ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. സിപിഐഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐഎംഎല്‍ എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.

വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പ്രക്ഷോഭം. ഈ മാസം 16 മുതല്‍ 30വരെ പ്രതിഷേധ പരിപാടികള്‍ നടത്തും. സംസ്ഥാനതല പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. കൊവിഡ് ദുരന്തത്തില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകേണ്ട കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇന്ധനവില അടിക്കടി വര്‍ധിപ്പിച്ച് ജനജീവിതം കൂടുതല്‍ ദുഃസഹമാക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ദേശ വ്യാപക പ്രതിഷേധമെന്ന് ഇടത് പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അവശ്യ മരുന്നുകളുടെയും അവശ്യസാധനങ്ങളുടെയും വില നിയന്ത്രിക്കണം, അഞ്ച് കിലോ ഭക്ഷ്യധാന്യ കിറ്റിന് പകരം 10 കിലോ കിറ്റ് നല്‍കുക, കരിഞ്ചന്ത തടയുക, ആദായ നികുതി പരിധിയില്‍പ്പെടാത്തവര്‍ക്ക് 7500 രൂപ നേരിട്ട് നല്‍കുക, തുടങ്ങിയ ആവശ്യങ്ങളും ദേശ വ്യാപക പ്രക്ഷോഭത്തിന്റെ മുദ്രാവാക്യമാണ്.

സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, തുടങ്ങിയ ഗുരുതര പ്രതിസന്ധികളിലൂടെ രാജ്യം കടന്നു പോകവെയാണ് കൂടുതല്‍ ദുരിതം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെന്ന് ഇടത് പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സമരമെന്ന് സംയുക്ത പ്രസ്താവനയില്‍ പാര്‍ട്ടികള്‍ വ്യക്തമാക്കി.

 

Top