ഫേസ്ബുക്കും ട്വിറ്ററും വിട്ട് ജനങ്ങളിലേക്ക് ഇറങ്ങൂ; കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി

ബംഗാള്‍: ട്വിറ്ററും ഫേസ് ബുക്കും വിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങണമെന്ന് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. ബംഗാളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ചൗധരിയുടെ പ്രതികരണം. ബംഗാളിലുണ്ടായത് കോണ്‍ഗ്രസിനുണ്ടായ അപമാനകരമായ തോല്‍വിയാണെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി കൂടുതല്‍ കരുത്ത് ആര്‍ജിക്കണമെങ്കില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഒതുങ്ങാതെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങണം. എല്ലാം മാറ്റി വെച്ച് പ്രവര്‍ത്തകര്‍ കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങളെ സഹായിക്കാനിറങ്ങണം എന്നും ചൗധരി ആഹ്വാനം ചെയ്തു.

കോവിഡ് സാഹചര്യം കാരണം രണ്ട് റാലികള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി ബംഗാളില്‍ വന്നിരുന്നില്ല. ഇത് പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിച്ചു. ദേശീയ തലത്തില്‍ ബിജെപിയാണ് കോണ്‍ഗ്രസിന്റെ ഭീഷണി. എന്നാല്‍ പ്രാദേശിക തലത്തിലെ ഭീഷണി മമതയാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ജനങ്ങളുടെ അഭിവൃദ്ധിക്കായി വ്യക്തമായ പദ്ധതികള്‍ മുന്നോട്ടുവെയ്ക്കുന്നതില്‍ ഇടത് കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടെന്നും അധിര്‍ രഞ്ജന്‍ ചൗധരി വിശദീകരിച്ചു.

 

Top