ഉന്നതവിദ്യാഭ്യാസ മേഖലയെ ഇടത് സര്‍ക്കാര്‍ സര്‍വനാശത്തിലേയ്ക്ക് നയിക്കുന്നു; കെ.സുരേന്ദ്രന്‍

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ സിപിഎമ്മും ഇടത് സര്‍ക്കാരും സര്‍വ്വനാശത്തിലേയ്ക്ക് നയിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തെ ലോകത്തിന് മുമ്പില്‍ നാണംകെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. വ്യാജരേഖ ചമച്ച് ജോലി നേടുന്ന കേസുകളും പരീക്ഷ എഴുതാതെ പാസാവുന്ന കേസുകളും കേരളത്തിലെ പല കോളേജുകളിലും നടക്കുന്നുണ്ട്. വ്യാജരേഖകള്‍ ഉണ്ടെങ്കില്‍ ഏത് കോളേജിലും ഏത് കോഴ്‌സും പഠിക്കാമെന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദഫലമായിട്ടാണ് സീറ്റ് കൊടുക്കുന്നതെന്ന് കോളേജ് അധികൃതര്‍ തന്നെ പറയുകയാണ്. പരാതി കൊടുത്ത ഒരു കേസിലും നടപടിയെടുക്കാന്‍ കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും സാധിക്കുന്നില്ല. സിപിഎമ്മിന്റെ ഇടപെടലാണ് ഇതിന് കാരണം. ഉന്നതവിദ്യാഭ്യാസ മന്ത്രി ജോലി നേടിയത് മതിയായ രേഖയില്ലാതെയാണ്. അവരെ തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല തകര്‍ക്കുകയാണ് സര്‍ക്കാരെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ക്കുന്നവര്‍ക്കെതിരെ 27 ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ ബിജെപി പ്രതിഷേധിക്കും. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമരം നടക്കും. രാഷ്ട്രീയത്തിന് അതീതമായി ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ബിജെപി നേതൃത്വം നല്‍കും. ഈ കാര്യത്തില്‍ ലഭ്യമായ തെളിവുകളുമായി കേന്ദ്ര മാനവവിഭവ വകുപ്പിനെ സമീപിക്കും. നിയമവഴിയിലൂടെയും ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

 

Top