അവിശ്വാസവുമായി എത്തിയവരെ കണ്ടംവഴി ഓടിച്ച് ഇടതുപക്ഷം …

യോദ്ധ എന്ന ഒരു സിനിമയിലെ ഒരു രംഗം പലപ്പോഴും ഞങ്ങൾ ഓർമ്മിപ്പിച്ചിട്ടുണ്ട്. വീണ്ടും അത് ഓർമ്മിപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ പ്രതിപക്ഷമായിട്ട് ഒരിക്കൽ കൂടി ഒരുക്കി തന്നിരിക്കുന്നത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ച മുസ്ലീംലീഗ് എം.എൽ.എ ഉമ്മറും, ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ നിരയിലെ അംഗങ്ങളും ‘യോദ്ധ’ സിനിമയിലെ അരശും മൂട്ടിൽ അപ്പുക്കുട്ടന്റെ അവസ്ഥയിലേക്കാണ് നിലവിൽ തരം താണിരിക്കുന്നത്. സിനിമയിലെ ജഗതിയുടെ കഥാപാത്രത്തെപ്പോലെ, തൊടുന്നതെല്ലാം പ്രതിപക്ഷത്തിനും ഇപ്പോൾ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

പിണറായി സർക്കാറിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ നേരിട്ട തിരിച്ചടിയുടെ ആവർത്തനം കൂടിയാണിത്. ജയിംസ് മാത്യു, എം.സ്വരാജ്, മുല്ലക്കര രത്നാകരൻ, കോവൂർ കുഞ്ഞുമോൻ തുടങ്ങി അവസാനം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വരെ പ്രതിപക്ഷ നിരയെ മുൾമുനയിൽ നിർത്തിയാണ് കടന്നാക്രമിച്ചിരിക്കുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച് പറയേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാൽ തെളിവുകൾ നിരത്തിയാണ് അടിയന്തര പ്രമേയ നോട്ടീസിനെ അവർ കടന്നാക്രമിച്ചത്. എന്നാൽ, ഭരണപക്ഷത്ത്, പ്രമേയ അവതാരകനായ മുസ്ലീംലീഗ് എം.എൽ.എക്ക് തന്നെ ഉന്നയിച്ച കാര്യത്തിൽ വലിയ ആത്മ വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

അവരുടെ ഏക ആയുധം സ്പീക്കർക്കെതിരായ മാധ്യമ വാർത്തകൾ മാത്രമായിരുന്നു. ഇതിനെ പ്രതിപക്ഷ അംഗങ്ങള്‍ക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്ന് പറഞ്ഞാണ് ഇടതുപക്ഷ അംഗങ്ങൾ നേരിട്ടിരിക്കുന്നത്. സി.പി.എം അംഗം ജയിംസ് മാത്യുവാണ് ഇക്കാര്യം സഭയിൽ ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ സകലമാന അന്വേഷണ ഏജന്‍സികളും, യുഡിഎഫും മാധ്യമങ്ങളുമെല്ലാം ചേർന്ന് ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുകയാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷവും ഈ പൊറാട്ടു നാടകത്തിന്റെ രണ്ടാം അങ്കത്തിനാണിപ്പോൾ ഈ അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് തുടക്കമിട്ടതെന്നും ജയിംസ് മാത്യു ആരോപിച്ചിട്ടുണ്ട്.

ഈ അടിയന്തര പ്രമേയത്തോടെ പ്രതിപക്ഷം വിവരമില്ലാത്തവരും, നാട് നന്നാവണം എന്ന് ആഗ്രഹമില്ലാത്തവരുമാണെന്ന് നാട്ടുകാർക്ക് മനസിലായതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, നല്ല മാനസികനില പ്രതിപക്ഷത്തിന് ഉറപ്പിക്കാന്‍ വേണ്ട നടപടി സഭയിൽ നിന്നു തന്നെ തുടങ്ങണമെന്നും, ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യ ആരോപണത്തില്‍, ധാർമികതയുടെ പേരിൽ മാത്രമാണ് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയതെന്ന കാര്യവും ജയിംസ് മാത്യു സഭയെ ഓർമ്മിപ്പിക്കുകയുണ്ടായി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സഭയെ കാലത്തിന് മുന്‍പേ സഞ്ചരിക്കാന്‍ പ്രാപ്തമാക്കിയതാണോ സ്പീക്കർ ചെയ്ത തെറ്റെന്ന ജയിംസ് മാത്യുവിന്റെ ചോദ്യം പ്രതിപക്ഷ നിരയുടെ നെഞ്ചിലാണ് ചെന്ന് തറച്ചിരിക്കുന്നത്.

സ്പീക്കറിൽ അഴിമതി ആരോപിക്കുന്നവർ വിജിലൻസിന് ഒരു തുണ്ടു കടലാസില്‍ നാല് വരി എഴുതി സർക്കാരിന്റെയോ നിയമസഭയിലെയോ അഴിമതിക്കെതിരെ പരാതി നല്‍കിയിരുന്നോ എന്ന ചോദ്യവും ഏറെ പ്രസക്തം തന്നെയാണ്. കണ്ട പത്രത്തില്‍ വന്ന വാർത്തയെല്ലാം കൂടി പെറുക്കി കൂട്ടിയാണ് എം ഉമ്മർ സ്പീക്കർക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ വന്നിരിക്കുന്നതെന്ന ജയിംസ് മാത്യുവിന്റെ പ്രതികരണം കമ്യൂണിസ്റ്റ് വിരുദ്ധരായ മാധ്യമങ്ങളുടെ നേർക്കുള്ള മുഖമടിച്ചുള്ള പ്രഹരം കൂടിയാണ്. 21 തവണയാണ്, നയതന്ത്ര പരിരക്ഷ ഉറപ്പാക്കി സ്വർണക്കടത്തിന് ഒത്താശ ചെയ്ത് കൊടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ജയിംസ് മാത്യു ആരാണ് ഇതിന്റെ സോഴ്‌സ് എന്ന് കണ്ടെത്താന്‍ ഏഴ് മാസമായിട്ടും കസ്റ്റംസിന് സാധിക്കാത്തത് എന്തു കൊണ്ടാണെന്ന ഗൗരവമേറിയ ചോദ്യവും സഭയിൽ ഉയർത്തുകയുണ്ടായി.

ഡോളർ തട്ടിപ്പിന് ഒത്താശ ചെയ്ത ബാങ്ക് ഉദ്യോഗസ്ഥരും, ബാങ്കും എന്താണ് പട്ടികയില്‍ വരാത്തതെന്ന അദ്ദേഹത്തിന്റെ ചോദ്യവും, പ്രതിപക്ഷവാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു. സ്പീക്കറെ ഇതുവരെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലന്നിരിക്കെ, എന്തടിസ്ഥാനത്തിലാണ് അവിശ്വാസം എന്നതിന് യുക്തമായ മറുപടി നൽകാനും പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട് മാത്രം ആരും പ്രതിയാകുന്നില്ലന്നും പ്രതിപക്ഷ നിരയെ ജയിംസ് മാത്യു ഓർമ്മിപ്പിക്കുകയുണ്ടായി.ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയേയും അബ്ദുള്‍ വഹാബിനേയും മുനീറിനേയും കെഎം ഷാജിയേയും എല്ലാം അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ പല ഘട്ടങ്ങളിലായി വിളിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ഈ മാസ് മറുപടി സി.പി.എം എം.എൽ.എ പ്രതിപക്ഷത്തിന് നൽകിയിരിക്കുന്നത്. അടിയന്തിര പ്രമേയത്തെ നിശിതമായി വിമര്‍ശിച്ചും, അക്കമിട്ട് തിരിച്ചടിച്ചുമാണ്, എം സ്വരാജ് എംഎല്‍എ യും പ്രതിപക്ഷത്തെ കടന്നാക്രമിച്ചിരിക്കുന്നത്.

ഈ നിയമസഭയില്‍, പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സൃഷ്ടിപരമായ ഒരു ആശയവും ഉയര്‍ന്നുവന്നിട്ടില്ലന്നും ശൂന്യതയില്‍ നിന്നുണ്ടാകുന്ന ബഹളമാണ് അവരുടെ സംഭാവനയെന്നുമാണ് സ്വരാജ് തുറന്നടിച്ചത്. ഒരു നിരപരാധിയെ ഒരു സംഘം കുറ്റവാളികള്‍ ചേര്‍ന്ന് കുരിശിലേറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. പത്രവാര്‍ത്തകളുടെ അടിസ്ഥനത്തിലല്ല, വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം ആരോപണം ഉന്നയിക്കാനെന്നും പ്രതിപക്ഷത്തെ സ്വരാജ് ഓർമ്മിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തില്‍, തങ്ങള്‍ തീറ്റിപ്പോറ്റുന്ന അടിമപ്പട്ടാളത്തെ കയറൂരിവിടുന്നവരാണ് പ്രതിപക്ഷം. ജിപിഎസ് ഓഫായി ലോറി ബാംഗ്ലൂരില്‍ പോയി കുരുക്ക് മുറുകുന്നു എന്നെല്ലാം, ഒരു തരി പൊന്ന് പോലും ഇല്ലാത്ത കുടുംബത്തിലെ അംഗമായ, ഈ മന്ത്രിസഭയിലെ മന്ത്രിയെ അധിക്ഷേപിച്ചിട്ട് ഒടുവിൽ എന്തുണ്ടായി എന്ന സ്വരാജിന്റെ ചോദ്യത്തിന് മുന്നിൽ നാണം കെട്ട് തല കുനിക്കേണ്ട അവസ്ഥയാണ് പ്രതിപക്ഷ നിരയിൽ ഉണ്ടായിരിക്കുന്നത്.

എവിടെ ജിപിഎസ്, എവിടെ ലോറി, എവിടെ മുറുകിയ കുരുക്കെന്ന സ്വരാജിന്റെ ചോദ്യത്തിന് വലിയ കയ്യടികളാണ് സഭയിൽ ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ ധാര്‍മ്മികതയും മര്യാദയും തൊട്ടുതീണ്ടാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും, സ്വരാജ് വ്യക്തമാക്കി. ശ്രീരാമകൃഷ്ണനെതിരെ കളങ്കത്തിന്റെ ഒരു പൊട്ടുപോലുമില്ലന്ന് ഉപരാഷ്ട്രപതി നല്‍കിയ പ്രശംസാ പത്രത്തിലെ വാചകം പരാമര്‍ശിച്ചു കൊണ്ടാണ് സ്വരാജ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ ആരോപണങ്ങൾക്കെല്ലാം അക്കമിട്ട് മറുപടി പറഞ്ഞ സ്വരാജ് സ്പീക്കർക്കെതിരായ പ്രമേയത്തെ ബിജെപി -യുഡിഎഫ് സംയുക്ത പ്രമേയം എന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പച്ചത്. സ്വരാജ് നിർത്തിയടത്ത് നിന്നു തന്നെയാണ് ഇടതുപക്ഷം ഇപ്പോൾ പുതിയ പോർമുഖവും തുറന്നിരിക്കുന്നത്.

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തെ, ബി.ജെ.പി അംഗം പിന്തുണച്ചത് രാഷ്ട്രീയ ആയുധമായി ഉപയോഗപ്പെടുത്താൻ തന്നെയാണ് ചെമ്പടയുടെ തീരുമാനം. സഭയിലെ പിന്തുണ നിയമസഭ തിരഞ്ഞെടുപ്പിലും, യു.ഡി.എഫിന് ബി.ജെ.പിയിൽ നിന്നും ലഭിക്കുമെന്നാണ് ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശക്തമായ പ്രചരണ പ്രവർത്തനങ്ങൾക്കാണ് സോഷ്യൽ മീഡിയകളിൽ ഇടതുപക്ഷം തുടക്കം കുറിച്ചിരിക്കുന്നത്. നായകൻ മാറിയത് കൊണ്ട് മാത്രം കാര്യമില്ല, ‘നാവ്’ കൂടി നന്നാവണമെന്നാണ് പ്രതിപക്ഷത്തെ ആരോപണങ്ങളോട് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

Top