റ്റുഡിയോയിലിരുന്ന് നിങ്ങൾ പടച്ചുവിട്ട കള്ളങ്ങളാണ് ജനവിധിയിലൂടെ, ഇവിടെ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ , അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മരുമകൻ, തുടങ്ങി ഒടുവിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ വരെ മാധ്യമങ്ങൾ വേട്ടയാടി.കേന്ദ്ര ഏജൻസികൾ ചോർത്തി തരുന്ന വാർത്തകൾ നിങ്ങൾ വിഭവമാക്കി, പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾക്ക് വസ്തുതകളുടെ പിൻബലം നൽകാൻ ബോധപൂർവ്വമായ ഇടപെടലുകളുണ്ടായി, തീർന്നില്ല, വോട്ടെടുപ്പ് നടക്കുന്ന ഘട്ടത്തിൽ പോലും വ്യാജ പ്രചരണങ്ങൾ അഴിച്ച് വിട്ട്വോട്ടർമാരിൽ തെറ്റിധാരണ പടർത്താനും ശ്രമമുണ്ടായി. ഒടുവിൽ ഇതിനെല്ലാം ചേർത്ത് ഇപ്പോൾ ജനങ്ങൾ നിങ്ങൾക്കും ഒരു മറുപടി തന്നിരിക്കുകയാണ്. അതാണ് ഇടതുപക്ഷത്തിന്റെ ഈ മഹാവിജയം.

മാധ്യമ പ്രവർത്തകരാണ് എന്നു കരുതി എന്ത് പറഞ്ഞാലും അത് , വെള്ളം തൊടാതെ വിഴുങ്ങുന്നവരല്ല പ്രബുദ്ധരായ കേരള ജനതയെന്ന് ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിയണം. ഒരു നുണ, പല ആവർത്തി പറഞ്ഞാൽ, അത് സത്യമാകുമെന്ന ഗീബൽസിയൻ സിദ്ധാന്തമൊന്നും കേരളത്തിൽ വിലപ്പോവുകയില്ല. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ ഉഴുത് മറിച്ച് പാകപ്പെടുത്തിയ മണ്ണാണിത്.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഏറ്റുമുട്ടിയത് മൂന്ന് ശക്തികളോടാണ്. ഈ പോരാട്ടത്തിൽ, കേന്ദ്ര ഏജൻസികൾ ബി.ജെ.പിക്കൊപ്പവും, കുത്തക മാധ്യമങ്ങൾ യു.ഡി.എഫിന് ഒപ്പവുമായിരുന്നു. ഇടതുപക്ഷത്തോടൊപ്പം ഉണ്ടായത് ജനങ്ങൾ മാത്രമാണ്.അവരാണിപ്പോൾ മാധ്യമ രാഷ്ട്രീയത്തെയും തിരുത്തിയിരിക്കുന്നത്.

നിഷ്പക്ഷത എന്ന ഒരു പക്ഷമില്ലന്ന് ഒരിക്കൽ കൂടി മാധ്യമങ്ങൾ തെളിയിച്ച തിരഞ്ഞെടുപ്പാണിത്. നാളെയും നിങ്ങൾ അത് തുടരും, കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ പത്രാധിപരുള്ള കേരളത്തിൽ നിന്നും കൂടുതലൊന്നും ഇടതുപക്ഷവും പ്രതീക്ഷിക്കരുത്. അവർ നാളെയും പുതിയ കഥകളുമായി വരും, ചാനൽ സ്റ്റുഡിയോകളിൽ ഇരുന്ന് വിചാരണകളും തുടരും, മുതലാളിയുടെ താൽപ്പര്യങ്ങളാണ് ഇങ്ങനെ വാക്കുകളായി പുറത്ത് വരുന്നത്. കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിൽ നിന്നും പുറത്ത് പോകണം എന്നാഗ്രഹിക്കുന്നവരിൽ ഇപ്പോൾ വൻകിട കോർപ്പറേറ്റുകളും ഉണ്ട്. കെ. ഫോൺ ഉൾപ്പെടെയുള്ള പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾ ഏറ്റെടുത്താലുള്ള പ്രത്യാഘാതം ഗുരുതരമാകുമെന്ന് അവർ തിരിച്ചറിയുന്നു.

തങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിത്തുകൾ മുളക്കാതിരിക്കാൻ, അത്, നുള്ളി കളയുക എന്നത് കോർപ്പറേറ്റ് ശൈലിയാണ്. പ്രതിപക്ഷത്തെയും കുത്തക മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നതും ഇതു തന്നെയാണ്. ഈ താൽപ്പര്യങ്ങൾ അറിയാതെ പെട്ട് പോകുന്ന മാധ്യമ പ്രവർത്തകരോട് സഹതപിക്കുകയേ നിവൃത്തിയൊള്ളൂ, ഇന്ത്യ ഇന്നിപ്പോൾ, കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന രാജ്യമായി മാറി കൊണ്ടിരിക്കുകയാണ്. അന്നം തരുന്ന കർഷകരെ തെരുവിൽ കിടത്തിയ നടപടി തന്നെ, ഇതിൻ്റെ സൂചനയാണ്.

അംബാനിമാരുടെയും അദാനിമാരുടെയും താൽപ്പര്യങ്ങൾക്ക് വേണ്ടി, പാവം കർഷകരുടെ ജീവിതമാണ് തകർക്കപ്പെടുന്നത്. ഇതൊരിക്കലും അനുവദിച്ച് കൂടാ, ഈ കാടൻ നിയമത്തിനെതിരായ പ്രതിഷേധം കൂടിയായി കേരളത്തിലെ വിധി എഴുത്തിനെ നാട് വിലയിരുത്തണം.രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും കാവിയണിയിക്കാൻ ഒരു പക്ഷേ ബി.ജെ.പിക്ക് കഴിഞ്ഞേക്കും. എന്നാൽ, കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം ഉള്ളടത്തോളം അത്  സാധ്യമാവുകയില്ല. ഹൈദരാബാദിൽ പോലും ഞെട്ടിക്കുന്ന മുന്നേറ്റം നടത്തിയ ബി.ജെ.പിക്ക്, ഞെട്ടിക്കുന്ന തിരിച്ചടി തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇപ്പോൾ കിട്ടിയിരിക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ കേന്ദ്രമന്ത്രിയും സുരേഷ് ഗോപിയും എല്ലാം തമ്പടിച്ച് പ്രവർത്തിച്ചിട്ടും അവിടെ പാറിയിരിക്കുന്നത് ചെങ്കൊടിയാണ്. ഇത് കേന്ദ്ര സർക്കാറിനുള്ള വ്യക്തമായ സന്ദേശമാണ്. കേന്ദ്ര ഏജൻസികളെ വച്ച് ‘കളിച്ചാൽ’ ജയിക്കാൻ, ഇത് കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനമല്ല, ഇടതുപക്ഷ കേരളമാണ്. ഇവിടെ നയിക്കാൻ നട്ടെല്ലുള്ള നായകനും വികസന പദ്ധതികളുമുണ്ട്. ഈ മണ്ണ് ഇനിയും ചുവന്ന് തന്നെ ഇരിക്കും.

Top