കേരളത്തിൽ തുടർഭരണ പ്രതീക്ഷയിൽ ഇടതുപക്ഷത്തിന് ഒരു സംശയവുമില്ല !

നിയമസഭ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം പ്രതീക്ഷിച്ച് ഇടതുപക്ഷം. നല്ല ഭൂരിപക്ഷത്തില്‍ തുടര്‍ ഭരണം സാധ്യമാകുമെന്നാണ് സി.പി.എമ്മും സി.പി.ഐയും പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ്സും ഈ നിഗമനത്തില്‍ തന്നെയാണുള്ളത്. ചുരുങ്ങിയത് 80 സീറ്റില്‍ തരംഗമായാല്‍ 100 സീറ്റിനപ്പുറം… ഇതാണ് ഇടതു പ്രതീക്ഷ. സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറിയതായാണ് ഇടതുപാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധ കൊടി ഉയര്‍ന്ന പൊന്നാനിയില്‍ പോലും വിജയിക്കാന്‍ കഴിയുമെന്ന നല്ല ആത്മവിശ്വാസത്തിലാണ് സി.പി.എം.

ശക്തമായ മത്സരം നടന്ന തവനൂരിലും സി.പി.എമ്മിനെ സംബന്ധിച്ച് ആശങ്ക തീരെയില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വിവാദം സൃഷ്ടിച്ച കുറ്റ്യാടിയില്‍ ശക്തമായി മുന്നേറാന്‍ കഴിഞ്ഞതിനാല്‍ അവിടെയും സി.പി.എമ്മിന് പ്രതീക്ഷയുണ്ട്. സി.പി.ഐയും പരമാവധി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന കണക്കു കൂട്ടലിലാണ്. അടി ഒഴുക്കുകള്‍ ഉണ്ടായതായി വിലയിരുത്തപ്പെടുന്ന ചേര്‍ത്തലയില്‍ വിജയിക്കുമെന്ന് തന്നെയാണ് സി.പി.ഐ കരുതുന്നത്. ഭക്ഷ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കിയത് പാര്‍ട്ടി അച്ചടക്കം മുന്‍ നിര്‍ത്തിയാണെന്നും ഭക്ഷ്യമന്ത്രി തിലോത്തമന്‍ മണ്ഡലത്തില്‍ സജീവമായിരുന്നുവെന്നുമാണ് സി.പി.ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനം സര്‍ക്കാറിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് ഗുണകരമായി മാറിയിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ രണ്ടാം കക്ഷി സി.പി.ഐ തന്നെ ആയിരിക്കുമെന്ന കാര്യത്തില്‍ സി പി.ഐ സംസ്ഥാന നേതൃത്വത്തിന് യാതൊരു സംശയവുമില്ല. കേരള കോണ്‍ഗ്രസ്സ് മുന്നണിയിലെ മൂന്നാം കക്ഷിയായി തന്നെ തുടരുമെന്നതാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇടതുപക്ഷത്തിന് തുടര്‍ ഭരണം ലഭിച്ചാല്‍ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും നിര്‍ണ്ണായകമാകുക. തുടര്‍ ഭരണം സാധ്യമായാല്‍ യു.ഡി.എഫ് പിളരുമെന്നും ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് വരാന്‍ സാധ്യതയുണ്ടെന്നുമുള്ള കണക്കു കൂട്ടലും നേതൃത്വത്തിനുണ്ട്.

ഇതേ കണക്കു കൂട്ടലില്‍ തന്നെയാണ് ബി.ജെ.പിയും നീങ്ങുന്നത്. ഭരണം ലഭിച്ചില്ലങ്കില്‍ കോണ്‍ഗ്രസ്സിലെ പ്രധാനികള്‍ ഉള്‍പ്പെടെ എന്‍.ഡി.എയുടെ ഭാഗമാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. അതേസമയം ഭരണം ഇത്തവണ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇക്കാര്യത്തില്‍ മുസ്ലീം ലീഗും വലിയ ആത്മവിശ്വാസത്തിലാണുള്ളത്. ബി.ജെ.പി ഇത്തവണ പ്രതീക്ഷിക്കുന്നത് മൂന്ന് സീറ്റുകളാണ്. അത് അഞ്ചു വരെ പോകാന്‍ സാധ്യതയുണ്ടെന്നാണ് കാവിപ്പടയുടെ കണക്കു കൂട്ടല്‍. വോട്ടെണ്ണല്‍ ദിവസം വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ കണക്കു കൂട്ടലുകള്‍ തുടരും. ഫലം യു.ഡി.എഫിന് എതിരായാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക കോണ്‍ഗ്രസ്സിനെ ആയിരിക്കും.

ഇടതുപക്ഷത്തെ സംബന്ധിച്ച് ഭരണ തുടര്‍ച്ച ലഭിച്ചില്ലെങ്കില്‍ പോലും സംഘടനാപരമായി അതൊരിക്കലും ബാധിക്കുകയില്ല. കേരളം ചരിത്രം ആവര്‍ത്തിച്ചു എന്ന ഒറ്റ മറുപടിയില്‍ അവര്‍ക്ക് ആ വെല്ലുവിളിയെ മറികടക്കാന്‍ കഴിയും. എന്നാല്‍ തുടര്‍ ഭരണം സാധ്യമായാല്‍ കേരള ചരിത്രമാണ് ഇടതുപക്ഷം തിരുത്തി എഴുതുക. ആ ചരിത്ര മുഹൂര്‍ത്തം മെയ് 2 ന് ഉണ്ടാകുമെന്ന് തന്നെയാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

Top