ദോക്‌ലാം സംഭവത്തില്‍ നിന്ന് ഇന്ത്യ പാഠം ഉള്‍ക്കൊള്ളണമെന്ന് ചൈന

ബീജിങ്: ദോക്‌ലാം സംഭവത്തില്‍ നിന്ന് ഇന്ത്യ പാഠം ഉള്‍ക്കൊള്ളണമെന്ന് ചൈന.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ കേണല്‍ വു ഖ്വിയാനാണ് ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

ദോക്‌ലാം പ്രശ്‌നത്തിനു ശേഷം ചൈനീസ് സൈന്യം തങ്ങളുടെ പ്രവിശ്യകള്‍ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ജാഗരൂകരാണെന്നു വു ഖ്വിയാന്‍ വ്യക്തമാക്കി.

ദോക്‌ലാം സംഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ഇന്ത്യ തയാറാകണമെന്നും അന്തരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍കൊള്ളണമെന്നും പറഞ്ഞ വു ഖ്വിയാന്‍ അതിര്‍ത്തില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യ ചൈനയോട് സഹകരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു.

ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് വിരാമമിട്ട് ദോക്‌ലാമില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചിരുന്നു. അതിര്‍ത്തിയിലെ സ്ഥിതി ശാന്തമായെന്ന് കരുതിയിരിക്കുമ്പോഴാണ് പ്രകോപനപരമായ പ്രസ്താവനകളുമായി ചൈനയുടെ വരവ്.

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ഞായറാഴ്ച ചൈനയിലേക്കു തിരിക്കാനിരിക്കെയാണ് ചൈന പ്രകോപന പ്രസ്താവനകളുമായി മുമ്പോട്ട് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെയാണ് ചൈനയില്‍ ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ബ്രിക്‌സ്.

തിങ്കളാഴ്ചയാണ് ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് വിരാമമിട്ടുകൊണ്ട് ദോക്‌ലായില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ചൈന ആ മേഖലയിലെ റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന ധാരണയായതിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

Top