ആയിരം കോടി വാർഷിക ബജറ്റുള്ള കൊച്ചിയും ഇടതുപക്ഷം പിടിച്ചെടുത്തു

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് നടന്ന നഗരസഭയാണ് കൊച്ചി. ഇവിടെ ഇടതുപക്ഷം ഭരണം തിരിച്ചു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആകെയുള്ള 74 ഡിവിഷനുകളില്‍ 34 സീറ്റുകളിലാണ് ഇടതുപക്ഷം വിജയിച്ചിരിക്കുന്നത്. 31 സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചിരിക്കുന്നത്. അവരുടെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലും പരാജയപ്പെടുകയുണ്ടായി. 5 അംഗങ്ങളാണ് ബി.ജെ.പിക്ക് നഗരത്തിലുള്ളത്. മൂന്ന് വിമതരാണ് യു.ഡി.എഫിനുള്ളത്. മറ്റൊരു സ്വതന്ത്രനാകട്ടെ ഇടതുപക്ഷത്തോടൊപ്പമാണുള്ളത്. യു.ഡി.എഫ് വിമതരുടെ പിന്തുണയോടെ കൊച്ചി കോര്‍പ്പറേഷന്‍ ഭരിക്കാനാണ് ഇടതുപക്ഷം തയ്യാറെടുക്കുന്നത്.

1000 കോടി വാര്‍ഷിക ബജറ്റുള്ള രാജ്യത്തെ തന്നെ പ്രധാന കോര്‍പ്പറേഷനാണിത്. കൊച്ചിയിലെ ഈ പരാജയം യു.ഡി.എഫിനെ സംബന്ധിച്ച് ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടിയാണ്. വ്യാവസായിക തലസ്ഥാനമായ ഈ നഗരത്തിലെ ഭരണം പിടിക്കുക എന്നത് ഇത്തവണ ഇടതുപക്ഷത്തിന്റെ പ്രധാന അജണ്ട തന്നെയായിരുന്നു. 1971 മുതല്‍ 2010 വരെ മൂന്ന് പതിറ്റാണ്ട് ഭരിച്ച നഗരസഭ ഭരണം തിരിച്ചു പിടിക്കാന്‍ ശക്തമായ പ്രവര്‍ത്തനമാണ് സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയിരുന്നത്. 2010 ല്‍ ടോണി ചമ്മണിയെ മുന്‍ നിര്‍ത്തി യു.ഡി.എഫ് പിടിച്ചെടുത്ത ഭരണം 2015-ല്‍ സൗമിനി ജെയിനിലൂടെ അവര്‍ നിലനിര്‍ത്തുകയാണുണ്ടായത്.

ഇത്തവണ മേയര്‍ സ്ഥാനാര്‍ത്ഥിയായി എന്‍ വേണുഗോപാലിനെ കോണ്‍ഗ്രസ്സ് നിശ്ചയിച്ചത് തന്നെ വലിയ പിഴവായിരുന്നു. വേണുഗോപാലിന്റെ പരാജയവും അതാണ് സൂചിപ്പിക്കുന്നത്. ഇടതുപക്ഷം മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടിയത് സി.പി.എം ജില്ലാ കമ്മറ്റി അംഗമായ അഡ്വ. എം.അനില്‍കുമാറിനെയാണ്. എളമക്കര ഡിവിഷനില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യുവ സമൂഹത്തെ കയ്യിലെടുക്കാന്‍ ഈ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഇടതുപക്ഷത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

മാത്രമല്ല കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണത്തിലെ അഴിമതിയും കഴിവുകേടും ഇത്തവണ വലിയ പ്രചരണ വിഷയമാക്കി മാറ്റുവാനും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് ഏറ്റവും ശക്തിയുള്ള നഗരത്തിലെ ഭരണം നഷ്ടമായതിന് നേതൃത്വം മറുപടി പറയണമെന്നാണ് പാര്‍ട്ടി അണികള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ സമ്പൂര്‍ണ്ണ ആധിപത്യമാണ് ഇടതുപക്ഷത്തിനുണ്ടായിരിക്കുന്നത്.

ആകെയുള്ള 5 കോര്‍പ്പറേഷനുകളില്‍ നാലിലും ഇടതുപക്ഷമാണ് വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്ലാം വലിയ മുന്നേറ്റമാണ് ചെമ്പട നടത്തിയിരിക്കുന്നത്. ആരോപണ ശരങ്ങള്‍ക്കിടയിലെ വലിയ ഉയര്‍ത്തെഴുന്നേല്‍പ്പാണിത്. നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ വിജയം ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

Top