പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബെംഗളൂരുവിൽ കെട്ടിടം തകർന്ന് ആറു മരണം

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നഗരത്തിലെ ഇരുനില കെട്ടിടം തകർന്നു രണ്ടു സ്ത്രീകളടക്കം ആറുപേർ മരിച്ചു.

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് 20 വർഷം പഴക്കമുള്ള കെട്ടിടം തകർ‌ന്നതെന്നാണു നിഗമനം. കൂടുതലാളുകൾ കെട്ടിടത്തിന് അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.

ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ആറ് മൃതദേഹങ്ങൾ പുറത്തെടുത്തു. കലാവതി (60), രവിചന്ദ്രൻ (30) എന്നിവരാണു മരിച്ച രണ്ടുപേർ എന്നു തിരിച്ചറിഞ്ഞു. രണ്ടു കുട്ടികളെ പരുക്കുകളോടെ രക്ഷിക്കാനായി.

കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

ജുനേഷ് എന്നയാളുടേതാണു കെട്ടിടമെന്നും ഇയാൾ നാലു കുടുംബങ്ങൾക്കു വാടകയ്ക്കു നൽകിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

താഴെ രണ്ടു കുടുംബവും മുകൾനിലയിൽ രണ്ടുകുടുംബവുമാണു താമസിക്കുന്നത്. കലാവതിയും രവിചന്ദ്രനും ഒന്നാം നിലയിലെ താമസക്കാരാണ്.

കെട്ടിടം ഏതാണ്ട് പൂർണമായും തകർന്നിട്ടുണ്ട്. സേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top