ബീഹാറിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇടതുപക്ഷത്തിനാണ് ഏറെ ഗുണം ചെയ്യാന്‍ പോകുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച ഇടതുപാര്‍ട്ടികളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കുന്ന ഒരു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനാണ് ആര്‍.ജെ.ഡിയും തയ്യാറെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്സിനു സംസ്ഥാനത്തുള്ള 19 എം.എല്‍.എമാരില്‍ 14 പേരും ബി.ജെ.പി പാളയത്തില്‍ എത്തിയ പശ്ചാത്തലത്തില്‍ ലോകസഭ സീറ്റുനിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ്സിനു വലിയ പരിഗണന നല്‍കേണ്ടതില്ലന്ന നിലപാടിലാണ് ആര്‍.ജെ.ഡിയുള്ളത്. ഇടതുപാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമായതിനാല്‍ ആര്‍. ജെ.ഡി സഖ്യത്തിന് വേഗതയേറുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ബെഗുസരായ്, പാടലീപുത്ര, മധുബനി എന്നിങ്ങനെ ഒരു ഡസനോളം ലോകസഭ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് അതിശക്തമായ വേരോട്ടമാണുള്ളത്. ഇതിനു പുറമെ, മറ്റു മിക്ക മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യവും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ട്. ‘ ഇടതുപക്ഷം എക്കാലവും ജനങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവരും… സമരങ്ങള്‍ നയിക്കുന്നവരുമാണെന്നാണ് ‘ തേജസ്വിയാദവിന്റെ രാഷ്ട്രീയ ഉപദേശകനായ മനോജ് ഝാ പറയുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളെ കാര്യമായി പരിഗണിക്കണമെന്ന വാദം ശക്തമായി ഉയര്‍ത്തുന്നതും ഇദ്ദേഹം തന്നെയാണ്.
ലോകസഭ തിരഞ്ഞെടുപ്പില്‍, ജെ.ഡി.യുവിന്റെയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും അവസരവാദ രാഷ്ട്രീയത്തെ തുറന്നുകാട്ടി പ്രചരണം നടത്താനാണ് ആര്‍.ജെ.ഡിയും – ഇടതു പാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഈ സഖ്യത്തിന്റെ ഭാഗമാണെങ്കിലും പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിക്കുക ഇടതുപാര്‍ട്ടികളാണ്. സി.പി.ഐ.എം.എല്‍ , സി.പി.എം , സി. പി. ഐ എന്നീ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെട്ടതാണ് ഇടതുപക്ഷ സഖ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 27സീറ്റുകളില്‍ 19 സീറ്റുകളിലും ചെങ്കൊടിയാണ് പാറിയിരുന്നത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് 19 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോഴാണ് ആര്‍.ജെ.ഡിയെ പോലും ഞെട്ടിച്ച പ്രകടനം ഇടതുപാര്‍ട്ടികള്‍ കാഴ്ചവച്ചിരുന്നത്.
ബീഹാറിന്റെ ഗ്രാമങ്ങളില്‍ ഇപ്പോഴും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുള്ള സ്വാധീനമാണ് ഈ സീറ്റ് വര്‍ദ്ധനവിലൂടെ പ്രകടമായിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പു ഫലം വന്ന ഉടനെ തന്നെ, കോണ്‍ഗ്രസ്സിനു നല്‍കിയ സീറ്റുകള്‍ ഇടതുപാര്‍ട്ടികള്‍ക്ക് വീതിച്ചു നല്‍കിയാല്‍ മതിയായിരുന്നെന്ന ചിന്താഗതി തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള ആര്‍.ജെ.ഡി നേതാക്കള്‍ക്കു പോലും ഒരുഘട്ടത്തില്‍ ഉണ്ടായിരുന്നു. നിതീഷ് കുമാറിന്റെ ജെ.ഡി.യു, ബി.ജെ.പി സഖ്യത്തില്‍ ഉണ്ടായിട്ടു പോലും, ഏതാനും സീറ്റുകള്‍ മാത്രമാണ് കൂടുതലായി എന്‍.ഡി.എക്ക് ലഭിച്ചിരുന്നത്.
അന്ന്… കോണ്‍ഗ്രസ്സ് മത്സരിച്ച മണ്ഡലങ്ങളിലെ പരാജയമാണ് യഥാര്‍ത്ഥത്തില്‍… ആര്‍. ജെ. ഡി സഖ്യത്തിന് ഭരണം നഷ്ടപ്പെടുത്തിയിരുന്നത്. ആ ചരിത്രം ലോകസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാന്‍ സീറ്റ് നിര്‍ണ്ണയത്തില്‍ തന്നെ കൂടുതല്‍ ജാഗ്രത പാലിക്കാനാണ് ആര്‍. ജെ.ഡി തീരുമാനിച്ചിരിക്കുന്നത്.എന്‍.ഡി.എ സഖ്യത്തില്‍ നിന്നും അടര്‍ന്നു വന്ന നിതീഷ് കുമാറുമായി ചേര്‍ന്ന്, സര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്നത് ചരിത്രപരമായ മണ്ടത്തരമായാണ് , ഇപ്പോള്‍ ആര്‍. ജെ. ഡി വിലയിരുത്തുന്നത്. നിതീഷ് കുമാറിനും ജെ.ഡിയുവിനും കനത്ത പ്രഹരം നല്‍കാന്‍ , ഇതിനകം തന്നെ , അനുയായികളോട് തേജസ്വി യാദവ് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ വീണതിന് പിന്നാലെ… ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരായ ഇഡിയുടെ കുരുക്കും ഇപ്പോള്‍ കൂടുതല്‍ മുറുകിയിട്ടുണ്ട്. ലാലു പ്രസാദിനെയും തേജസ്വിയെയും കുടുക്കാനാണ് നീക്കം നടക്കുന്നതെന്നാണ് ആര്‍. ജെ.ഡി ആരോപിക്കുന്നത്. 42 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ നിലംതൊടില്ലെന്ന തിരിച്ചറിവിലാണ് വീണ്ടും നിതീഷ് കുമാറിനെ ഒപ്പംകൂട്ടാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നത്. എന്‍.ഡി.എ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി നീതിഷ് കുമാര്‍ അധികാരമേറ്റെടുത്തെങ്കിലും അദ്ദേഹത്തിന്റെയും ജെ.ഡി.യുവിന്റെയും വിശ്വാസ്യതയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ലോകസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമോ എന്ന ഭയം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ഉണ്ട്.
ജെ.ഡി.യു ഉള്ള ആര്‍.ജെ.ഡി സഖ്യത്തേക്കാള്‍ ഭയക്കേണ്ടത് ജെ.ഡി.യു ഇല്ലാത്ത ആര്‍.ജെ.ഡി സഖ്യത്തെ ആണെന്നാണ് ബി.ജെ.പി കരുതുന്നത്. അതുകൊണ്ട് കൂടിയാണ് ഇ.ഡിയെ ഇറക്കി ലാലുവിനെയും തേജസ്വിയെയും ‘പൂട്ടാനുള്ള’ ശ്രമവും ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. വലയില്‍ കുരുക്കി നിസഹായരാക്കുക എന്നതു തന്നെയാണ് തന്ത്രം. ഇ.ഡിയുടെ ഇപ്പോഴത്തെ നീക്കം . . . ഡല്‍ഹിയില്‍ ആലോചിച്ചുറപ്പിച്ച തിരക്കഥ പ്രകാരമാണെന്നാണ് ആര്‍. ജെ.ഡി നേതൃത്വം ആരോപിക്കുന്നത്. ആര്‍.ജെ.ഡി നേതൃത്വം ഒന്നടങ്കം ജയിലിലായാലും ബീഹാറിലെ പ്രതിപക്ഷ മുന്നണിയുടെ പ്രചരണം നയിക്കാന്‍ , ഇടതുപാര്‍ട്ടികള്‍ ഉള്ളടത്തോളം ബി.ജെ.പിയുടെ അജണ്ട എന്തു തന്നെ ആയാലും, അത് പൊളിക്കുമെന്നാണ് ഇടതു നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നത്.
EXPRESS KERALA VIEW