തോൽപ്പിക്കാൻ ശ്രമിച്ചവർക്കും ‘കൈ’ കൊടുത്ത് ഇടതുപക്ഷ സർക്കാർ . . .

നിക്ഷ്പക്ഷത എന്ന വാക്കിനു തന്നെ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെടുന്ന കാലമാണിത്. അധികാരത്തില്‍ വരുന്നത് ഏത് പാര്‍ട്ടിയായാലും മുന്നണിയായാലും അവരുടെ താല്‍പ്പര്യങ്ങളും അജണ്ടകളും നടപ്പാക്കാനാണ് ആദ്യം ശ്രമിക്കാറുള്ളത്. പൊലീസ് സ്‌റ്റേഷന്‍ മുതല്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ വരെ ഈ രീതി പ്രകടവുമാണ്. ഇതൊന്നും തന്നെ ഒറ്റപ്പെട്ട സംഭവങ്ങളല്ല കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കാലങ്ങളായി നടന്നു വരുന്ന ഒരു പ്രക്രിയ തന്നെയാണ്. എന്നാല്‍ ഈ രീതിയെ പൊളിച്ചടുക്കാനാണ് ഇപ്പോള്‍ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന് മുന്‍കൈ എടുത്തിരിക്കുന്നതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വവുമാണ്.

‘സര്‍ക്കാരിനെ എല്ലാവരുടെയും സര്‍ക്കാരാണെന്ന് കണക്കാക്കാനായില്ലെങ്കില്‍ അത് നാശത്തിന് വഴിയൊരുക്കുമെന്നതാണ് ‘ സി.പി.എം വിലയിരുത്തല്‍. പാര്‍ട്ടിപ്രവര്‍ത്തനമെന്നാല്‍ ദൈനംദിന സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ ഇടപെടലല്ലെന്നും ഇത് പാര്‍ട്ടി സെല്‍ഭരണം എന്ന പ്രചാരണത്തിന് ആക്കംകൂട്ടുമെന്നും ആ രീതി വേണ്ടെന്നും സി.പി.എം പറയുമ്പോള്‍ ആ തീരുമാനത്തെ കയ്യടിച്ച് പിന്തുണക്കുകയാണ് രാഷ്ട്രീയ കേരളവും ചെയ്യേണ്ടത്. എല്ലാവിഭാഗം ജനങ്ങള്‍ക്കും നീതിയുറപ്പാക്കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ പിന്തുടരേണ്ടതെന്നും സര്‍ക്കാര്‍ പാര്‍ട്ടിസഖാക്കളെ മാത്രം പരിഗണിക്കുന്ന ഒന്നായി മാറരുതെന്നതുമാണ് സി.പി.എം നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ സി.പി.എമ്മിനല്ലാതെ രാജ്യത്തെ മറ്റേത് പാര്‍ട്ടിക്ക് പറ്റുമെന്നതും പ്രസക്തമായ ചോദ്യം തന്നെയാണ്. നീതിയുക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് സി.പി.എമ്മിന്റെ അടിത്തറ വിപുലപ്പെടുത്തണമെന്നും പാര്‍ട്ടി നേതൃത്വം അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളുടെ ദുഃഖവും പ്രയാസവുമാണ് വര്‍ഗീയശക്തികളടക്കം ചൂഷണം ചെയ്യുന്നത്. അത് ഒരിക്കലും അനുവദിക്കാന്‍ പാടുള്ളതല്ല. ഹിന്ദുകുടുംബങ്ങളില്‍ ആര്‍.എസ്.എസ്. ഇടപെടുന്നത് എങ്ങനെയാണെന്നത് പ്രത്യേകം മനസ്സിലാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനുകഴിഞ്ഞാല്‍ ഛിദ്രശക്തികള്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരമുണ്ടാകില്ലന്നതാണ് സി.പി.എം നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞകാല ത്യാഗങ്ങളെമാത്രം ആശ്രയിച്ചുകൊണ്ട് പാര്‍ട്ടിക്ക് ഇനി മുന്നോട്ടുപോകാനാകില്ലെന്നും വര്‍ത്തമാനകാലപ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും ഇടപെട്ട് ജനങ്ങളെ നയിക്കാന്‍ പ്രാപ്തരാണെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് കഴിയണമെന്നും സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്.

സി.പി.എമ്മിന്റെ അടിത്തറ അടിസ്ഥാന ജനവിഭാഗങ്ങളിലാണ്. അവരുടെ ജീവിതത്തെ മുന്നോട്ടുനയിക്കാന്‍ ഇടതുപക്ഷസര്‍ക്കാരിന് കഴിയുകയെന്നത് ഏറെ പ്രധാനമാണ്. എങ്കിലേ തന്റെ സര്‍ക്കാരാണിതെന്ന ബോധത്തിലേക്ക് പാവപ്പെട്ടവരെ എത്തിക്കാനാകൂവെന്നതാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ നിലപാട്. സി.പി.എം നേതൃത്വം അണികള്‍ക്ക് നല്‍കുന്ന ഈ മെസേജ് വലിയ മാറ്റത്തിനാണ് തുടക്കം കുറിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ മാത്രമല്ല സി.പി.എമ്മും അടിമുടി മാറ്റത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്. ‘എല്ലാവരുടെയും സര്‍ക്കാര്‍” എന്ന ബോധത്തിലേക്ക് കേരള ജനതയെ എത്തിക്കുക എന്നത് ഒരു ലക്ഷ്യമായി തന്നെയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും കാണുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഒരിക്കലും ഇളകാത്ത ചെങ്കോട്ടയായി കേരളം മാറുമെന്ന് തന്നെയാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ബംഗാളിന്റെ അനുഭവം മുന്‍നിര്‍ത്തിയുള്ള ഒരു തിരുത്തല്‍ നടപടി കൂടിയാണിത്.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ അനുകൂലമാണ്. പ്രതിപക്ഷത്തെ തകര്‍ച്ചയും കലഹവുമാകട്ടെ ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയുമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് കൂടുതല്‍ അപകടത്തിലേക്ക് പോകുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. കഴിഞ്ഞതവണ രാഹുല്‍ എഫക്ടില്‍ വാങ്ങിയ 19 സീറ്റില്‍ പകുതി പോലും യു.ഡി.എഫിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഗ്രഹിക്കാന്‍ കഴിയുകയില്ല. പരമാവധി 5 സീറ്റുകള്‍ എന്നാണ് മുതിര്‍ന്ന നേതാക്കള്‍ പോലും അടക്കം പറയുന്നത്. ഗ്രൂപ്പുകള്‍ പാലം വലിച്ചാല്‍ ഈ സീറ്റുകള്‍ പോലും യു.ഡി.എഫിന് കിട്ടുകയില്ല. അതാണ് നിലവിലെ അവസ്ഥ. സംഘടനാപരമായി കോണ്‍ഗ്രസ്സ് അടിത്തറ തകര്‍ന്നു കഴിഞ്ഞു. കേഡര്‍ പാര്‍ട്ടിയാക്കാന്‍ ശ്രമിച്ച് ഉള്ള അണികള്‍ പോലും നിഷ്‌ക്രിയരാവുന്ന അവസ്ഥയാണ് ആ പാര്‍ട്ടിയിലുള്ളത്. യു.ഡി.എഫിലെ രണ്ടാമത്തെ പാര്‍ട്ടിയായ മുസ്ലീംലീഗിലും ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. മറ്റൊരു ഘടക കക്ഷിയായ ആര്‍.എസ്.പിയും ത്രിശങ്കുവിലാണുള്ളത്. പി.ജെ. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സാകട്ടെ ഉള്ളതും ഇല്ലാത്തതും കണക്കാണെന്ന അവസ്ഥയിലുമാണ്. യു.ഡി.എഫിന് വോട്ട് ചെയ്തവരെ മടുപ്പിക്കുന്ന അവസ്ഥയാണിത്. മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ഇപ്പോഴും നേമം സീറ്റ് നഷ്ടപ്പെട്ട ഷോക്കില്‍ നിന്നും കരകയറിയിട്ടില്ല. യു.ഡി.എഫ് ഘടക കക്ഷികളെ പോലെ തന്നെ ബി.ജെ.പി സംസ്ഥാന ഘടകത്തിലും ഭിന്നത കൂടുതല്‍ രൂക്ഷമാണ്.

ഇതാണ് സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ മൊത്തത്തിലുള്ള ഒരു അവസ്ഥ. ജീവവായുവിനു വേണ്ടി പിടയുന്ന ഇവരുടെ ഉള്ള വോട്ട് ബാങ്ക് കൂടി തകര്‍ക്കാനാണ് സി.പി.എം ഇപ്പോള്‍ നീക്കങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ആ ലക്ഷ്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഇടതുപക്ഷ ഭരണത്തില്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്തവര്‍ക്കും നീതി ഉറപ്പു വരുത്തുകയെന്നത് തന്ത്രപരമായ നീക്കം തന്നെയാണ്. പ്രതിപക്ഷ എം.എല്‍.എമാരോടുള്ള മന്ത്രിമാരുടെ മനോഭാവം പോലും മാറി കഴിഞ്ഞു. സി.പി.എം നേതൃത്വത്തെ കൊടും ശത്രുവായി പ്രഖ്യാപിച്ച വടകര എം.എല്‍.എ കെ.കെ രമക്കു പോലും മന്ത്രി മുഹമ്മദ് റിയാസിനെ പരസ്യമായി പ്രശംസിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ നിഷ്പക്ഷ ഇടപെടലിനുള്ള അംഗീകാരം കൂടിയാണ്. ഇതു പോലെ എതിരാളികളുടെ പോലും മനം കവരുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് മറ്റു മന്ത്രിമാരുടെയും തീരുമാനം. മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ശക്തമായ പിന്തുണയാണ് നല്‍കിയിരിക്കുന്നത്.

ഭരണകാര്യങ്ങളില്‍ പ്രകടനം മെച്ചപ്പെടത്തുന്നതിനായി മന്ത്രിമാര്‍ക്ക് ക്ലാസ് നല്‍കാനുള്ള തീരുമാനവും മുഖ്യമന്ത്രിയുടേത് തന്നെയാണ്. ഭരണരംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുംവകുപ്പുകളെ കുറിച്ചും മന്ത്രിമാര്‍ക്കുള്ള ഇത്തരം ഒരു പരിശീലന പരിപാടി രാജ്യത്ത് തന്നെ അപൂര്‍വ്വ സംഭവമാണ്. നാട് ഭരിക്കുന്നവര്‍ നല്ല കുട്ടികളായി ക്ലാസിലിരിക്കുന്ന കാഴ്ച സിനിമകളില്‍ പോലും കണ്ടിട്ടില്ലന്നതും നാം തിരിച്ചറിയണം. സ്വയം നാടിനായി സമര്‍പ്പിക്കാന്‍ തയ്യാറുള്ളവര്‍ക്കു മാത്രമേ ഇങ്ങനെയൊക്കെയുള്ള നിലപാടുകളും സ്വീകരിക്കാന്‍ കഴിയുകയൊള്ളൂ. ഭരണതലത്തില്‍ ഏറെ അനുഭവമുള്ളവരാണ് നമ്മുടെ ഉദ്യോഗസ്ഥര്‍. അവരുടെ കാര്യശേഷിക്കൊപ്പം മന്ത്രിമാരുടെ നേതൃത്വം കൂടിയാവുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്.

EXPRESS KERALA VIEW

Top