ഇടതുപക്ഷ സര്‍ക്കാര്‍ വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല; കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രങ്ങളേയും പള്ളികളേയും ഒരിക്കലും തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ‘വിശ്വാസങ്ങളെ തകര്‍ക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ശബരിമല വിഷയത്തില്‍ കോടതി വിധി വന്ന് കഴിഞ്ഞാല്‍, ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാവരുമായി കൂടിയാലോചിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കും’- കെ.രാധാകൃഷ്ണന്‍ പറഞ്ഞു

2018 മുതല്‍ ക്ഷേത്രങ്ങളില്‍ വരുമാനം കുറവാണ്. ഇത് ക്ഷേത്രങ്ങളുടെ നടത്തിപ്പിനും, ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ സഹായിച്ചതുകൊണ്ടാണ് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡുകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കുന്നത്.

ദേവസ്വം ബോര്‍ഡുകളുടെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ഭക്തര്‍ക്ക് കൂതുല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടി ഏത് രംഗത്ത് പ്രവര്‍ത്തിക്കാന്‍ പറഞ്ഞാലും എന്റെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘1996 ല്‍ മന്ത്രിയാകുന്ന സമയത്ത് ഭരണപരിചയമുണ്ടായിരുന്നില്ല. എംഎല്‍എയായ ഉടന്‍ തന്നെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെയും സഖാക്കളുടേയും സഹായത്തോടെ തന്നാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു. സാധാരണക്കാരുടെ ജീവിത നില മെച്ചപ്പെടുത്താന്‍ അന്ന് സാധിച്ചു. നിലവില്‍ ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ്, പിന്നാക്ക ക്ഷേമം എന്നീ വകുപ്പുകളാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും ഇത് ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

 

Top