Lee Yong Pil statement

സോള്‍ : രാജ്യത്തിനെതിരെ ഭീഷണി ഉള്ളതായി തോന്നിയാല്‍ യുഎസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ.
ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി സൈനിക അഭ്യാസങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്തെത്തിയത്.

ആണവപരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും തുടരുമെന്നും മുതിര്‍ന്ന ഉത്തര കൊറിയന്‍ വക്താവ് ലീ യോങ് പില്‍ പറഞ്ഞു. എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങളുടെ രാജ്യത്തെയും തലസ്ഥാനത്തെയും പ്രിയപ്പെട്ട നേതാവ് കിം ജോങ് ഉന്നിനെയുമാണ് യുഎസ് ലക്ഷ്യമിടുന്നത്. യുഎസില്‍ നിന്നു ആണവായുധ ഭീഷണിയുണ്ടായാല്‍ പുറകോട്ടുപോവില്ല.

യുഎസ് ഞങ്ങള്‍ക്കുനേരെ ആണവായുധം പ്രയോഗിക്കുമെന്നു തോന്നിയാല്‍ കാത്തിരിക്കില്ല. ആദ്യം ഞങ്ങള്‍ അവര്‍ക്കെതിരെ ആണവായുധം പ്രയോഗിക്കും. അതിനുള്ള സാങ്കേതിക വിദ്യ ഞങ്ങള്‍ക്കുണ്ട് ലീ യോങ് പില്‍ വ്യക്തമാക്കി.

ഉത്തര കൊറിയ ആറാമതോ ഏഴാമതോ എട്ടാമതോ ആണവപരീക്ഷണങ്ങള്‍ നടത്തുമെന്നും ലീ യോങ് പില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് അഞ്ചാം തവണ ആണവപരീക്ഷണം നടത്തിയത്.

2011ല്‍ കിം ജോങ് ഉന്‍ അധികാരത്തില്‍ എത്തിയതു മുതല്‍ അദ്ദേഹത്തിന് വിവിധ തരത്തിലുള്ള ഭീഷണികള്‍ ഉണ്ടെന്നും യോങ് പില്‍ പറഞ്ഞു.

Top