മോദിയുടെ തട്ടകത്തിൽ ചുവപ്പ് മുന്നേറ്റം, കാവി പടയെ വിറപ്പിച്ച് എസ്.എഫ്.ഐ

ന്യൂഡല്‍ഹി: സി.പി.എമ്മിനെ കേരളത്തില്‍ മാത്രമായി ഒതുക്കി എന്ന് അവകാശപ്പെടുന്നവര്‍ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി എസ്.എഫ്.ഐ.

പോണ്ടിച്ചേരി സര്‍വകലാശാലാ യൂണിയന്‍ ഭരണം പിടിച്ചതിന് തൊട്ട് പിന്നാലെ ജെ.എന്‍.യു സര്‍വ്വകലാശാലാ യൂണിയനും എസ്.എഫ്.ഐ ഇപ്പോള്‍ പിടിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ കാമ്പസുകളിലെ എസ്.എഫ്.ഐ വളര്‍ച്ചയില്‍ ആശങ്കപ്പെട്ടിരിക്കുന്ന സംഘ പരിവാറിനെയും കോണ്‍ഗ്രസ്സിനെയും ഞെട്ടിക്കുന്നതാണ് ഈ മഹാ വിജയം.

വന്‍ ഭൂരിപക്ഷത്തിന് കേന്ദ്ര ഭരണം പിടിച്ച മോദിയുടെ മൂക്കിന് താഴെ ഇന്ദ്രപ്രസ്ഥത്തില്‍ ഇനി ചോദ്യം ചെയ്യാന്‍ ഒരു പെണ്‍കൊടിയുണ്ടാകം.ഐഷി ഘോഷ് എന്ന ഈ എസ്.എഫ്.ഐ പ്രവര്‍ത്തകയാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജെ.എന്‍.യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റാകുന്നത്. ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഐഷി വിജയചരിത്രമെഴുതിയിരിക്കുന്നത്.

എ.ബി.വി.പി പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന് ഒദ്യോഗിക ഫലം പ്രഖ്യാപനം സെപ്തംബര്‍ 17 വരെ ഡല്‍ഹി ഹൈക്കോടതി തടഞ്ഞിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥി മനസ്സ് ഇതിനകം തന്നെ പുറത്തായി കഴിഞ്ഞു.

വൈസ് പ്രസിഡന്റായി എസ്എഫ്‌ഐ സഖ്യത്തിലെ സാകേത് മൂണ്‍ (ഡിഎസ്എഫ്) 1800 ലേറെ വോട്ടുകള്‍ക്കും. ജനറല്‍ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ്(ഐസ) ആയിരത്തിലേറെ വോട്ടുകള്‍ക്കും ജോയിന്റ് സെക്രട്ടറിയായി മുഹമദ് ഡാനിഷ്(എഐഎസ്എഫ്) 1600 ലേറെ വോട്ടുകള്‍ക്കും മുന്നിലെത്തിയതായി അവസാന വട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 5762 വിദ്യാര്‍ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ വൈകിപ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ ബോധപൂര്‍വ്വം ശ്രമിച്ചതായ പരാതിയുയര്‍ന്നുവന്നിരുന്നു. എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മനീഷ് ജാന്‍ഗിഡ്, വൈസ് പ്രസിഡന്റായി ശ്രുതി അഗ്നിഹോത്രി, ജനറല്‍ സെക്രട്ടറിയായി സബരീഷ് പിഎ, ജോ. സെക്രട്ടറിയായി സുമന്ദ കുമാര്‍ സാഹു എന്നിവരാണ് മത്സരിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജിതേന്ദ്ര സുന (ബിഎപിഎസ്എ), പ്രശാന്ത് കുമാര്‍ (എന്‍എസ്യുഐ), പ്രിയങ്ക ഭാരതി (ഛത്ര ആര്‍ജെഡി ) രാഘവേന്ദ്ര മിശ്ര (സ്വതന്ത്രന്‍) എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു. സംഘപരിവാറിന്റെ വ്യാപകമായ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് ഇടതുസഖ്യം വീണ്ടും ജെഎന്‍യുവിനെ ചുവപ്പിച്ചിരിക്കുന്നത്.

ജെ.എന്‍.യു സര്‍വ്വകലാശാലയിലെ ചുവപ്പ് പ്രതിഷേധങ്ങള്‍ എന്നും സംഘപരിവാറിനെ അസ്വസ്ഥപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെയാണ് ഈ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കിയിരുന്നത്.

മുന്‍ സര്‍വ്വകലാശാലാ യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ കടുത്ത മോദി വിമര്‍ശനത്തിലൂടെ രാജ്യത്ത് താരമായി വളര്‍ന്ന യുവനേതാവാണ്.

ബി.ജെ.പിക്കും മോദിക്കും എതിരായ കനയ്യയുടെ പ്രതിഷേധങ്ങള്‍ അദ്ദേഹത്തെ ജയിലിലടക്കപ്പെടുന്നതില്‍ വരെ എത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ കാമ്പസിലാണ് വീണ്ടും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ മേധാവിത്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാജ്യ തലസ്ഥാനത്തെ ഈ പ്രധാന കാമ്പസിലെ എ.ബി.വി.പി വിജയത്തിനു വേണ്ടി ബി.ജെ.പി ദേശീയ നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിരുന്നെങ്കിലും കാവി രാഷ്ട്രീയത്തെ വീണ്ടും ജെ.എന്‍.യു തിരസ്‌ക്കരിച്ചിരിക്കുകയാണ്. എസ്.എഫ്.ഐയെ സംബന്ധിച്ച് ഏറെ അഭിമാനം നല്‍കുന്ന മുന്നേറ്റമാണ് ഡല്‍ഹിയില്‍ നടത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ ചുവപ്പ് പ്രത്യേയശാസ്ത്രത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലന്നതില്‍ സി.പി.എമ്മിനും ഇനി അഭിമാനിക്കാം.

Top