എൽഡിഎഫ് വിടുന്നു, ദേശിയ നേതൃത്വത്തിന് കത്തയച്ച് എൻസിപി ഔദ്യോഗിക വിഭാഗം

കൊച്ചി : എൽഡിഎഫ് വിടുകയെന്ന നിലപാടു കടുപ്പിച്ച് ഔദ്യോഗിക വിഭാഗം ദേശീയ നേതൃത്വത്തിനു കത്തയച്ചതോടെ അനുരഞ്ജനത്തിനുള്ള സാധ്യതകൾ എൻസിപിയിൽ വിദൂരമായി. യുഡിഎഫിൽ എത്രയും വേഗം ചേക്കേറേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി സംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരൻ, മാണി സി. കാപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ദേശീയ പ്രസിഡന്റ് ശരദ് പവാറിന് ഇന്നലെ അടിയന്തര സന്ദേശം അയച്ചു.

അഭിപ്രായം തേടുകയല്ല, തീരുമാനമാണു വേണ്ടതെന്നു സംസ്ഥാന പ്രസിഡന്റ് തന്നെ നിലപാടെടുത്ത സാഹചര്യത്തിൽ പാർട്ടിയിലെ ഭിന്നത പിളർപ്പിന്റെ വക്കിലെത്തി.ഇരുപക്ഷത്തെയും ഒരുമിച്ചിരുത്തി പ്രശ്നപരിഹാരമുണ്ടാക്കാൻ 23നു കേരളത്തിലെത്താമെന്നു ശരദ് പവാർ അറിയിച്ചിരുന്നു. മുംബൈയിൽ ബാൽ താക്കറെയുടെ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട ചടങ്ങുള്ളതിനാൽ ഈ മാസം അവസാനത്തോടെ കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിനെ അയയ്ക്കുമെന്നാണ് ഒടുവിലത്തെ വിവരം. ഇരു വിഭാഗവും വേർപിരിയലിനു തയാറായ സാഹചര്യത്തിൽ ആ യോഗം നടക്കുമോയെന്ന് ഉറപ്പില്ല. 23ലെ നേതൃയോഗം മുന്നിൽകണ്ടു നിർവാഹക സമിതിയിലെയും ജില്ലാ കമ്മിറ്റികളിലെയും ഭൂരിപക്ഷ പിന്തുണ എ. കെ. ശശീന്ദ്രൻപക്ഷം ഉറപ്പിച്ചു.

Top