‘ആ’ കണക്കുകളിൽ പ്രതീക്ഷയർപ്പിച്ച് കോട്ടയം ജില്ലയിൽ ഇടതുമുന്നണി . . .

യു.ഡി.എഫ് ശക്തി കേന്ദ്രമായി അറിയപ്പെടുന്ന ജില്ലയാണ് കോട്ടയം. എന്നാല്‍ വെറും രണ്ടര ശതമാനം വോട്ടുകള്‍ മാത്രം മറിക്കാനായാല്‍ കോട്ടയവും ഇത്തവണ ചുവക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഈ കണക്കില്‍ ഊന്നിയാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. ഇവിടെ ചുവപ്പിന് കരുത്താകുന്നത് ജോസ്.കെ മാണിയുടെ സാന്നിധ്യമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ഇടതുപക്ഷവും തമ്മിലുള്ള വോട്ടുവ്യത്യാസം അഞ്ചു ശതമാനത്തില്‍ താഴെയായിരുന്നു. ഈ വ്യത്യാസം മറികടക്കാന്‍ ജോസ് പക്ഷത്തിന്റെ സാന്നിധ്യം ശക്തിപകരുമെന്നാണ് ഇടതിന്റെ കണക്ക് കൂട്ടല്‍.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മൊത്തം പോള്‍ ചെയ്തിരുന്നത് 11,84,354 വോട്ടുകളാണ്. ഇതില്‍ 41.97 ശതമാനം വോട്ടുകള്‍ യു.ഡി.എഫും 37.03 ശതമാനം ഇടതുമുന്നണിയുമാണ് നേടിയിരുന്നത്. അതായത് ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം അഞ്ചു ശതമാനത്തിലും താഴെ മാത്രം എന്ന് വ്യക്തം. നിയമസഭ തെരഞ്ഞെടുപ്പിലും ഏതാണ്ട് ഈ വ്യത്യാസം തന്നെയാണ് ഉണ്ടായിരുന്നത്. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 39 ശതമാനമാണ് യു.ഡി.എഫിന് കിട്ടിയിരുന്നത്. ഇടതുമുന്നണിക്ക് 34.5 ശതമാനവും ബി.ജെ.പി.ക്ക് 12.93 ശതമാനവും വോട്ടുകളുമാണ് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്താകെ രാഹുല്‍ ‘എഫക്ടില്‍’ സംഭവിച്ചതായതിനാല്‍ കോണ്‍ഗ്രസ്സ് പോലും അതിപ്പോള്‍ കണക്കിലെടുക്കുന്നില്ല.

വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യമായാണ് ലോകസഭ ഫലം ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം, ലോകസഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്നും വിജയിച്ച തോമസ് ചാഴിക്കാടനും ജോസ് കെ മാണിക്കൊപ്പം ഇടതുപക്ഷത്താണ് നിലവിലുള്ളത്. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ വരവ് ഇടതുപക്ഷത്തിന് ആഹ്ലാദം നല്‍കുന്നത് കോട്ടയത്തെ ഈ കണക്കുകളിലാണ്. രണ്ടര ശതമാനം വോട്ട് മറിക്കാനായാല്‍ ജില്ലയിലെ ചിത്രമാണ് മാറുക. വലിയ നേട്ടമാണ് ഇടതുപക്ഷം ഇവിടെ ലക്ഷ്യമിടുന്നത്. ജോസ് എഫക്ട് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കൂടി പ്രതിഫലിച്ചാല്‍ മധ്യ തിരുവതാംകൂറിലെ യു.ഡി.എഫ് പ്രതീക്ഷകളാണ് തകര്‍ന്ന് തരിപ്പണമാകുക. എറണാകുളം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചില മേഖലകളിലും ജോസ്.കെ മാണി വിഭാഗത്തിന് ശക്തമായ വേരോട്ടമുണ്ട്.

ജോസഫ് വിഭാഗവുമായുള്ള തര്‍ക്കത്തില്‍ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്സായി അംഗീകരിക്കപ്പെട്ടതും രണ്ടില ചിഹ്നം ലഭിച്ചതും വലിയ ആവേശമാണ് ജോസ് വിഭാഗത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. വാരിക്കോരി ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കിയ കോണ്‍ഗ്രസ്സിനെ വെട്ടിലാക്കിയ ഉത്തരവാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. രണ്ടില ചിഹ്നത്തിന് പകരം ചെണ്ടയാണ് ഇലക്ഷന്‍ കമ്മിഷന്‍ ജോസഫ് വിഭാഗത്തിന് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിധി എതിരായാല്‍ ‘ചെണ്ടകൊട്ടി’ തന്നെ നടക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് ഈ വിഭാഗം. തിരിച്ചടി നേരിട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിലും ജോസഫ് വിഭാഗം തഴയപ്പെടും. കൂട്ട, കൂട് മാറ്റവും നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് ശരിയായില്ലെന്ന് കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം വീണാല്‍ വലിയ പൊട്ടിത്തെറിയാണ് യു.ഡി.എഫിനെ കാത്തിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടും. ഇപ്പോള്‍ തന്നെ ബാര്‍ കോഴയില്‍ ചെന്നിത്തല കുരുങ്ങിയത് യു.ഡി.എഫിനെ ശരിക്കും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഈ ആരോപണത്തില്‍ മുന്‍പ് അന്വേഷണം നടത്തി അവസാനിപ്പിച്ചതാണെന്ന വാദവും പൊളിഞ്ഞ് കഴിഞ്ഞു. ബിജു രമേശാണ് ഇതുസംബന്ധമായ രഹസ്യമൊഴി പുറത്ത് വിട്ടിരുന്നത്.

ബാര്‍ ഉടമകള്‍ പണം പിരിച്ചിരുന്നില്ലെന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാറിന്റെ വാദം തള്ളിയ ബിജു രമേശ് കണക്കുകളും പുറത്ത് വിട്ടിട്ടുണ്ട്. 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് റിപ്പോര്‍ട്ടാണ് ബിജു രമേശ് പുറത്ത് വിട്ടിരിക്കുന്നത്. രമേശ് ചെന്നിത്തലക്ക് കോഴ നല്‍കിയ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വെട്ടിലായിരിക്കുന്നതിപ്പോള്‍ യു.ഡി.എഫാണ്.

സര്‍ക്കാറിനെതിരായ വിവാദങ്ങളില്‍ വികാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെയാണ് പുതിയ വിവാദങ്ങള്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഇടതുപക്ഷമാകട്ടെ വീണു കിട്ടിയ ആയുധം ശരിക്കും ഉപയോഗപ്പെടുത്തുന്നുമുണ്ട്. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെല്ലാം വോട്ടായി മാറുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിക്കുന്നത്. താഴെ തട്ടു വരെയുള്ള ശക്തമായ കേഡര്‍ സംവിധാനവും ചുവപ്പിന്റെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നതാണ്.

Top