ഗവർണ്ണർ ‘പോരിലും’ നേട്ടം ഇടതുപക്ഷത്തിന്, യു.ഡി.എഫിൽ ഭിന്നത രൂക്ഷം, നേതൃത്വം വെട്ടിലായി

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്നാലും അധികാരം ലഭിക്കാൻ സാധ്യത ഇല്ലന്ന് ബി.ജെ.പിയും ആർ.എസ്.എസും വിലയിരുത്തുന്ന ഏക സംസ്ഥാനം കേരളമാണ്. നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ പത്തുവർഷം പൂർത്തിയാക്കാൻ പോകുന്ന ഈ ഘട്ടത്തിൽ ആകെ ഉണ്ടായിരുന്ന ഒരു എം.എൽ.എ സ്ഥാനവും നഷ്ടപ്പെടുത്തിയാണ് കേരളത്തിൽ ബി ജെ.പി നിൽക്കുന്നത്. ഇവിടെ കാവിക്ക് പ്രധാന വില്ലൻ ചെങ്കൊടി തന്നെയാണ്. ഇങ്ങനെ മുന്നോട്ട് പോയാൽ കേരളത്തിൽ പരിവാർ സംഘടനകൾക്ക് മുന്നേറാൻ കഴിയില്ലന്ന കണക്ക് കൂട്ടലിൽ ഇപ്പോൾ കളത്തിൽ നേരിട്ട് ഇറങ്ങിയിരിക്കുന്നത് ആർ.എസ്.എസ് ആണ്.

പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റുകളോടുള്ള ആർ.എസ്.എസ് പകയെന്താണെന്നത് ഈ രാജ്യത്തെ ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ പത്തുവർഷം പൂർത്തിയാക്കാൻ പോകുന്ന ഈ ഘട്ടത്തിൽ കേരളത്തിൽ ശക്തമായ ഇടപെടലിനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയേക്കാളും രാഷ്ട്രപതിയേക്കാളും ശക്തനെന്ന് സംഘപരിവാർ വാഴ്ത്തുന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാറിനെതിരെ കൈവിട്ട കളിക്ക് തയ്യാറായിരിക്കുന്നത്. ഒൻപത് വൈസ് ചാൻസലർമാരുടെ രാജി ഒറ്റയടിക്ക് ആവശ്യപ്പെട്ടതും രാജിവച്ചില്ലങ്കിൽ പുറത്താക്കാൻ എടുത്ത തീരുമാനവും വ്യക്തമായ അജണ്ട മുൻ നിർത്തിയാണ്. ആർ.എസ്.എസ് അനുകൂലികളെ ഗവർണ്ണർ സർവ്വകലാശാലയുടെ തലപ്പത്തു കൊണ്ടുവന്നാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കാൻ പോകുന്നത്. ഇതിനെതിരെ ഇടതുപക്ഷ സംഘടനകൾ തെരുവിലിറങ്ങിയാൽ കേന്ദ്രസേനയുടെ സംരക്ഷണം നൽകിയാൽ പോലും അവർക്ക് പ്രവർത്തിക്കാൻ കഴിയുകയില്ല.

എസ്.എഫ് ഐ മുതൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെയും സർവ്വകലാശാലാ ജീവനക്കാരുടെയും സംഘടനകളിൽ വരെ ഇടതുപക്ഷ സ്വാധീനം വളരെ ശക്തമാണ്. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകളും എന്തിനും തയ്യാറായി തന്നെയാണ് നിൽക്കുന്നത്. ആദ്യ പിണറായി സർക്കാർ അധികാരത്തിൽ വന്നതു മുതൽ തുടർഭരണം സാധ്യമായ ഈ ഘട്ടം വരെ തീഷ്ണമായ ഒരു സമരവും ഇടതുപക്ഷ സംഘടനകൾ നടത്തിയിട്ടില്ല. അതിനുള്ള അവസരം ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഗവർണ്ണർ ഈ പോക്കു പോയാൽ വർദ്ധിച്ച വീര്യത്തോടെ സമരമുഖത്തിറങ്ങാൻ ഇടതു സംഘടനകളും നിർബന്ധിതരാകും. അത് ഒരിക്കലും രാജ്ഭവൻ മാർച്ചിൽ മാത്രം ഒതുങ്ങണമെന്നും ഇല്ല. ഗവർണ്ണറെ തടയാൻ ഇടതുപക്ഷ സംഘടനകൾ തീരുമാനിച്ചാൽ അതിനെ നേരിടാൻ കേന്ദ്ര സേനയെ കൊണ്ട് മാത്രം കഴിയുകയുമില്ല. ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ച് പിണറായി സർക്കാരിനെ പിരിച്ചു വിടാനാണ് ഗവർണ്ണറുടെയും കേന്ദ്ര സർക്കാറിന്റെയും നീക്കമെങ്കിൽ അവിടെയും കണക്കു കൂട്ടൽ പാളും. ഗവർണ്ണർ ഭരണമെന്നത് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് അധികം നാൾ മുന്നോട്ട് പോകില്ല. ഇടതുപക്ഷ സർക്കാറിനെ പിരിച്ചു വിട്ടാലും ഇല്ലങ്കിലും യു.ഡി.എഫും നേട്ടം കൊയ്യാൻ പോകുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്രീയ കാലാവസ്ഥ ഇടതുപക്ഷത്തിനാണ് അനുകൂലമായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ വാക്കുകളിലും ആ ആത്മവിശ്വാസം പ്രകടമാണ്.

യുജിസി ചട്ടം ലംഘിച്ചാണ് വിസി നിയമനം എന്ന് പറയുകയാണെങ്കിൽ ഗവർണർക്കാണ് പ്രാഥമിക ഉത്തരവാദിത്വം എന്ന് ഓർമ്മപ്പെടുത്തിയ മുഖ്യമന്ത്രി ഗവർണറുടെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വി സി മാരാണോയെന്ന മാസ് ചോദ്യമാണ് ഉയർത്തിയിരിക്കുന്നത്. അതായത് ആദ്യം രാജിവയ്ക്കേണ്ടത് ചാൻസലർ കൂടിയായ ഗവർണ്ണർ തന്നെ ആയിരിക്കണമെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞിരിക്കുന്നത്. ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് ഗവർണ്ണറുടെ നടപടിയെന്നും സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം ഗവർണർക്കു നൽകിയിട്ടുണ്ട്. കേവലം സാങ്കേതികതയിൽ തൂങ്ങിയാണ് ഗവർണറുടെ നടപടി എന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചിരിക്കുന്നത്. ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതരുത് എന്ന് പറഞ്ഞ പിണറായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഉൾപ്പെടെ നിലവിലെ രീതികൾ എണ്ണിയെണ്ണിയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു വിസിക്കെതിരെ വന്ന കോടതി വിധിയെ എല്ലാ വിസി മാർക്കും ബാധകമാക്കാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ലെന്ന കാര്യവും മുഖ്യമന്ത്രി എടുത്ത് പറഞ്ഞിട്ടുണ്ട്. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചു വിടാൻ വ്യവസ്ഥയില്ലന്നും വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ അധികാരമില്ലന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഓർഡിനൻസിൽ ഒപ്പിടാതെ തിരിച്ചയക്കുന്ന ഗവർണ്ണറുടെ നടപടിയെയും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. 11 ഓർഡിനൻസുകളാണ് ഇതുമൂലം ലാപ്സായി പോയിരിക്കുന്നത്. ഇത് നിയമസഭയോടുള്ള അവഹേളനമാണെന്ന് കൂടി തുറന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചിരിക്കുന്നത്.

ഗവർണ്ണറുടെ ഏത് നിലപാടിനെയും നേരിടാൻ തന്നെയാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം. ഈ നിലപാടിന് പൊതു സമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്ന നല്ല ബോധ്യവും സർക്കാറിനുണ്ട്. യു.ഡി.എഫിനൊപ്പം നിൽക്കുന്ന മത ന്യൂനപക്ഷങ്ങൾ പോലും ഗവർണ്ണറുടെ നിലപാടിനെതിരെ ശക്തമായാണ് രംഗത്ത് വന്നിരിക്കുന്നത്. വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ കോൺഗ്രസ്സ് പിന്തുണച്ചപ്പോൾ ഇതിനെതിരായ നിലപാടാണ് മുസ്ലീംലീഗ് സ്വീകരിച്ചിരിക്കുന്നത്. ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ തുറന്നടിച്ചിരിക്കുന്നത്. സർക്കാരുമായി വിയോജിപ്പുണ്ടാകാം സർവകലാശാലകളിൽ സർക്കാർ പറയുന്ന എല്ലാം അംഗീകരിക്കണമെന്നുമില്ല, പക്ഷേ അതുകൊണ്ടൊന്നും ഇപ്പോഴത്തെ ഗവർണറുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നാണ് മുസ്ലീം ലീഗ് എംപികൂടിയായ ഇ.ടി.മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ലീഗിലെ പ്രബല വിഭാഗത്തിന്റെ അഭിപ്രായവും ഇതു തന്നെയാണ്.

ആർ.എസ്.എസ് മേധാവിയുമായി ചർച്ച നടത്തിയ ശേഷം സർക്കാറിനെ കടന്നാക്രമിക്കുന്ന ഗവർണ്ണറുടെ നടപടിയെ ന്യായീകരിച്ചാൽ കാലിന് അടിയിലെ അവശേഷിക്കുന്ന മണ്ണും ഒലിച്ചു പോകുമെന്ന തിരിച്ചറിവ് ലീഗ് നേതൃത്വത്തിനുണ്ട്. ഇതോടെ ഇപ്പോൾ വെട്ടിലായിരിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ്സ് നേതൃത്വവുമാണ്. ലീഗിനകത്ത് എന്തെങ്കിലും കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടോ എന്ന് തനിക്ക് അറിയില്ലന്നാണ് ലീഗിന്റെ പ്രതികരണം വന്ന ശേഷം അദ്ദേഹം നൽകിയിരിക്കുന്ന വിശദീകരണം. യുഡിഎഫിൽ ഒരു ഭിന്നതയുമില്ലന്ന് പ്രതിപക്ഷ നേതാവ് പറയുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ വലിയ ഭിന്നത തന്നെയാണ് യു.ഡി.എഫിൽ ഉണ്ടായിരിക്കുന്നത്. അത് ലീഗിൽ മാത്രമായിട്ട് ഒതുങ്ങുന്നതുമല്ല. ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾക്കിടയിലും ഗവർണ്ണർക്കുള്ള പിന്തുണയിൽ കടുത്ത അതൃപ്തിയുണ്ട്. ഗവർണ്ണറുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് സംഘപരിവാറിനെ പിന്തുണയ്ക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്കയാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഇപ്പോഴത്തെ വിവാദം രാഷ്ട്രീയമായി ഇടതുപക്ഷത്തിന് വലിയ നേട്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഏത് സാഹചര്യത്തിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്നാലും ഇടതുപക്ഷത്തിന് അധികാരത്തിൽ വരാൻ കഴിയുന്ന തരത്തിൽ സി.പി.എം. സാഹചര്യങ്ങൾ രൂപപ്പെടുത്തുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ പ്രായോഗിക രാഷ്ട്രീയം തിരിച്ചറിയാത്ത കോൺഗ്രസ്സിന്റെ നിലപാടിനെതിരെയും വിമർശനങ്ങൾ ശക്തമാണ്. ബി.ജെ.പിക്കെതിരെ ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയെ കൂടിയാണ് കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്. “ആർ.എസ്.എസ് വക്താവ് ” എന്ന് പരസ്യമായി സി.പി.എം വിശേഷിപ്പിക്കുന്ന ഗവർണ്ണറെയാണ് ഇവിടെ അവർ പരസ്യമായി പിന്തുണച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്കും ഇനി നിലപാട് വ്യക്തമാക്കേണ്ടതായി വരും. വല്ലാത്തൊരു ഗതികേടു തന്നെയാണത്.

വൈസ് ചാൻസലർമാരുടെ രാജി ഗവർണ്ണർ ആവശ്യപ്പെട്ടതും ഇടതുപക്ഷം ഗവർണർക്കെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതും ഇപ്പോൾ തന്നെ ദേശീയ മാധ്യമങ്ങളിലും വലിയ വാർത്തയാണ്. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന കർക്കശ നിലപാട് കോൺഗ്രസ്സ് ഇതര പ്രതിപക്ഷ പാർട്ടികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ചെങ്കൊടിക്ക് നേടി കൊടുത്തിരിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും തിരിച്ചു വരവിന് ശ്രമിക്കുന്ന ഇടതുപക്ഷത്തിനും കേരളത്തിലെ പിണറായി സർക്കാറിന്റെ നിലപാട് ആവേശം പകരുന്നതാണ്. ബി.ജെ.പി.യുടെ പ്രധാന എതിരാളിയായി അറിയപ്പെടുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പോലും കേന്ദ്ര സർക്കാറിനും ഗവർണ്ണർക്കും എതിരായ നിലപാടിൽ നിന്നും പിന്നോക്കം പോയ ഘട്ടത്തിലാണ് വർദ്ധിച്ച വീര്യത്തോടെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. എതിർ ഭാഗത്ത് പ്രത്യക്ഷത്തിൽ ഗവർണ്ണറാണെങ്കിലും പിന്നിൽ കളിക്കുന്നത് ആർ.എസ്.എസും ബി ജെ പി യും ആയതിനാൽ ഈ പോരാട്ടത്തിന്റെ സ്വഭാവവും ഇനി ഏതു നിമിഷവും മാറും. കോൺഗ്രസ്സിന് ഇക്കാര്യത്തിൽ നോക്കുകുത്തിയുടെ റോൾ മാത്രമേ ഉണ്ടാവുകയൊള്ളൂ. ചാൻസലർ പദവി ഗവർണ്ണറിൽ നിന്നും തെറിപ്പിക്കാൻ ഇടതുപക്ഷം തീരുമാനിച്ചാൽ കോൺഗ്രസ്സ് പിന്തുണച്ചില്ലങ്കിലും ആ ഓർഡിനൻസ് നിയമസഭയിൽ പാസാകുക തന്നെ ചെയ്യും. അതോടെ യു.ഡി.എഫിലാണ് വലിയ പൊട്ടിത്തെറി സംഭവിക്കാൻ പോകുന്നത്. നഷ്ടപ്പെടാൻ ബിജെപിക്ക് ഒരു എം.എൽ എപോലും ഇല്ലാത്തതിനാൽ ആത്യന്തികമായി ഇപ്പോഴത്തെ സംഭവ വികാസങ്ങളിലും തിരിച്ചടി ലഭിക്കാൻ പോകുന്നത് കോൺഗ്രസ്സിനു തന്നെയായിരിക്കും. ഇക്കാര്യത്തിൽ ലീഗ് നേതാക്കൾക്ക് പോലും സംശയമുണ്ടാകാൻ ഒരു സാധ്യതയുമില്ല.

EXPRESS KERALA VIEW

Top