കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് ഇടത് എംപിമാര്‍

കോഴിക്കോട്: സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ സംഭരണം-വിതരണം സംബന്ധിച്ച് സര്‍വകക്ഷി യോഗത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെന്ന് ഇടത് എംപിമാര്‍. ഇപ്പോള്‍ പറയുന്ന ഡോസിന് 2500 രൂപയെന്ന ഏകദേശ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ലെന്ന് എം.വി.ശ്രേയാസ് കുമാര്‍ എംപി പറഞ്ഞു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് ശേഷം എളമരം കരീമീനോടൊപ്പം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വാക്സിന്റെ ഉത്പാദനം സംബന്ധിച്ച് തങ്ങള്‍ക്ക് ആശങ്കയില്ല. അതേ സമയം വാക്സിന്‍ വിതരണം എങ്ങനെ എന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. ആഴ്കള്‍ക്കുള്ളില്‍ കോവിഡ് വാക്സിന്‍ എത്തുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അത് എങ്ങനെ സംഭരിക്കുമെന്നോ വിതരണം ചെയ്യുമെന്നോ മറ്റു കാര്യങ്ങളോ സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയില്ലെന്നും ഇടത് എംപിമാര്‍ അറിയിച്ചു.

ആദിവാസികള്‍ക്ക് ഉള്‍പ്പടെ ഇപ്പോള്‍ പറഞ്ഞ് കേള്‍ക്കുന്ന വില അപ്രാപ്യമാണ്. ഒരാള്‍ക്ക് രണ്ട് ഡോസെടുക്കുമ്പോള്‍ 5000 മുതല്‍ 6000 രൂപ വരെയാകുമെന്നും എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കണമെന്നും ശ്രേയാംസ് കുമാര്‍ എംപി ആവശ്യപ്പെട്ടു.

Top