മലപ്പുറത്ത് ലീഗ് വോട്ടിന്റെ ഇടിവിൽ ഇടതുപക്ഷ പ്രതീക്ഷ, ടി.കെ ഹംസ നേടിയ പഴയ വിജയം ആവർത്തിക്കാൻ യുവ നേതാവ്

ത് രാഷ്ട്രീയ കാലാവസ്ഥയിലും വൻഭൂരിപക്ഷത്തിന് മുസ്ലീംലീഗ് ഒറ്റക്ക് വിജയിക്കുമെന്ന് വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് മലപ്പുറം. പൊന്നാനിയിൽ അട്ടിമറിവിജയം സാധ്യമായാലും മലപ്പുറത്ത് അട്ടിമറി സാധ്യമല്ലന്നു തന്നെയാണ് മാധ്യമങ്ങളും വിലയിരുത്തുന്നത്. എന്നാൽ ഈ വിലയിരുത്തൽ മാറുന്ന മലപ്പുറത്തിൻ്റെ മുഖം കാണാതെയുള്ള വിലയിരുത്തലാണ്. അതെന്തായാലും പറയാതെ വയ്യ. പൊന്നാനിയിൽ തോൽവി ഭയന്ന്  മലപ്പുറത്തേക്ക് കളംമാറ്റി ചവിട്ടിയ ഇടി മുഹമ്മദ് ബഷീറിന് മലപ്പുറത്തിൻ്റെ മണ്ണിലും കടുത്ത മത്സരമാണ് നേരിടേണ്ടി വരിക. കണക്കുകൾ സൂചിപ്പിക്കുന്നതും അതു തന്നെയാണ്.

കഴിഞ്ഞ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു ലീഗിനെ ശരിക്കും വെള്ളംകുടിപ്പിച്ചാണ് തോൽവിക്ക് വഴങ്ങിയിരിക്കുന്നത്.പി.കെ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും സമദാനിയിലേക്കെത്തിയപ്പോള്‍ ലീഗിന് നഷ്ടപ്പെട്ടത് ഒന്നരലക്ഷത്തോളം വോട്ടുകളാണ്. ലീഗിൻ്റെ ഈ നഷ്ടം ഇടതുപക്ഷം നേട്ടമാക്കിയപ്പോൾ സി.പി.എം ചിഹ്നത്തിൽ സാനുവിന് ലഭിച്ചത് ഒരു ലക്ഷത്തോടടുത്ത് പുതിയ വോട്ടുകളാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ ഈ കണക്കുകൾ ലീഗ് നേതൃത്വത്തെ മാത്രമല്ല  സി.പി.എമ്മിനെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുസ്ലീം ജനസമൂഹത്തിനിടയിൽ സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ലഭിക്കുന്ന സ്വീകാര്യതയുടെ പ്രത്യക്ഷ തെളിവായാണ് ഈ വോട്ട് വർദ്ധനവും മാറിയിരുന്നത്.

മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ ഇടിവാണ്, മലപ്പുറത്ത് കഴിഞ്ഞ തവണ ലീഗിനുണ്ടായിരിക്കുന്നത്. 2019-ല്‍  2,60,153 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിടത്താണ് ഭൂരിപക്ഷം കുത്തനെ കുറഞ്ഞ് , 1,14,615 വോട്ടുകളിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. അതായത്  ഏകദേശം ഒന്നര ലക്ഷത്തോടടുത്ത് വോട്ടാണ് കുറവ് സംഭവിച്ചിരിക്കുന്നത്. 2019-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മുസ്‍ലിം ലീഗിന്‍റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് 2024-ൽ നടക്കുന്ന തിരഞ്ഞെടുപ്പിലും സജീവമായി ചർച്ചചെയ്യപ്പെടും.ലീഗിൻ്റെ മുതിർന്ന നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടിയായിരുന്നു 2019-ല്‍ മലപ്പുറത്ത് നിന്നും മത്സരിച്ചിരുന്നത്. അന്ന് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയ അതേ വിപി സാനു തന്നെയാണ് ഉപതിരഞ്ഞെടുപ്പിലും ലീഗിനോട് ഏറ്റുമുട്ടിയിരുന്നത്. കൃത്യമായി പറഞ്ഞാൽ  2019നേക്കാൾ  93 , 913 വോട്ടുകളാണ് സാനുവിന് അധികമായി ലഭിച്ചിരിക്കുന്നത്.

“ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച എ.പി.അബ്ദുള്ളക്കുട്ടിക്കും 2019-ൽ ബി.ജെ.പിക്ക് ലഭിച്ചയത്രയും വോട്ടുകൾ ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചിട്ടില്ല പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ച ഒഴിവിലേക്കാണ്, മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്. വേങ്ങര എം.എല്‍.എ ആയിരിക്കെയാണ് 2017ല്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നത്. മലപ്പുറം എം.പി ആയിരുന്ന ഇ അഹമ്മദിന്‍റെ വിയോഗത്തെ തുടര്‍ന്നായിരുന്നു അന്ന് തിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നത്.

പിന്നീട്  2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം നടന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി, പിന്നീട് കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കുകയാണ് ഉണ്ടായത്. തുടർന്ന് വേങ്ങരയിൽ നിന്നും അദ്ദേഹം വിജയിച്ചെങ്കിലും അവിടെയും ഭൂരിപക്ഷം കുത്തനെ കുറയുകയാണുണ്ടായത്. 26000ത്തില്‍ പരം വോട്ടുകളുടെ കുറവാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇപ്പോഴത്തെ മലപ്പുറം ലോക്‌സഭ മണ്ഡലം. മണ്ഡലം പുന:ക്രമീകരണത്തിന് മുൻപ് മഞ്ചേരി ലോകസഭ മണ്ഡലം ആയിരുന്ന കാലത്തും ഈ മണ്ഡലം ലീഗിൻ്റെ കുത്തക മണ്ഡലമായിരുന്നെങ്കിലും  2004-ലെ തിരഞ്ഞെടുപ്പില്‍ ടി.കെ. ഹംസയിലൂടെ അട്ടിമറി വിജയം നേടിയ വലിയ ഒരു ചരിത്രം ഇടതുപക്ഷത്തിനുണ്ട്. അതും നാം ഓർക്കേണ്ടതുണ്ട്. 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിലേക്ക് മലപ്പുറം ലോകസഭ മണ്ഡലവും പോകുമ്പോൾ 2021-ൽ നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലെയും ലീഗിൻ്റെ നഷ്ടവും ചർച്ച ചെയ്യപ്പെടും.

പൊന്നാനിയിൽ മാത്രമല്ല മലപ്പുറത്തും ലീഗ് നേരിടുന്നത് കടുത്ത മത്സരം തന്നെയാണ്. എളുപ്പത്തിൽ ജയിച്ചു കയറാമെന്ന മോഹവുമായാണ് മലപ്പുറത്തേക്ക് എത്തിയതെങ്കിൽ  ഇ.ടിയുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്ന സ്ഥാനാർത്ഥി നിർണ്ണയമാണ്  ഇടതുപക്ഷം ഇപ്പോൾ നടത്തിയിരിക്കുന്നത്. പൊന്നാനിയിൽ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന വസീഫിനെ മിന്നൽ വേഗത്തിൽ മലപ്പുറത്തേക്ക് മാറ്റിയ സി.പി.എം,ലീഗിനു മുന്നിലാണ് ചെക്ക് വച്ചിരിക്കുന്നത്. ഡി. വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റായ വസീഫിനു വേണ്ടി യുവജന പ്രവർത്തകരും സജീവമായി രംഗത്തിറങ്ങുന്നതോടെ പ്രചരണത്തിലും മേധാവിത്വം പുലർത്താൻ ഇടതുപക്ഷത്തിന് കഴിയും.

യൂത്ത് ലീഗ് നേതൃത്വത്തിന്   സീറ്റ് നിഷേധിച്ചതിലെ പ്രതിഷേധം ലീഗ് അണികൾക്കിടയിൽ ശക്തമായ സാഹചര്യത്തിൽ യൂത്ത് ലീഗിൻ്റെ സഹകരണം എത്രത്തോളം ഉണ്ടാകുമെന്നതും ലീഗ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പാണക്കാട്ട് നിന്നും ഒരു തീരുമാനമെടുത്താൽ അത് കണ്ണടച്ച് എല്ലാവരും അംഗീകരിക്കുന്ന കാലമല്ല ഇത്.സമസ്ത – ലീഗ് ഭിന്നതയിലൂടെ അത് വ്യക്തവുമാണ്.

എ.പി വിഭാഗം സുന്നികളുടെ മാത്രം പിന്തുണയുണ്ടായിരുന്ന ഇടതുപക്ഷത്തിന്  ഇപ്പോൾ സമസ്തയിലെ പ്രബല വിഭാഗത്തിൻ്റെ ശക്തമായ പിന്തുണയുണ്ട്. അതുകൊണ്ടു തന്നെ  മലപ്പുറത്തും പൊന്നാനിയിലും ഇനിയാണ് യഥാർത്ഥ മത്സരം നടക്കാൻ പോകുന്നത്. ഈ കളിക്കളത്തിൽ സമുദായ സംഘടനകൾക്കും കൃത്യമായ റോളുണ്ടാകും. ലീഗിൻ്റെ എക്കാലത്തെയും ഉറച്ച വോട്ട് ബാങ്കിൽ ഉണ്ടാകുന്ന ഏതൊരു ചെറിയവിള്ളലും വലിയ പ്രത്യാഘാതമാണ് ലീഗ് രാഷ്ട്രീയത്തിൽ ഉണ്ടാക്കുക. ഈ ഭയം ലീഗ് നേതൃത്വത്തിനു മാത്രമല്ല കോൺഗ്രസ്സ് നേതൃത്വത്തിനുമുണ്ട്.

ദേശീയ രാഷ്ട്രീയം സജീവമായി ചർച്ച ചെയ്യപ്പെടുന്ന  ലോകസഭ തിരഞ്ഞെടുപ്പിൽ  പാർലമെൻ്റിൽ  ലീഗ് അംഗങ്ങളും കോൺഗ്രസ്സും സ്വീകരിച്ച നിലപാടുകളും, തീർച്ചയായും ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും. മതന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളിൽ ചർച്ച നടക്കുമ്പോൾ ലീഗ് എം.പിമാർ എവിടെ ആയിരുന്നു എന്ന ചോദ്യത്തിനും ലീഗ് നേതൃത്വം മറുപടി പറയേണ്ടി വരും.

കേന്ദ്രസർക്കാർ നയങ്ങളെ യു.ഡി.എഫ് എം.പിമാരേക്കാൾ ചെറുത്ത് നിന്നത് ആരെന്ന ചോദ്യം ആദ്യം ഉയർത്താൻ പോകുന്നതു തന്നെ ഇടതുപക്ഷമായിരിക്കും. എണ്ണിയെണ്ണി പറയാൻ അവർക്ക് മുന്നിൽ നിരവധി സംഭവങ്ങളുമുണ്ട്. ഇതെല്ലാം മലപ്പുറത്തിൻ്റെയും പൊന്നാനിയുടെയും മണ്ണിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെയാണ് ചൂട് പിടിപ്പിക്കാൻ പോകുന്നത്.

ബി.ജെ.പിയുടെ റിക്കൂട്ട്മെൻ്റ് ‘ഏജൻസിയായി’ കോൺഗ്രസ്സ് മാറികൊണ്ടിരിക്കുന്നതിനും ലീഗ് ഇനി മറുപടി പറയേണ്ടി വരും. മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള നിരവധി കോൺഗ്രസ്സ് നേതാക്കളാണ് അടുത്തയിടെ ബി.ജെ.പിയിൽ ചേക്കേറിയിരിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചതും  കോൺഗ്രസ്സ് എം.എൽ.എമാരാണ്. ഇതിനു പുറമെ കേരളത്തിൻ്റെ സമീപ പ്രദേശമായ കന്യാകുമാരി ലോകസഭ മണ്ഡലത്തിൽപ്പെട്ട ഒരു വനിതാ കോൺഗ്രസ്സ് എം.എൽ.എയും ഇപ്പോൾ ബി.ജെ.പിയിൽ ചേക്കേറി കഴിഞ്ഞു. ലോകസഭ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ , ഇനി എത്ര പേർ പോകുമെന്നതും കണ്ടറിയേണ്ട കാര്യമാണ്.ഖദറിൽ നിന്നും കാവിയിലേക്കുള്ള ദൂരം കുറയും തോറും  കേരളത്തിലും ബി.ജെ.പിയുടെ പ്രതീക്ഷയാണ് വർദ്ധിക്കുന്നത്.

“ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ  കോൺഗ്രസ്സിനു വോട്ട് ചെയ്യണമോ ” എന്ന ചോദ്യം , തീർച്ചയായും മത ന്യൂനപക്ഷങ്ങൾ ഉയർത്തും. ഇതിനെല്ലാം മറുപടി പറയാതെ മലപ്പുറത്തും പൊന്നാനിയിലും ലീഗിന് ഒരടിമുന്നോട്ടു പോകാൻ കഴിയുകയില്ല. ചുരുക്കി പറഞ്ഞാൽ കോൺഗ്രസ്സ് സഖ്യവും ലീഗിനാണ് യഥാർത്ഥത്തിൽ മുൾക്കിരീടമായി മാറാൻ പോകുന്നത്. അതാകട്ടെ  വ്യക്തവുമാണ് . . .

EXPRESS KERALA VIEW

Top