തമിഴകത്ത് ഇടതിന് വന്‍ ഡിമാന്റ് ! ! ഒപ്പം കൂട്ടാന്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നു

ബീഹാര്‍ തിരഞ്ഞെടുപ്പോടെ തമിഴകത്തും ഇടതുപക്ഷത്തിന് ഡിമാന്റ് കൂടുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ ഒപ്പം വേണമെന്ന് മൂന്ന് മുന്നണികളാണ് ആഗ്രഹിക്കുന്നത്. ഡി.എം.കെക്ക് പുറമെ കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യവും അണ്ണാ ഡി.എം.കെയും ഇടതു സാന്നിധ്യം ആഗ്രഹിക്കുന്നവരാണ്. തമിഴക രാഷ്ട്രീയത്തില്‍ രണ്ട് ദ്രാവിഡ പാര്‍ട്ടികളുടെ മുന്നണിയിലും പ്രവര്‍ത്തിച്ച പാരമ്പര്യം ഇടതുപാര്‍ട്ടികള്‍ക്കുണ്ട്. നിലവില്‍ ഡി.എം.കെ മുന്നണിയിലാണ് ഇടതുപക്ഷമുളളത്. നിയമസഭ തിരഞ്ഞെടുപ്പിലും ഒറ്റക്കെട്ടായി മത്സരിക്കാനാണ് ചെമ്പടയുടെ തീരുമാനം. സി.പി.എം കേന്ദ്ര കമ്മറ്റിയും ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത്തവണ ഇടതുപക്ഷത്തിന് കാര്യമായ പരിഗണന ഡി.എം.കെ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡി.എം.കെയുടെ രാഷ്ട്രീയ ഉപദേശകനായ പ്രശാന്ത് കിഷോറും ഈ നിലപാടിലാണുള്ളതെന്നാണ് സൂചന.

ബീഹാറിലെ ഇടതുപക്ഷത്തിന്റെ മിന്നുന്ന ജയമാണ് ഈ മനംമാറ്റത്തിന് കാരണം. കോണ്‍ഗ്രസ്സിന് ബീഹാറിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ഡി.എം.കെ നല്‍കാനുള്ള സാധ്യതയും ഇനി കുറവാണ്. 70 സീറ്റില്‍ ബീഹാറില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് 19 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ 29 സീറ്റുകളില്‍ മത്സരിച്ച ഇടതുപക്ഷത്തിന് 16 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു. കൂടുതല്‍ സീറ്റുകള്‍ ഇടതുപക്ഷത്തിന് നല്‍കിയിരുന്നെങ്കില്‍ ബീഹാര്‍ ഭരണം പിടിക്കാമായിരുന്നു എന്നാണ് ആര്‍.ജെ.ഡി നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 75 സീറ്റുകളാണ് ആര്‍.ജെ.ഡിക്കുള്ളത്. ബീഹാറില്‍ പ്രതിപക്ഷത്തിന് കൈവിട്ട ഭരണം തമിഴകത്ത് ചിന്തിക്കാന്‍ പോലും ഡി.എം.കെ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ്സിനെ ബി.ജെ.പിയുടെ ബദലായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞതും തമിഴകത്തെ കോണ്‍ഗ്രസ്സിന്റെ നില ഏറെ പരുങ്ങലിലാക്കിയിട്ടുണ്ട്.

ഡി.എം.കെ മുന്നണിയില്‍ കോണ്‍ഗ്രസ്സിന്റെ വിലപേശലിന്റെ മുനയൊടിക്കുന്ന പ്രതികരണമാണിത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കപില്‍ സിബലിന്റെ അഭിപ്രായ പ്രകടനം തമിഴ് മാധ്യമങ്ങളിലും പ്രാധാന്യത്തോടെയാണ് വന്നിരിക്കുന്നത്. കോണ്‍ഗ്രസ്സ് മുന്നണിയുടെ ഭാഗമായാല്‍ അത് തിരിച്ചടിയാകുമോ എന്നു വരെ സംശയിക്കുന്ന നേതാക്കളും ഡി.എം.കെ നേതൃത്വത്തിലുണ്ട്. എന്തു തന്നെയായാലും കോണ്‍ഗ്രസ്സിന്റെ കൂടുതല്‍ അവകാശവാദങ്ങള്‍ അംഗീകരിക്കില്ലെന്ന് തന്നെയാണ് ഡി.എം.കെ നേതൃത്വം നല്‍കുന്ന സൂചന. വിയര്‍പ്പൊഴുക്കാതെ ‘മീന്‍’ പിടിക്കുന്ന ഏര്‍പ്പാടാണ് കോണ്‍ഗ്രസ്സ് നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. തമിഴകത്തെ ചെറിയ പാര്‍ട്ടിയാണെങ്കിലും വലിയ സമരങ്ങളും ഇടപെടലുകളുമാണ് കഴിഞ്ഞ കാലങ്ങളില്‍ ഇടതുപക്ഷം നടത്തിയിരിക്കുന്നത്. ഇത് ബീഹാറിന് സമാനമായി സര്‍ക്കാറിനെതിരായ ജനവികാരം ഉണ്ടാക്കാന്‍ കാരണമായതായാണ് വിലയിരുത്തല്‍.

ഇടതു പക്ഷത്തിന്റെ സമര മുഖത്തെ ഈ ഇടപെടലാണ് ലോകസഭ തിരഞ്ഞെടുപ്പിലും പ്രധാനമായും ഡി.എം.കെ പരിഗണിച്ചിരുന്നത്. മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിക്കാനും ആ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളില്‍ സി.പി.എം വിജയം നേടിയപ്പോള്‍, നാഗപട്ടണത്തും തിരുപ്പൂരും സി.പി.ഐയാണ് വിജയിച്ചിരുന്നത്. കോയമ്പത്തൂരില്‍ മുന്‍ എം.പി പി.ആര്‍ നടരാജന്‍ 1.76 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആധികാരിക ജയം നേടിയത്. മധുരയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ എസ്. വെങ്കടേശിന്റെ ഭൂരിപക്ഷം 1.36 ലക്ഷമാണ്. നാഗപട്ടണത്ത് സി.പി.ഐ സ്ഥാനാര്‍ഥി സെല്‍വരാജ് 1.86 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലും തിരുപ്പൂരില്‍ സുബ്ബരായന്‍ 90,519 വോട്ടുകള്‍ക്കുമാണ് ചെങ്കൊടി പാറിച്ചത്. ഇതെല്ലാം മുന്‍നിര്‍ത്തി നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ പരിഗണന വാഗ്ദാനം ചെയ്താണ് ഭരണപക്ഷമിപ്പോള്‍ ഇടതുപക്ഷത്തെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ മുഖം തിരിക്കുന്ന നിലപാടാണ് ഇടതു പാര്‍ട്ടികള്‍ സ്വീകരിച്ചിരിക്കുന്നത്. അണ്ണാ ഡി.എം.കെയോട് നോ പറഞ്ഞെങ്കിലും കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യത്തോട് ഇടതു പാര്‍ട്ടികള്‍ക്ക് അനുഭാവമുണ്ട്. കമലിനെ ഡി.എം.കെ മുന്നണി ഉള്‍ക്കൊള്ളണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ വിട്ടുവീഴ്ച ആവശ്യമാണെന്നാണ് ഡി.എം.കെ നേതൃത്വത്തോട് ഇടതു നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഡി.എം.കെ എടുക്കുന്ന നിലപാടായിരിക്കും നിര്‍ണ്ണായകമാകുക. സഖ്യമായില്ലെങ്കില്‍ ധാരണയെങ്കിലും ഉണ്ടാക്കണമെന്ന ആവശ്യവും ഡി.എം.കെയുടെ പരിഗണനയിലാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 39-ല്‍ 38 സീറ്റുകളും തൂത്ത് വാരിയ ചരിത്രം നിയമസഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനാണ് ഡി.എം.കെ മുന്നണി ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണ ചുമതല നല്‍കിയിരിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്. ഭരണ പക്ഷമായ അണ്ണാ ഡി.എം.കെയാവട്ടെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തില്‍ രണ്ട് മനസ്സായാണ് നിലയുറപ്പിച്ചിരിക്കുന്നത്. ജയില്‍വാസം കഴിഞ്ഞ് ജയലളിതയുടെ തോഴി ശശികല കൂടി എത്തുന്നതോടെ അണ്ണാ ഡി.എം.കെയില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണുള്ളത്. ശശികല അണ്ണാ ഡി.എം.കെയില്‍ പിടിമുറുക്കിയാല്‍ അത് പനീര്‍ശെല്‍വ വിഭാഗത്തിനാണ് വലിയ തിരിച്ചടിയാകുക. ബി.ജെ.പിയും തന്ത്രപരമായ നിലപാടാണ് തമിഴകത്ത് സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായെ തന്നെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനിക്ക് മേലും സമ്മര്‍ദ്ദം ഏറെയാണ്.

Top