പാര്‍ലമെന്റ് സ്തംഭനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഇടതുപക്ഷ എം പിമാര്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഇടതുപക്ഷ എം പിമാര്‍. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതെന്ന് ഇടത് എംപിമാര്‍ ആരോപിക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങളോട് ഒരു മര്യാദയും ഇല്ലാതെയാണ് ഇരുസഭകളിലും കേന്ദ്രം പെരുമാറുന്നത്. പ്രതിപക്ഷ പ്രതിഷേധം അവസരമാക്കി ബില്ലുകള്‍ പാസാക്കിയെടുക്കുന്നു. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയാണ് കേന്ദ്രമെന്നും ഇടത് എം.പിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബില്ലുകളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ പ്രതിപക്ഷ എംപിമാരുടെ മൈക്ക് ഓഫ് ചെയ്യുന്നു. പെഗാസസ് വിഷയം അടക്കം പ്രതിപക്ഷം ഉന്നയിച്ച ഒരു വിഷയവും ചര്‍ച്ചക്കെടുക്കാന്‍ ഭരണപക്ഷം തയ്യാറാവുന്നില്ല. പ്രതിപക്ഷ ബഹളം ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമായി ഭരണപക്ഷം കാണുന്നു. ഗുരുതരമായ സാഹചര്യമാണ് പാര്‍ലമെന്റിനകത്ത്.

മാധ്യമപ്രവേശനം ലംഘിച്ചതോടെ അകത്ത് നടക്കുന്ന കാര്യങ്ങള്‍ പുറംലോകം അറിയുന്നില്ല. സഭ ടിവി പലപ്പോഴും നിര്‍ത്തിവെക്കുന്നു. ഇത് പൗരാവകാശ ലംഘനമാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി ഇതിനെതിരെ നിലകൊള്ളും. പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസിന് ഇങ്ങോട്ടും വരാം. പാര്‍ലമെന്റിലെ വിഷയത്തില്‍ ഒന്നിച്ച് നിക്കാം എന്നാണ് രാഹുല്‍ ഗാന്ധിയുടെ യോഗത്തില്‍ തീരുമാനിച്ചതെന്നും ഇടത് എംപിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top