സിനിമാ സ്‌റ്റൈല്‍ പരീക്ഷണവുമായി ഇടതുപക്ഷം, മാസ് പോസ്റ്ററുകള്‍ . . !

പ്രക്ഷോഭ രംഗത്ത് മാത്രമല്ല പ്രചരണ രംഗത്തും വ്യത്യസ്തത പുലര്‍ത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. തദ്ദേശ തിരഞ്ഞെടുപ്പിലും ആ വ്യത്യസ്തത ഇപ്പോള്‍ പ്രകടമാണ്. തിരുവനന്തപുരം വഞ്ചിയൂര്‍ ഡിവിഷനിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഗായത്രി ബാബുവിന്റെ പോസ്റ്ററിലെ ക്യാപ്ഷന്‍ ഇതിനകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ”ചിലതിന്റെ തുടര്‍ച്ചയാണ് ചിലതിന്റെ തുടക്കവും’ എന്ന ഈ ക്യാപ്ഷന്‍ ബി.ജെ.പി ഉപയോഗിച്ചത് ഏറെ വിവാദമായിരുന്നു. സി.പി.എം നേതാവ് ഐ.പി ബിനു ഫെയ്‌സ് ബുക്കിലൂടെയാണ് കാവിപ്പടയെ പരിഹസിച്ചിരുന്നത്. ഇത് പിന്നീട് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്യുകയുണ്ടായി.

ബി.ജെ.പി ജില്ലാ പ്രസിഡന്റായ വി.വി രാജേഷിന്റെ തിരഞ്ഞെടുപ്പ് പോസ്റ്റിലാണ് സി.പി.എം സ്ഥാനാര്‍ത്ഥിയുടെ വാചകം കയറി കൂടിയിരുന്നത്. ബി.ജെ.പിക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്. പോസ്റ്റര്‍ ഡിസൈനുകളിലും വാചകങ്ങളിലും വേറിട്ട ശൈലിയാണ് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പിന്തുടരുന്നത്.

സോഷ്യല്‍ മീഡിയകളിലെ പ്രചരണ രീതിയും സംഘടിതമാണ്. ബി.ജെ.പിയും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ പതിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് സൈബര്‍ പ്രചരണത്തില്‍ ഏറെ പിന്നോക്കം പോയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പഴയപോലെ വലിയ ആഘോഷമൊന്നും ഇത്തവണയില്ല. സോഷ്യല്‍ മീഡിയ തന്നെയാണ് എല്ലാവരുടെയും പ്രധാന പ്രചരണായുധം.

കവലകളിലും നഗരങ്ങളിലും വാഹനങ്ങളിലുമെല്ലാം സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്. പോസ്റ്ററുകളിലും ‘വിപ്ലവ’കരമായ മാറ്റമാണ് ഇത്തവണ സി.പി.എം കൊണ്ടു വന്നിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ മത്സരരംഗത്തുള്ള സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് ഈ പരീക്ഷണം.

സ്ഥാനാര്‍ത്ഥിയുടെ മാനറിസങ്ങള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് ബേഡഡുക്കയില്‍ സിപിഎം പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ചില പോസ്റ്ററുകള്‍ സിനിമാ പോസ്റ്ററുകളെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ മറ്റുള്ളവ സ്ഥാനാര്‍ത്ഥിയുടെ ജീവിത സാഹചര്യങ്ങളാണ് കാട്ടിത്തരുന്നത്. എല്ലാ പോസ്റ്ററുകള്‍ക്കും വോട്ടറോട് ഒരു കഥ പറയാനുണ്ടാകും. അതു തന്നെയാണ് ഈ പോസ്റ്ററുകളിലെ വ്യത്യസ്തയും. ജനങ്ങളെ നല്ല രൂപത്തില്‍ ആകര്‍ഷിക്കാന്‍ ഈ പോസ്റ്ററുകള്‍ക്ക് നിലവില്‍ കഴിയുന്നുണ്ട്.

Top