കേന്ദ്ര ഏജൻസികൾക്കെതിരെ സമരവുമായി ഇടതുമുന്നണി

തിരുവനന്തപുരം : സിഎജിക്കും കേന്ദ്ര ഏജന്‍സികള്‍ക്കുമെതിരെ ഇന്ന് ഇടതുമുന്നണി സമരം. സംസ്ഥാനവ്യാപകമായി തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിഷേധകൂട്ടായ്മയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ല. കേരളത്തെ സംരക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി വൈകിട്ട് അഞ്ചിനാണ് സമരം. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജ് ജംഗ്ഷനില്‍ നടക്കുന്ന സമരത്തിലാണ് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പങ്കെടുക്കുന്നത്.

സിപിഐ നേതാക്കളായ ബിനോയ് വിശ്വം തിരുവനന്തപുരത്തും പന്ന്യന്‍ രവീന്ദ്രന്‍ കണ്ണൂരിലും സമരത്തില്‍ പങ്കെടുക്കും. കോര്‍പറേഷനുകളില്‍ ഏരിയ തലത്തിലാണ് സമരം. സമരത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും സിഎജിക്കെതിരെ ഇന്നലെ രൂക്ഷവിമര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം സിഎജിയും ചേര്‍ന്നു എന്നാണ് ആരോപണം. കിഫ്ബി പദ്ധതികള്‍ ജനങ്ങള്‍ക്ക് നേരിട്ട് അനുഭവവേദ്യമാകുന്നതായതിനാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച വികസനത്തിലേക്ക് തിരിക്കുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.

Top