ഇടത് മതേതര ചേരിക്ക് സി.പി.എം നീക്കം, പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം തീരുമാനം

sitaram yechuri

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ മതേതര പാര്‍ട്ടികളുടെ സഖ്യം രൂപപ്പെടുത്താന്‍ ഇടതുപക്ഷ നീക്കം.

ഹൈദരാബാദില്‍ ചേരുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം മതേതര പാര്‍ട്ടികളുടെ സംയുക്ത വേദിയുണ്ടാക്കാനാണ് നീക്കം.

കോണ്‍ഗ്രസ്സ് ഇതര മതേതര പാര്‍ട്ടികള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചതായാണ് യു .പി ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്ര മോഡല്‍ കര്‍ഷക സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് നേട്ടം കൊയ്യാമെന്നാണ് സി.പി.എം കണക്കുകൂട്ടല്‍.

കര്‍ഷക സമരത്തിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം തൊഴിലാളികളുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സി.പി.എമ്മിന് ഗുണം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സി.പി.എമ്മിന് വലിയ സ്വാധീനം ഒന്നും അവകാശപ്പെടാനില്ലാതിരുന്ന സംസ്ഥാനത്ത് വന്‍ ജനക്കൂട്ടത്തെ തെരുവിലിറക്കി നടത്തിയ സമരം വിജയിപ്പിക്കാന്‍ കഴിഞ്ഞത് മഹാരാഷ്ട്രയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയും ഞെട്ടിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ നിന്ന് ലോക് സഭ തിരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റം ഇത്തവണ പാര്‍ട്ടി കാഴ്ചവയ്ക്കുമെന്നാണ് സി.പി.എം-കിസാന്‍ സഭ നേതാക്കള്‍ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നത്.

സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പല പ്രമുഖ സംഘടനകളും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ത്രിപുരയില്‍ ഭരണം നഷ്ടമായെങ്കിലും വലിയ വോട്ടു വിഹിതം (45%) ഇടതുപക്ഷത്തിന് നേടാന്‍ കഴിഞ്ഞതിനാല്‍ ലോക് സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള രണ്ട് സീറ്റില്‍ ഒരു സീറ്റ് നിഷ്പ്രയാസം പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ സി.പി.എമ്മിനുണ്ട്.

തെലങ്കാനയിലെ കര്‍ഷക സമരം വലിയ ജനമുന്നേറ്റമായത് ആ സംസ്ഥാനത്തും സി.പി.എമ്മിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

തമിഴ് നാട്ടില്‍ കമല്‍ ഹാസന്‍ ഡി.എം.കെയുമായി ‘ധാരണയുണ്ടാക്കിയാല്‍’ വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് സി.പി.എം കരുതുന്നത്. ഡി.എം.കെ നേതാവ് സ്റ്റാലിനുമായി ഇക്കാര്യം സി.പി.എം നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്.

ഡി.എം.കെയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ കമല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലങ്കിലും രജനി രംഗത്തിറങ്ങുന്നതോടെ നിലപാട് മാറ്റം കമലിന് ഉണ്ടാകുമെന്ന് കണ്ടാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്.

സി.പി.എമ്മുമായും ആം ആദ്മി പാര്‍ട്ടിയുമായും സഹകരിക്കാന്‍ തയ്യാറാണ് എന്ന കാര്യം മാത്രമാണ് കമല്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

മുന്നണി ശിഥിലമായ യു.ഡി.എഫിന് പ്രഹരം ഏല്‍പ്പിച്ച് കേരളത്തില്‍ നിന്ന് 15 സീറ്റില്‍ ഇടതുപക്ഷത്തിന് വിജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

45 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ബംഗാളില്‍ എന്ത് മമത തരംഗമുണ്ടായാലും ഇത്തവണ 15 ല്‍ കുറയാത്ത സീറ്റ് അവിടെയും പിടിക്കുമെന്ന് സി.പി.എം ബംഗാള്‍ ഘടകം കേന്ദ്ര നേതൃത്വത്തിന് ഉറപ്പു നല്‍കിയിട്ടുണ്ടത്രെ. ഇതിന് ആവശ്യമായ പ്രാദേശിക നീക്കുപോക്കുകള്‍ ബംഗാളില്‍ രൂപപ്പെടുത്തുവാനാണ് ആലോചന.

ബീഹാറില്‍ ആര്‍.ജെ.ഡി, ഒറീസയില്‍ നവീന്‍ പട്‌നായിക്ക്, യു.പി യില്‍ സമാജ് വാദി പാര്‍ട്ടി, പഞ്ചാബിലും ഹരിയാനയിലും ആം ആദ്മി പാര്‍ട്ടി എന്നിവയുമായി യോജിച്ച് ചില സീറ്റുകളില്‍ ധാരണയുണ്ടാക്കാനും സി.പി.എം നേതൃത്വം തയ്യാറായേക്കും.

രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ഷക സമരം കത്തിച്ച് അതുവഴി നേട്ടമുണ്ടാക്കാനും പൊതു സമ്മതരെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കാനുമാണ് പദ്ധതി.

മഹാരാഷ്ട്രയിലെ സമര വിജയത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം കര്‍ഷക വിഭാഗമായ കിസാന്‍ സഭയാണ് ജനകീയ മുന്നേറ്റത്തിന് പദ്ധതി തയ്യാറാക്കുന്നത്. യു.പി യില്‍ തലസ്ഥാനമായ ലക്‌നൗവിലേക്ക് ഇതിനകം തന്നെ കര്‍ഷക മാര്‍ച്ച് പ്രഖ്യാപിച്ചു കഴിഞ്ഞു.

സി.പി.എം കര്‍ഷക മുന്നേറ്റം നടത്തുന്ന സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് സി.പി.എമ്മുമായി സഹകരിച്ച് പോവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

40 സീറ്റെങ്കിലും ലോക്‌സഭയില്‍ നേടാന്‍ കഴിഞ്ഞാല്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ‘കറുത്ത’ കുതിരയാവാന്‍ സി.പി.എമ്മിനു കഴിയും. പ്രത്യേകിച്ച് യു.പി യില്‍ അടക്കം പ്രാദേശിക ചേരികള്‍ മുന്നേറ്റം ഉണ്ടാക്കുന്ന പുതിയ സാഹചര്യത്തില്‍.Related posts

Back to top