ഇടതു എംപിമാരുടെ മണിപ്പുരിൽ സന്ദർശനം തുടരുന്നു; ഇന്ന് ചുരാചന്ദിൽ

ഇംഫാൽ : രണ്ട് മാസമായി സംഘർഷം തുടരുന്ന മണിപ്പുരിലെ കലാപ ബാധിത പ്രദേശങ്ങളിൽ ഇടതുപക്ഷ എംപിമാരുടെ സംഘം ഇന്നും സന്ദർശനം നടത്തി. സിപിഐ എം എംപിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ് രജ്ഞൻ ഭട്ടാചാര്യ , സിപിഐ എംപിമാരായ സന്തോഷ് കുമാർ, സുബ്ബരായൻ എന്നിവരാണ് സംഘത്തിലുള്ളത്. കലാപത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ എംപിമാർ സന്ദർശിച്ചു. ചുരാചന്ദ്പൂരിലുള്ള കുക്കി വിഭാഗത്തിന്റെ ക്യാമ്പുകളിലും സന്ദർശിച്ചു.

ഇന്നലെ മണിപ്പുരിലെത്തിയ സംഘം ഇംഫാലിലെ മെയ്തേയ് വിഭാഗത്തിന്റെ അഭയാർത്ഥി ക്യാമ്പുകളിലാണ് ആദ്യമെത്തിയത്. കലാപത്തിൽ ഇരയായവരെ നേരിൽ കണ്ട് വിഷമങ്ങൾ കേട്ട എംപിമാർ ക‍ഴിയാവുന്നതെല്ലാം ചെയ്യാമെന്നും ഉറപ്പു നൽകി. ഇന്ന് ഹെലികോപ്ടർ മാർഗമാണ് ചുരാചന്ദ്പൂരിലെത്തിയത്.

അതേസമയം കലാപബാധിത മേഖലകളിൽ റോഡുകളിൽ കാറുകൾ തടഞ്ഞു നിർത്തി സ്ത്രീകൾ പരിശോധന നടത്തുന്നുണ്ട്. മരങ്ങളും മറ്റും റോഡുകളിൽ മുറിച്ചിട്ട് തടസം സൃഷ്ടിച്ചാണ് പരിശോധന.

ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമിനോയെ സന്ദർശിച്ച സംഘം ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഡ്യവും പിന്തുണയും അറിയിച്ചു. മണിപ്പൂർ മുഖ്യമന്ത്രിയുടെ ഇടപെടലുകൾ പക്ഷപാതപരമാണെന്നും മണിപ്പുരിൽ ഭരണസംവിധാനം പൂർണമായും തകർന്നെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് എംപിമാരുടെ സംഘം മണിപൂരിലെത്തിയത്. ആയിരക്കണക്കിന് ആൾക്കാരാണ് മണിപ്പുരിൽ വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്.

Top