ബെയ്‌റൂത്ത്: ലബനീസ് ഗായികയും നടിയുമായ നജാ സല്ലം അന്തരിച്ചു. 92 വയസ്സായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പാന്‍-അറബിസത്തെ പ്രോത്സാഹിപ്പിക്കുന്ന നജാ സല്ലത്തിന്റെ ഗാനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ ഒരുപാട് പ്രശസ്തി നേടിയിരുന്നു. 1931 മാര്‍ച്ച് 13 ന് ജനിച്ച സല്ലാം 1950 കളില്‍ ഗായികയെന്ന നിലയില്‍ ജനപ്രീതി നേടി. 1956ല്‍ അന്നത്തെ ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസര്‍ സൂയസ് കനാല്‍ ദേശസാത്കരിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഈജിപ്തിനെ പിന്തുണച്ച് ഗാനങ്ങള്‍ ആലപിച്ചതുവഴി ആ രാജ്യത്തും ഏറെ പ്രശസ്തി നേടി.
ഈജിപ്തിന്റെ നടപടി ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. ഇത് രണ്ടാം അറബ്-ഇസ്രായേല്‍ യുദ്ധത്തിലേക്കും നയിച്ചു. നാസര്‍ പിന്നീട് സജാ സല്ലമിന് ബഹുമതിയായി ഈജിപ്ത് പൗരത്വം സമ്മാനിച്ചു. 1950 കളിലും 1960 കളിലും ഒരു ഡസനോളം അറബി ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന സല്ലാം അറിയപ്പെടുന്ന ഒരു നടി കൂടിയായിരുന്നു. പഴയ റേഡിയോ സ്റ്റേഷനുകളിലൊന്നായ റേഡിയോ ലെബനന്റെ 80-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 2018-ല്‍ അന്നത്തെ ലെബനീസ് പ്രസിഡന്റായിരുന്ന മൈക്കല്‍ ഓണ്‍, സല്ലമിനെയും മറ്റ് പ്രമുഖ കലാകാരന്മാരെയും ആദരിച്ചു. സല്ലാമിന്റെ ഗാനങ്ങള്‍ ഇപ്പോഴും അറബ് ലോകമെമ്പാടും ഓര്‍ക്കുകയും കേള്‍ക്കുകയും ചെയ്യുന്നവയുമാണ്.