At least 33 inmates killed and mutilated in Brazil prison

ബ്രസീലിയ: വടക്കന്‍ ബ്രസീലിലെ റൊറൈമയിലുള്ള ജയിലില്‍ മയക്കുമരുന്നു മാഫിയ 33 തടവുകാരെ കൊലപ്പെടുത്തി. ഇവരില്‍ മുപ്പതോളം പേരുടെ മൃതദേഹം തലവെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്.

റൊറൈമയ്ക്ക് സമീപമുള്ള മനാസ് സിറ്റിയില്‍ മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടത് നാലുദിവസം മുന്‍പാണ്.

റൊറൈമയുടെ തലസ്ഥാനമായ ബോവ വിസ്റ്റയിലുള്ള മോന്തെ ക്രിസ്റ്റോ റൂറല്‍ ജയിലിലാണ് സംഭവം. സംപൗളോയില്‍ നിന്നുള്ള ഫസ്റ്റ് ക്യാപിറ്റല്‍ കമാന്‍ഡ്(പിസിസി) എന്ന മയക്കുമരുന്നു സംഘമാണ് സംഭവത്തിന് ഉത്തരവാദികളെന്ന് ബ്രസീല്‍ നീതിന്യായ വകുപ്പുമന്ത്രി അലക്‌സാന്ദ്രേ മോറെസ് പറഞ്ഞു.

ജയിലില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മാഫിയകളുടെ നീക്കമാണ് സംഘര്‍ഷത്തില്‍ എത്തിക്കുന്നത്. പ്രത്യേകസേന ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജയിലില്‍ സ്ഥിതിഗതികള്‍ ശാന്തമായതായും മോറെസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച മനാസ് സിറ്റിയിലെ ജയിലില്‍ മയക്കുമരുന്നു സംഘങ്ങളായ പിസിസിയും നോര്‍ത്ത് ഫാമിലിയും തമ്മിലുണ്ടായ സംഘര്‍ഷത്തിലായിരുന്നു 60 പേര്‍ കൊല്ലപ്പെട്ടത്. തടവറയില്‍ കുറ്റവാളികളെ പാര്‍പ്പിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിന് അന്താരാഷ്ട്രതലത്തില്‍ ബ്രസീലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജയിലില്‍ താമസിപ്പിക്കാവുന്നതിലും അധികം കുറ്റവാളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Top