ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്; ലീന മരിയ പോളിന്‍റെ മൊഴി എടുത്തു

കൊച്ചി: ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ് നടത്തിയ സംഭവത്തില്‍ പാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോള്‍ പോലീസിനു മൊഴി നല്‍കി. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ് നടന്നത്.

മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേരില്‍ ഭീഷണിയുണ്ടെന്നും നടി മൊഴി നല്‍കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭീഷണി തുടര്‍ന്നിരുന്നു. 25 കോടി രൂപ വരെ ആവശ്യപ്പെട്ട് രവി പൂജാരിയുടെ പേരിലാണ് ഭീഷണി വന്നിരുന്നത്. നെറ്റ് കോളുകളായാണ് ഭീഷണി വന്നിരുന്നതെന്നും നടി മൊഴി നല്‍കി. കൂടാതെ, ഭീഷണിയുള്ളതിനാല്‍ പോലീസ് സംരക്ഷണം വേണമെന്നും നടി ആവശ്യപ്പെട്ടു.

കേസില്‍ ഇതുവരെ കാര്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചത് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നതിനാണോയെന്നും പോലീസ് സംശയിക്കുന്നു.

പനമ്പിള്ളിനഗര്‍ യുവജനസമാജം റോഡില്‍ സ്ഥിതിചെയ്യുന്ന ദി നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന പേരിലുള്ള ബ്യൂട്ടി പാര്‍ലറിലെത്തിയാണ് രണ്ടംഗസംഘം കഴിഞ്ഞ ദിവസം വെടിവയ്പ് നടത്തിയത്. സംഭവസമയത്തു രണ്ടു ജീവനക്കാനും രണ്ട് ഇടപാടുകാരും ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായിരുന്നു. നടി സ്ഥലത്തുണ്ടായിരുന്നില്ല.

Top