തന്റെ ഫോണ്‍ ചോര്‍ത്തുന്നു; ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആരോപണവുമായി ചന്ദ്രബാബു നായിഡു

വിശാഖപട്ടണം: ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആരോപണവുമായി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണവുമായാണ് ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. ഈ വിഷയത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.

സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തുകയാണെന്നാണ് കത്തില്‍ നായിഡു ആരോപിക്കുന്നത്. അതിനൂതനമായ, അനധികൃത സോഫ്‌റ്റ്വെയര്‍ ഉപയാഗിച്ചാണു ചോര്‍ത്തലെന്നും സംസ്ഥാനത്തു കാട്ടുഭരണമാണ് നിലനില്‍ക്കുന്നതെന്നും നായിഡു ആരോപിച്ചു.

ജഗന്‍ മോഹന്റെ പാര്‍ട്ടിയും ചില സ്വകാര്യ ഏജന്‍സികളും ചേര്‍ന്ന് നടത്തുന്ന ഫോണ്‍ ചോര്‍ത്തല്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ന്ദ്രബാബു നായിഡു പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന ശബ്ദരേഖകള്‍ ഭരണകക്ഷി പ്രതിപക്ഷത്തെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുന്നു എന്നും ടിഡിപി അദ്ധ്യക്ഷന്‍ ആരോപിക്കുന്നു.

Top