പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും പ്രക്ഷോഭത്തിന് ഇടതുപക്ഷം, ഉറച്ച നിലപാടില്ലാതെ ‘അവിടെയും’ കോൺഗ്രസ്സ് !

റെ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണമായ പൗരത്വ നിയമഭേദഗതി ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ സകല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ശക്തമായ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചതോടെ വെട്ടിലായ കോണ്‍ഗ്രസ്സിനെ കൂടുതല്‍ വെട്ടിലാക്കുന്ന നീക്കം കൂടിയാണിത്. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്ന അഭിപ്രായം ശക്തമായുളള കോണ്‍ഗ്രസ്സില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കണമെന്ന അഭിപ്രായമുള്ള നേതാക്കളും നിരവധിയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തു തന്നെ ഏറ്റവും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്ന രാഷ്ട്രീയ വിഭാഗം ഇടതുപക്ഷമാണ്. കാമ്പസുകളിലും തെരുവുകളിലും എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള ഇടതുസംഘടനകള്‍ നടത്തിയ പ്രതിഷേധത്തിനു നേരെ വലിയ രൂപത്തിലുളള അടിച്ചമര്‍ത്തലുകളും ഭരണകൂടത്തിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ഭാഗത്ത് നിന്നും ഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ശക്തമായാണ് ഇടതു സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടു പോയിരുന്നത്.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് സംഘടനകളും പ്രതിഷേധത്തില്‍ ഏറെ സജീവമായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇടതുപക്ഷം സൃഷ്ടിച്ച മനുഷ്യ ശ്യംഖലയിലാകട്ടെ ലക്ഷക്കണക്കിന് ജനങ്ങളാണ് അണിനിരന്നിരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അണിനിരന്ന പ്രതിഷേധവും ഇതു തന്നെയാണ്. ഇതേ തുടര്‍ന്ന് വെട്ടിലായ കേരളത്തിലെ യു.ഡി.എഫ് നേതൃത്വം പിന്നീട് പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യ ഭൂപുടം തീര്‍ത്ത് രംഗത്ത് വന്നെങ്കിലും അതൊരു നനഞ്ഞ പടക്കമായാണ് മാറിയിരുന്നത്.

കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ മനുഷ്യശ്യംഖല തീര്‍ത്ത് കേന്ദ്ര സര്‍ക്കാറിനെ ഞെട്ടിച്ച ഇടതു പാര്‍ട്ടികള്‍ തൊട്ടു പിന്നാലെ ഈ നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടു വന്നതും രാജ്യം കണ്ട അസാധാരണ കാഴ്ചയായിരുന്നു. ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച നീക്കമായിരുന്നു ഇത്. പിണറായി സര്‍ക്കാര്‍ കൊണ്ടു വന്ന പ്രമേയം കേരള നിയമസഭ പാസാക്കിയ ശേഷം മാത്രമാണ് ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പോലും ഈ മാതൃക പിന്തുടര്‍ന്നിരുന്നത്. രാഷ്ട്രീയമായി ബി.ജെ.പിക്കു മാത്രമല്ല കോണ്‍ഗ്രസ്സിനെ സംബന്ധിച്ചും ഈ നീക്കം വലിയ തിരിച്ചടി തന്നെയായിരുന്നു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ അന്നും വ്യക്തമായ നിലപാടു സ്വീകരിക്കാതെ ഇരുട്ടില്‍ തപ്പുമ്പോഴാണ് ധീരമായ നിലപാട് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ്സ് ശക്തമായി രംഗത്തിറങ്ങുന്നില്ല എന്ന പരാതി ആ പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ അന്നും ഇന്നും ശക്തമാണ്. ഈ വികാരം നിലനില്‍ക്കെ തന്നെയാണ് രാമക്ഷേത്ര ഉദ്ഘാടന ക്ഷണനത്തിലും കോണ്‍ഗ്രസ്സില്‍ രണ്ടഭിപ്രായം രൂപം കൊണ്ടിരിക്കുന്നത്. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ തന്നെ അത് നിരസിച്ച ഏക പാര്‍ട്ടി സി.പി.എം ആണ്. സീതാറാം യെച്ചൂരി നിലപാട് പ്രഖ്യാപിച്ച ശേഷം മാത്രമാണ് ആര്‍.ജെ.ഡിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ഉള്‍പ്പെടെ സമാന നിലപാട് സ്വീകരിച്ചിരുന്നത്. എന്നിട്ടും ഇതുവരെ കോണ്‍ഗ്രസ്സ് അവരുടെ നിലപാട് പ്രഖ്യാപിച്ചിട്ടില്ലന്നതും ശ്രദ്ധേയമാണ്.

മൃദു ഹിന്ദുത്വത്തെ പുല്‍കുന്ന കോണ്‍ഗ്രസ്സ് നിലപാട് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വി.എം സുധീരന് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്. എന്നാല്‍ വിമര്‍ശനം ഉന്നയിച്ച സുധീരനെ അടിച്ചിരുത്താനാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പോലും ശ്രമിച്ചിരിക്കുന്നത്. വല്ലാത്തൊരു അവസ്ഥ തന്നെയാണിത്. ഇപ്പോള്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചതും കോണ്‍ഗ്രസ്സിനു വലിയ വെല്ലുവിളിയാണ്. ഇനിയും ഇക്കാര്യത്തില്‍ മുസ്ലിംന്യൂനപക്ഷ വിഭാഗത്തിന് ബോധ്യപ്പെടുന്ന നിലപാട് കോണ്‍ഗ്രസ്സ് സ്വീകരിച്ചില്ലങ്കില്‍ ആ പാര്‍ട്ടി വലിയ പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തുക. കോണ്‍ഗ്രസ്സിന്റെ ചിറകിനടിയില്‍ കിടക്കുന്ന മുസ്ലിംലീഗിനും സ്വന്തം സമുദായത്തോട് മറുപടി പറയേണ്ടി വരും.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള ചട്ടങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. പൗരത്വത്തിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും നിലവില്‍ വരും. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി 2014 ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിന് മുന്‍പോ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസത്യന്‍, സിഖ്, പാഴ്‌സി, ജയിന്‍, ബുദ്ധിസ്റ്റ് വിഭാഗങ്ങള്‍ക്കാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാവുന്നത്. ലഭിക്കുന്ന രേഖകള്‍ കേന്ദ്രം നിയോഗിക്കുന്ന സമിതി തന്നെ പരിശോധിച്ചാണ് പൗരത്വം നല്‍കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക. കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ് ഘട്ട്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പൗരത്വ നിയമഭേദഗതിയില്‍ എതിര്‍പ്പറിയിച്ചിരുന്നതിനാല്‍ നിയമ പോരാട്ടവും ഉറപ്പാണ്.

2019 ഡിസംബര്‍ 11നാണ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയിരുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി. മുസ്ലിങ്ങളെ ഇതില്‍ പരിഗണിക്കില്ലന്നതാണ് പ്രതിഷേധത്തിന് കാരണമായിരുന്നത്. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

എന്നാല്‍, ബില്‍ പാസാക്കിയെങ്കിലും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. മുസ്ലീം വിഭാഗത്തെ ഒഴിവാക്കിയതിലെ പ്രക്ഷോഭം രാജ്യവ്യാപകമായി കടുത്തതോടെയാണ് തല്‍ക്കാലത്തേക്ക് കേന്ദ്രസര്‍ക്കാര്‍ തുടര്‍ നടപടികളില്‍ നിന്നും പിന്‍മാറിയിരുന്നത്. ലോകസഭ തിരഞ്ഞെടുപ്പു മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ വീണ്ടും ഫയല്‍ അവര്‍ സജീവമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് ഇടതു പാര്‍ട്ടികളും വീണ്ടും തയ്യാറെടുക്കുന്നത്.

കോണ്‍ഗ്രസ്സിനും ഉടനെ തന്നെ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടിവരും. ഇന്ത്യാ സഖ്യത്തിലെ മറ്റു പാര്‍ട്ടികളുടെ നിലപാടും നിര്‍ണ്ണായകമാണ്. പുതിയ സാഹചര്യത്തില്‍ കേന്ദ്ര അവഗണനക്കെതിരെ ജനുവരി 20ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിന് എതിരായ പ്രക്ഷോഭമായി മാറിനാണ് സാധ്യത. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ലക്ഷക്കണക്കിന് യുവതീയുവാക്കളെ ഉള്‍പ്പെടെ രംഗത്തിറക്കിയാണ് ഡി.വൈ.എഫ്.ഐ മനുഷ്യ ചങ്ങല തീര്‍ക്കാനൊരുങ്ങുന്നത്.

EXPRESS KERALA VIEW

Top