left youth leaders against mohanlal

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരെ ഇടത് സംഘടനകള്‍ നിലപാട് കടുപ്പിക്കാനൊരുങ്ങുന്നു.

ഒരു നടനെന്ന നിലയില്‍ കേരളീയ പൊതു സമൂഹം ലാലിന് നല്‍കിയ ആദരം ദുരുപയോഗം ചെയ്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് ‘കുട’ പിടിക്കുന്ന നീക്കമാണ് ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.

ബ്ലോഗ് എഴുത്തെന്ന പേരില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഇതിന്റെ തെളിവാണെന്നാണ് അവര്‍ ചൂണ്ടികാണിക്കുന്നത്.

മോദിയുടെ നോട്ട് അസാധുവാക്കലിനെ അനുകൂലിച്ചെഴുതിയ ബ്ലേഗിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് ഈ മാസം പതിവ് തെറ്റിച്ച് ബ്ലോഗ് എഴുത്തുമായി ലാല്‍ രംഗത്ത് വന്നിരുന്നില്ല.

എന്നാല്‍ ഇത് പ്രതിഷേധം ഭയന്നല്ലന്ന് വ്യക്തമാക്കുന്നതിനായി ദേശീയഗാന വിവാദത്തില്‍ ഇടപെട്ട് കഴിഞ്ഞ ദിവസം ലാല്‍ വീണ്ടും രംഗത്ത് വന്നിരുന്നു.

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനടക്കം പ്രകടിപ്പിച്ച അഭിപ്രായപ്രകടനങ്ങളെ തള്ളിയാണ് ലാല്‍ തന്റെ അഭിപ്രായ പ്രകടനം നടത്തിയത്.

ദേശീയഗാന വിവാദത്തില്‍ മോഹന്‍ലാലിന്റെ നിലപാടിനെതിരെ രംഗത്ത് വന്നില്ലങ്കിലും മറ്റ് രാഷ്ട്രീയ കാര്യങ്ങളില്‍ ലാല്‍ ഇനി ഇടപെട്ടാല്‍ വിവരമറിയുമെന്ന് തന്നെയാണ് ഇടത് സംഘടന നേതൃത്വം വ്യക്തമാക്കുന്നത്.

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, എഐവൈഎഫ്, എഐഎസ്എഫ് സംഘടനകളിലെ ബഹുഭൂരിപക്ഷത്തിനും ലാലിന്റെ കാവി പ്രേമത്തില്‍ കടുത്ത എതിര്‍പ്പാണ് ഉള്ളത്

ബിജെപി-ആര്‍എസ്എസ് അനുഭാവികള്‍ മാത്രം കാണുകയാണെങ്കില്‍ ലാലിന്റെ ഒരു സിനിമയും നിലം തൊടില്ലന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നാണ് മുന്നറിപ്പ്.

കലയെയും കലാകാരന്‍മാരെയും രാഷ്ട്രീയത്തിന് അതീതമായി കാണാനാണ് ഇടത്പക്ഷം ആഗ്രഹിക്കുന്നതെന്നും പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണെന്നുമാണ് ഇടത് സംഘടനാപ്രവര്‍ത്തകരുടെ നിലപാട് .

ലാല്‍ തുടര്‍ന്നും മോദി പ്രേമം കാണിക്കുകയാണെങ്കില്‍ ലാലിന്റെ ഫാന്‍സ് അസോസിയേഷനുകളിലെ ബഹുഭൂരിപക്ഷം വരുന്ന ഇടത് അനുഭാവികള്‍ ഗുഡ്‌ബൈ പറയുമെന്ന മുന്നറിയിപ്പ് പല ഫാന്‍സ് അസോസിയേഷന്‍ ഘടകങ്ങളിലും ഇതിനകം ഉയര്‍ന്നതായും സൂചനയുണ്ട്.

നിലപാട് മാറ്റിയില്ലങ്കില്‍ സംഘടിതമായി സോഷ്യല്‍മീഡിയ വഴിയും മറ്റും വ്യാപകമായ ക്യാംപെയിന്‍ തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Top