ജീവനു ഭീഷണി ; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

കൊച്ചി ; ബ്യൂട്ടി സലൂണ്‍ ഉടമയും നടിയുമായ ലീന മരിയ പോളിന് തിങ്കളാഴ്ച വൈകിട്ടും ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചെന്ന് പൊലീസിനു മൊഴി നല്‍കി. വെടിവയ്പുണ്ടായ ‘നെയില്‍ ആര്‍ടിസ്ട്രി’ ബ്യൂട്ടി പാര്‍ലര്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കോള്‍ വന്നതെന്നാണ് മൊഴി.

വിദേശ നമ്പരില്‍ നിന്നാണ് കോള്‍ ലഭിച്ചത്. സംഭാഷണം ഇംഗ്ലീഷിലായിരുന്നു. അതേസമയം മൊബൈല്‍ ആപ് ഉപയോഗിച്ച് വ്യാജ വിദേശ നമ്പരുണ്ടാക്കി ഫോണ്‍ വിളിക്കുന്നതാണോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം തനിക്ക് ജീവനു ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ലീന മരിയ പോള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കും.

സംഭവ സ്ഥലത്ത് രണ്ടംഗ അക്രമി സംഘം ഉപേക്ഷിച്ച ‘രവി പൂജാരി’ എന്നെഴുതിയ കുറിപ്പ് കയ്യക്ഷര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കുവാനുള്ള നീക്കത്തിലാണ് പൊലീസ്.

കുറിപ്പിലെ ഹിന്ദി അക്ഷരങ്ങള്‍ മലയാളിയുടേതെന്ന നിഗമനത്തിലാണ് പൊലീസ്. അതിനാല്‍ അന്വേഷണത്തിന് ഗ്രാഫോളജിസ്റ്റുകളുടെ സേവനം തേടാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ഹിന്ദി മാതൃഭാഷയായിട്ടുള്ളവര്‍ സാധാരണ എഴുതുന്ന രീതിയിലുള്ളതല്ല കുറിപ്പിലെ ഹിന്ദി അക്ഷരങ്ങളുടെ ഘടനയെന്ന സംശയം ശാസ്ത്രീയമായി പരിശോധിക്കുവാനാണ് പൊലീസിന്റെ നീക്കം.

Top