ലോകസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് ഇടതുപാര്‍ട്ടികള്‍

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് ഇടതുപാര്‍ട്ടികള്‍. ഇന്ന് രാവിലെ തുടങ്ങിയ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് സ്ഥാനാര്‍ത്ഥി നിര്‍ണയ നടപടികള്‍ക്ക് തുടക്കം കുറിക്കും. നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും സ്ഥാനര്‍ത്ഥികളെ കണ്ടെത്താനുളള ചര്‍ച്ചകളിലേക്ക് കടന്നേക്കും. സിപിഐ സ്ഥാനാര്‍ത്ഥികളെ യഥാസമയം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

ഈ മാസം പകുതിയോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുളള സിപിഐഎം നാളെത്തെ യോഗത്തില്‍ നടപടിയിലേക്ക് കടന്നേക്കും.15 സീറ്റില്‍ മത്സരിക്കുന്ന പാര്‍ട്ടിക്ക് പലയിടത്തും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളില്ല. ആലപ്പുഴയില്‍ സിറ്റിങ്ങ് എംപിയെ മത്സരിപ്പിക്കുന്നതിനെ ചൊല്ലി ഭിന്നതയുമുണ്ട്. മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി നാളെ എല്‍ഡിഎഫ് നേതൃയോഗം ചേരുന്നുണ്ട്.

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന പതിവ് രീതി മാറ്റി നേരത്തെ അവതരിപ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് സിപിഐ. പാര്‍ട്ടി മത്സരിക്കുന്ന തൃശൂര്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ച് യുഡിഎഫും ബിജെപിയും മുന്നോട്ടുപോകുന്നത് കൊണ്ടാണ് ഈ ആശയക്കുഴപ്പം. സാമ്പ്രദായിക രീതി മാറ്റി നേരത്തെ പ്രഖ്യാപനം വേണമെന്ന് കഴിഞ്ഞ എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേ സ്ഥാനാര്‍ത്ഥി ചര്‍ച്ചയിലേക്ക് കടക്കാനാവൂ.

Top