LeEco’s Supertainment Phone

ടിവി ചാനലുകള്‍ പരസ്യം സ്വീകരിച്ചു കൊണ്ട് സൗജന്യമായി പ്രേക്ഷകര്‍ക്ക് ഉള്ളടക്കം എത്തിക്കുന്നത് പോലെ സൗജന്യമായി ഫോണ്‍ നല്‍കാനുള്ള പദ്ധതിയുമായി എല്‍ഇ ഇക്കോ.

‘സൂപ്പര്‍ടെയ്ന്‍മെന്റ്’ എന്ന പാക്കേജ് വഴി വിഡിയോ, മ്യൂസിക് ഉള്ളടക്കങ്ങള്‍ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യുന്നത് വഴി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഫോണ്‍ നല്‍കാനുള്ള പദ്ധതിയാണ് എല്‍ഇ ഇക്കോ മുന്നോട്ട് വയ്ക്കുന്നത്.

490 രൂപയ്ക്ക് ഒരു മാസം അല്ലെങ്കില്‍ 4,900 രൂപയ്ക്ക് വര്‍ഷത്തില്‍ സൂപ്പര്‍ടെയ്ന്‍മെന്റ് കണ്ടന്റിന്റെ വരിക്കാരാകുന്നവര്‍ക്ക് സൗജന്യമായി ഫോണ്‍ നല്‍കാന്‍ കഴിയുമെന്നാണ് എല്‍ഇ ഇക്കോ കരുതുന്നത്.

ചൈനയിലെ ബീജിങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലെഷി ഇന്റര്‍നെറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി (Letv) എന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത എന്റര്‍ടെയിന്‍മെന്റ് കമ്പനി എല്‍ഇ ഇക്കോ (Le Eco) എന്ന പേരില്‍ സ്മാര്‍ട്ട് ഫോണുകളുമായി ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് ഏറെ നാളായിട്ടില്ല.

എല്‍ഇ മാക്‌സ് (Le Max ), എല്‍ഇ 1 എസ് (Le 1S ) എന്നീ മോഡലുകളാണ് ഇന്ത്യയില്‍ ഈ കമ്പനി ഫ്‌ലിപ്കാര്‍ട്ടിലൂടെ ഫ്‌ലാഷ് സെയില്‍ വഴി ആദ്യം വില്‍പ്പനയ്ക്ക് എത്തിച്ചത്. എല്‍ഇ 2, എല്‍ഇ 2 പ്രോ, എല്‍ഇ മാക്‌സ് 2 എന്നീ പുതിയ മൂന്നു ഫോണുകളും എല്‍ഇ ഇക്കോ ഈയിടെ വിപണിയില്‍ എത്തിച്ചിരുന്നു.

ലെ വിഡി, ലെ മ്യൂസിക്, ലെ ലൈവ്, എല്‍ഇ ഇക്കോ ഡ്രൈവ് എന്നീ എല്‍ഇ ഇക്കോ സേവനങ്ങളും സൂപ്പര്‍ടെയ്ന്‍മെന്റ് ഉള്ളടക്കങ്ങള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാം. എല്‍ഇ ഇക്കോ ഡ്രൈവ്; 5 ടിബി സ്റ്റോറേജ് സ്‌പേസ് ഈ സേവനങ്ങളുടെ ഭാഗമായി വാഗ്ദാനം ചെയ്യുന്നുണ്ട്.

ലെ വിഡി, ലെ ലൈവ് എന്നീ സേവനങ്ങള്‍ മെയ് 24 നു ഇന്ത്യയില്‍ അവതരിപ്പിക്കും. ലെ മ്യൂസിക്, എല്‍ഇ ഇക്കോ ഡ്രൈവ് എന്നിവ ഒക്ടോബറിലും എത്തും.

ചൈനയില്‍ ഫ്രീ ഹാര്‍ഡ്‌വെയര്‍ ഡേയുടെ ഭാഗമായി പരീക്ഷിക്കപ്പെട്ട വിപണ തന്ത്രമാണ് എല്‍ഇ ഇക്കോ ഇന്ത്യയിലും അവതരിപ്പിക്കാനൊരുങ്ങുന്നത്. മൊബൈല്‍ ഫോണുകളും, ടിവികളും ഉള്ളടക്കം സബ്‌സ്‌ക്രൈബ് ചെയ്ത് സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് ഫ്രീ ഹാര്‍ഡ്‌വെയര്‍ ഡേ ചൈനയിലെ ജനങ്ങള്‍ക്ക് നല്‍കുന്നത്.

മൂന്നു വര്‍ഷത്തേക്ക് ഡിജിറ്റല്‍ ഉള്ളടക്കം സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഫോണ്‍ നല്‍കുന്നതിലൂടെ ഫോണിന്റെ വില കമ്പനിക്ക് ലഭിക്കും. അതോടൊപ്പം ഈ ഉള്ളടക്കത്തിന്റെ ഭാഗമായുള്ള പരസ്യ വരുമാനവും കമ്പനിക്ക് സാമ്പത്തിക നേട്ടം നല്‍കും.

Top