പൊരുതാൻ വിദ്യാർത്ഥി പോരാളികളെ രംഗത്തിറക്കി ഇടതുപക്ഷ ഇടപെടൽ

ദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രം രചിച്ച് എസ്.എഫ്.ഐ.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഏറ്റവും കൂടുതൽ വിദ്യാർത്ഥി നേതാക്കൾ മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്.എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗമായ അഭിജിത്ത്, അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. മറ്റൊരു സംസ്ഥാന കമ്മറ്റി അംഗമായ നവ്യ, കോടനാട് പഞ്ചായത്തിലേക്കും, എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മറ്റി അംഗമായ മീനാക്ഷി, മൂവാറ്റുപുഴ നഗരസഭയിലേക്കുമാണ് മത്സരിക്കുന്നത്.ഇതു പോലെ വിവിധ ജില്ലകളിലായി, നിരവധി എസ്.എഫ്.ഐ പ്രവർത്തകരാണ് മത്സരരംഗത്തുള്ളത്.കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ്, രാജ്യത്തെ തന്നെ ഏറ്റവും അധികം വിദ്യാർത്ഥികൾ മത്സരിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയായാണ് മാറാൻ പോകുന്നത്.

ഈ അവസരം വിദ്യാർത്ഥി സമൂഹത്തിന് നൽകിയതാകട്ടെ, സി.പി.എമ്മാണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും ഇടതുപക്ഷത്താണുള്ളത്. 2020 നവംബർ 18 ന് 21 വയസ്സ് പൂർത്തിയാകുന്ന, രേഷ്മ മറിയം റോയിയാണ് ഈ സ്ഥാനാർത്ഥി. കോന്നി അരുവാപുലം പഞ്ചായത്തിലെ, പതിനൊന്നാം വാർഡ് സ്ഥാനാർത്ഥിയായ രേഷ്മ, എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. രേഷ്മ ഉൾപ്പെടെ 40 ഓളം വിദ്യാർത്ഥി നേതാക്കളാണ്, മത്സര രംഗത്തുള്ളത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നൽകിയ പരിഗണനക്ക് പുറമെയാണ്, വലിയ തോതിൽ എസ്.എഫ്.ഐ പ്രവർത്തകരെയും സി.പി.എം പരിഗണിച്ചിരിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രിയത്തെ കുട്ടിക്കളിയായല്ല, ഗൗരവമായി തന്നെയാണ് സി.പി.എം നോക്കി കാണുന്നത് എന്ന് വ്യക്തം. കാമ്പസുകളിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി, എസ്.എഫ്.ഐയെ മാറ്റിയതിനുള്ള അംഗീകാരം കൂടിയാണിത്.

പ്രതിപക്ഷ പാർട്ടികളെ പോലും അത്ഭുതപ്പെടുത്തിയ സ്ഥാനാർത്ഥി നിർണ്ണയമാണിത്. വിദ്യാർത്ഥി പ്രാതിനിത്യം പോയിട്ട്, യുവ പ്രാതിനിത്യം പോലും, കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികൾ, പോഷക സംഘടനകൾക്ക് നിലവിൽ നൽകിയിട്ടില്ല. ഇതു സംബന്ധമായി വലിയ ആഭ്യന്തര സംഘർഷമാണ്, പ്രതിപക്ഷ പാർട്ടികളിൽ നടന്നുകൊണ്ടിരിക്കുന്നത്. യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു, യൂത്ത് ലീഗ്, എം.എസ്.എഫ് , യുവമോർച്ച, എ.ബി.വി.വി സംഘടനകളുടെ വിവിധ ഘടകങ്ങളിലാണ് പ്രതിഷേധം വ്യാപകമായിരിക്കുന്നത്. യൂണിറ്റ് ഭാരവാഹികൾ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ കലിപ്പിലാണ്. സി.പി.എമ്മിനെ ചൂണ്ടിക്കാട്ടിയാണ്, ഇവരെല്ലാം സ്വന്തം പാർട്ടികളിൽ കലാപക്കൊടി ഉയർത്തുന്നത്. എന്തുകൊണ്ടാണ് തങ്ങൾക്ക് പരിഗണന നൽകാത്തതെന്ന ഇവരുടെ ചോദ്യത്തിന്, പ്രതിപക്ഷ നേതാക്കൾക്കും, വ്യക്തമായ മറുപടിയില്ലാത്ത അവസ്ഥയാണുള്ളത്.

ചീമുട്ടയെറിയുവാനും, പോസ്റ്റർ ഒട്ടിക്കാനും, സൈബർ പോരാളികളാകാനും, വെള്ളംകോരാനും, വിറകുവെട്ടികളാകാനും, മാത്രമുള്ളവരാണോ തങ്ങളെന്ന ചോദ്യമാണ്, ഇവരുയർത്തുന്നത്.അതേ സമയം, കേരളത്തിലെ കാമ്പസുകളിൽ, എതിരാളികളെ നിഷ്പ്രഭരാക്കിയ കരുത്തുമായാണ്, എസ്.എഫ്.ഐ പ്രവർത്തകർ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ അങ്കത്തട്ടിലേക്കും, ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്.തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന ആര്യ രാജേന്ദ്രൻ, നിലവിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗമാണ്. ചെമ്പഴന്തി വാർഡിൽ നിന്നും മത്സരിക്കുന്ന പി മഹാദേവനാകട്ടെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗവുമാണ്. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിലെ സജീവ എസ്.എഫ്.ഐ പ്രവർത്തകയായ, ഗായത്രി ബാബു, വഞ്ചിയൂർ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്.

ഫീസ് വർദ്ധനയ്‌ക്കെതിരെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നടന്ന സമരത്തിൻ്റെ ഭാഗമായി, ദിവസങ്ങളോളം പൊലീസിന്റെ കരുതൽ തടങ്കലിലും ഗായത്രിക്ക് കഴിയേണ്ടി വന്നിരുന്നു. ഇടവ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന റിയാസ് വഹാബ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. കിളിമാനൂർ ഏരിയാ കമ്മറ്റി അംഗമായ അജ്മൽ മത്സരിക്കുന്നത് പഴയകുന്നുമ്മേൽ പഞ്ചായത്തിലേക്കാണ്.എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം എം ശിവ പ്രസാദ് മുതുകുളം ബ്ലോക്ക് പഞ്ചായത്തിലേക്കാണ് മാറ്റുരയ്ക്കുന്നത്.മാരാരിക്കുളം ഏരിയാ ജോ സെക്രട്ടറി അശ്വനി അശോക്, ആര്യാട് പഞ്ചായത്തിലെ പതിനേഴാം വാർഡിലാണ് മത്സരിക്കുന്നത്. തലശ്ശേരി നഗരസഭയിലെ അൻപതാം വാർഡിൽ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡൻ്റ് എം.കെ ഹസ്സനാണ് മത്സരിക്കുന്നത്.

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കുഞ്ഞിമംഗലം ഡിവിഷനിൽ സി.പി.ഷിജുവാണ് മത്സര രംഗത്തുള്ളത്.നിലവിൽ അദ്ദേഹം എസ്.എഫ്.ഐ ജില്ലാ പ്രസിഡൻ്റാണ്.എസ്.എഫ്.ഐ തിരുവല്ല ഏരിയ ജോയിൻ്റ് സെക്രട്ടറി റിക്കു മോനി വർഗ്ഗീസ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലും ജനവിധി തേടുന്നുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷനിൽ, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം രഹന സബീനയും, എടയൂർ ഡിവിഷനിൽ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റംഗം സക്കീറുമാണ് മത്സരിക്കുന്നത്. മംഗലം ഡിവിഷനിൽ നിന്നും സംസ്ഥാന കമ്മറ്റി അംഗം ഇ. അഫ്സലാണ് മത്സരിക്കുന്നത്. എടവണ്ണ ഡിവിഷനിൽ ചിപ്പി സുരേഷാണ് സ്ഥാനാർത്ഥി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അറവങ്കര ഡിവിഷനിൽ നിന്നും, എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം ടി.വി ഷബീബ് മലൂഫാണ് മത്സരിക്കുന്നത്. ഏലംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ സ്ഥാനാർത്ഥി എ.കെ നീരാജയാണ്.

പാലക്കാട് തോലന്നൂർ ഗവൺമെൻ്റ് കോളജിലെ എസ്.എഫ്.ഐ നേതാവ് സൗദാ ഷാഫി, പതിനാറാം വാർഡിലും, കുഴൽ മന്ദം ഏരിയാ ജോ.സെക്രട്ടറി ജയരാജൻ, കോട്ടായി പഞ്ചായത്തിലെ പതിനാലാം വാർഡിലും ജനവിധി തേടുന്നുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് പെരുമുടിയൂർ ഡിവിഷനിൽ, എ.എൻ നീരജാണ് മത്സരിക്കുന്നത്. ഇദ്ദേഹം എസ്.എഫ്.ഐ പാലക്കാട് ജില്ലാ ജോയിൻ്റ് സെക്രട്ടറിയാണ്. ഇടുക്കി ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഷെഫിൻ ഷാജിയാണ് രംഗത്തുള്ളത്.കൊല്ലം നഗരസഭയിലേക്ക് എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം യു.പവിത്രയാണ് മത്സരിക്കുന്നത്. ജില്ലാ കമ്മറ്റി അംഗങ്ങളായ സച്ചിൻദാസ് മയ്യനാടും, അനന്തലക്ഷ്മി ,കടയ്ക്കൽ ഗ്രാമ പഞ്ചായത്തിലുമാണ് ജനവിധി തേടുന്നത്.എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി പി.അനന്തു മത്സരിക്കുന്നത് ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷനിലാണ്.എസ്.എഫ്.ഐ തൃശൂർ ജില്ലാ കമ്മറ്റി അംഗം ധനുഷ് കുമാർ, പുത്തൻ ചിറ ഗ്രാമപഞ്ചായത്തിലേക്കും ബി.എസ് ജോത്സന, കയ്പമംഗലത്തും മാറ്റുരയ്ക്കുന്നുണ്ട്.

എസ്.എഫ്.ഐ ഏരിയ ജോ. സെക്രട്ടറി ബോബിൻസ് ജോസഫ് പത്തനംതിട്ട ചെന്നീർക്കര ഗ്രാമപഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. നാദാപുരം ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ നിന്നും, പി.പി ഷഹറാസും, പയ്യോളി മുനിസിപ്പാലിറ്റിയിലേക്ക് എസ്.എഫ്.ഐ ഏരിയാ പ്രസിഡൻ്റ് സാന്ദ്ര സചീന്ദ്രനുമാണ് മത്സരിക്കുന്നത്. മികവുറ്റ ഒരു സ്ഥാനാർത്ഥി പട്ടികയാണ് ഇത്തവണ സി.പി.എം പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നൽകിയ ഈ വലിയ പരിഗണന, തിരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ.എതിരാളികളുടെ ചങ്കിടിപ്പിക്കുന്നതും ഈ ചെറുപ്പത്തിൻ്റെ സാന്നിധ്യം തന്നെയാണ്.

Top