‘ബിആർഎസ് വഞ്ചിച്ചു’: ഇടതുപാർട്ടികൾ തെലങ്കാനയിൽ കോൺഗ്രസ് മുന്നണിയിലേക്ക്

ന്യൂഡൽഹി : ബിആർഎസ് വഞ്ചിച്ചതോടെ, കോൺഗ്രസിനൊപ്പം നിൽക്കുകയല്ലാതെ തെലങ്കാനയിൽ ഇടതു പാർട്ടികൾക്കു മറ്റുവഴിയില്ല. കഴിഞ്ഞവർഷം നടന്ന മുനുഗോഡ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ വെല്ലുവിളി നേരിടാൻ ബിആർഎസിന് ഇടതു പാർട്ടികളെ ആശ്രയിക്കേണ്ടിവന്നു. 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ബിആർഎസ് വിജയിച്ചതോടെ സഖ്യം തുടരുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു പരസ്യമായി പ്രഖ്യാപിച്ചതുമാണ്. സിപിഎം, സിപിഐ ദേശീയ നേതാക്കൾക്കു സംസ്ഥാനത്തു കെസിആർ വൻസ്വീകരണമൊരുക്കി.

എന്നാൽ, ആകെയുള്ള 119 ൽ 115 ഇടത്തും ബിആർഎസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇടതു പാർട്ടികൾ പെട്ടു. അവിഭക്ത ആന്ധ്രയായിരിക്കെ 2004 ലാണു മുൻപ് ഇടതു പാർട്ടികൾ കോൺഗ്രസിനൊപ്പം മത്സരിച്ചത്. അന്ന് കെസിആറും ഈ സഖ്യത്തിലായിരുന്നു.

ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ലെങ്കിലും സിപിഐ കോൺഗ്രസുമായി ധാരണയിലെത്തിയെന്നാണു വിവരം. സിപിഎമ്മിനെ അനുനയിപ്പിക്കാൻ ഇപ്പോഴും കോൺഗ്രസിനായില്ല. മുനുഗോഡ സീറ്റിനു വേണ്ടി സിപിഐ ബലംപിടിച്ചെങ്കിലും കോത്തഗുഡെം, ചെന്നൂർ മണ്ഡലങ്ങൾ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം പിന്നീടേ ഉണ്ടാകൂ.

മിരിയാലഗുഡ മണ്ഡലം കോൺഗ്രസ് സിപിഎമ്മിനു നൽകും. ഖമ്മം ജില്ലയിലെ ഭദ്രാചലം, മഥിര, പലൈർ എന്നീ മണ്ഡലങ്ങളിലൊന്നു കൂടി വേണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ഇതിനോടു കോൺഗ്രസിനുള്ളിൽ വിയോജിപ്പുണ്ട്. ഭദ്രാചലവും മഥിരയും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. 5 വീതം സീറ്റുകളാണ് ഇരുപാർട്ടികളും പ്രതീക്ഷിച്ചിരുന്നത്.

Top