Leave As ‘Soon As Possible’, European Union Tells Britain

ലണ്ടന്‍: ‘ബ്രെക്‌സിറ്റ്’ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ച സാഹചര്യത്തില്‍ ഇതിനുള്ള നടപടികള്‍ കഴിയുന്നത്ര വേഗത്തിലാക്കണമെന്ന് ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

ബ്രിട്ടന്‍ യൂണിയന്‍ വിട്ടുപോകുന്നത് ഖേദകരമാണെന്നും എന്നാല്‍ ബ്രിട്ടീഷ് ജനതയുടെ അഭിപ്രായം മാനിക്കുന്നുവെന്നും യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. യൂണിയനില്‍ ബാക്കിയുള്ള 27 അംഗങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് പ്രസിഡന്റ് ക്ലോദ് ജങ്കര്‍ പറഞ്ഞു.

ബ്രിട്ടന്‍ വിട്ടുപോകുന്ന സാഹചര്യത്തില്‍ ജൂലായ് 28ന് യൂറോപ്യന്‍ യൂണിയന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടര വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതുവരെ ബ്രിട്ടന് യൂണിയനില്‍ അംഗമായി തുടരേണ്ടിവരും.

ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 52 ശതമാനം പേരാണ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിച്ച് വോട്ടുചെയ്തത്. യൂണിയന്റെ സാമ്പത്തികകുടിയേറ്റ നയങ്ങളാണ് ബ്രിട്ടീഷ് ജനതയില്‍ എതിര്‍പ്പുണ്ടാക്കിയത്. ബ്രെക്‌സിറ്റ് ഫലം പുറത്തുവന്നതോടെ യൂണിയനില്‍ തുടരണമെന്ന അഭിപ്രായത്തെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടന്റെ തീരുമാനം ആഗോള സാമ്പത്തിക മേഖലയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

പുറത്തുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം മറ്റ് അംഗരാജ്യങ്ങളെയും ബാധിക്കുമോ എന്നതാണ് യൂറോപ്യന്‍ യൂണിയന്റെ ഇപ്പോഴത്തെ ആശങ്ക. യൂണിയന്റെ നയങ്ങളില്‍ ചില അംഗങ്ങള്‍ നേരത്തെ എതിര്‍പ്പുയര്‍ത്തിയിരുന്നു. ബ്രെക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്തുവന്നതോടെ യൂറോപ്യന്‍ യൂണിയന്‍ നയങ്ങള്‍ പുന:പരിശോധിക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.

Top