ലീഗിന്റെ സംവരണ വിരുദ്ധ പ്രക്ഷോഭം തിരിച്ചടിക്കുന്നു, ആശങ്കയില്‍ നേതൃത്വം

കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി മറയ്ക്കുന്ന അടി ഒഴുക്കുകളാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്. അത് മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ടാണെന്നതാണ് ശ്രദ്ധേയം. ബിനീഷ് കോടിയേരിയുടെയും ശിവശങ്കറിന്റെയും പിന്നാലെ ഓടുന്ന കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കിനെയാണ് ഇത് സാരമായി ബാധിക്കുന്നത്. മുസ്ലീംലീഗിന്റെ സമര പ്രഖ്യാപനമാണ് ഇടതുപക്ഷത്തിന് നേട്ടമായിരിക്കുന്നത്. ഇത് ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവ വിഭാഗങ്ങളെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് സംവരണമുള്ള സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി തന്നെ ഓര്‍മ്മിപ്പിച്ചതും മുസ്ലീംലീഗിന് തിരിച്ചടിയായിട്ടുണ്ട്. മുന്നോക്ക സംവരണത്തിനെതിരെ ലീഗ് പ്രേരണയില്‍ രംഗത്ത് വന്ന സംഘടനകളില്‍ തന്നെ ഇത് വലിയ ആശയ കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലീഗിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് സമുദായത്തെ കരുവാക്കണ്ടെന്ന വികാരമാണ് മുസ്ലീം വിഭാഗത്തിലും ശക്തമായിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാറുകളുടെ കാലത്ത് സമുദായത്തിന് ഉണ്ടായ നേട്ടങ്ങള്‍ യു.ഡി.എഫ് കാലത്ത് പോലും ഉണ്ടായിട്ടില്ലെന്ന വിമര്‍ശനങ്ങളും ഇപ്പോള്‍ സജീവമാണ്. മുസ്ലീംങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്ത പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സി.പി.എം സ്വീകരിച്ച ശക്തമായ നിലപാടും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയാണ്. ഇതെല്ലാം ലീഗ് നേതൃത്വത്തെ ശരിക്കും പ്രതിരോധത്തിലാക്കുന്നുമുണ്ട്. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിച്ചാല്‍ അത് ലീഗിന് തന്നെ തിരിച്ചടിയാവുമെന്നാണ് തല മുതിര്‍ന്ന ലീഗ് നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാര്‍ വിരുദ്ധ സമരത്തിന് വെള്ളാപ്പള്ളി നടേശനെ കൂട്ട് പിടിക്കാനുള്ള നീക്കവും മുസ്ലീം സംഘടനകളില്‍ രൂക്ഷമായ ഭിന്നതയ്ക്കാണ് കാരണമായിരിക്കുന്നത്. സ്വന്തം സമുദായത്തില്‍ തന്നെ ഒറ്റപ്പെട്ട നേതാവിനെ എന്തിന് നമ്മള്‍ ചുമക്കണമെന്നതാണ് ലീഗ് പ്രവര്‍ത്തകരും ചോദിക്കുന്നത്. വെള്ളാപ്പള്ളി മുന്‍പ് നടത്തിയ വിവാദ പരാമര്‍ശങ്ങളും ഇപ്പോള്‍ ലീഗിനെ തിരിഞ്ഞ് കുത്തുന്നുണ്ട്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് ഏറെ കോളിളക്കം സൃഷ്ടിച്ച പ്രസ്താവന വെള്ളാപ്പള്ളി നടത്തിയിരുന്നത്. മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ നൗഷാദിനെയാണ് വെള്ളാപ്പള്ളി അപമാനിച്ചിരുന്നത്.

‘നൗഷാദ് മുസ്ലീം ആയതിനാലാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതെന്നും ഒരു ഹിന്ദുവാണ് അത് ചെയ്തിരുന്നതെങ്കില്‍ സഹായം ലഭിക്കില്ലായിരുന്നുവെന്നുമാണ് വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നത്.’സമത്വമുന്നേറ്റ യാത്ര’യ്ക്കിടെയായിരുന്നു ഈ സംഭവം. അന്ന് ഈ പ്രസ്താവനക്കെതിരെ രൂക്ഷമായി രംഗത്ത് വന്നിരുന്നത് സി.പി.എമ്മും വി.എസ് അച്ചുതാനന്ദനുമായിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് ആവശ്യപ്പെട്ടിരുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താന അങ്ങേയറ്റം ഹീനവും നിഷ്ഠൂരവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ ഈ വിവാദ പ്രസ്താവന ഇപ്പോള്‍ സ്വന്തം നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നതും ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ്.

മാത്രമല്ല മുന്നോക്ക സംവരണത്തിലെ സര്‍ക്കാര്‍ നിലപാട് കണക്കിലെടുക്കേണ്ടതുണ്ടെന്ന വാദവും മുസ്ലീം സംഘടനകളില്‍ ശക്തമായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് ലീഗ് നേതൃത്വം മുന്നോട്ട് പോകുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ ഇടതുപക്ഷം മുസ്ലീം സമുദായത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തെ മറികടക്കാന്‍ ഇത്തരമൊരു സമരം വേണമെന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ളത്. ലീഗിന്റെ ഈ നീക്കം ശരിക്കും വെട്ടിലാക്കിയിരിക്കുന്നതാകട്ടെ കോണ്‍ഗ്രസ്സിനെയുമാണ്. ഈ പ്രക്ഷോഭം കൊണ്ട് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന മുസ്ലീം വിഭാഗത്തില്‍ നിന്നും ഒരു പിന്‍മാറ്റവും കോണ്‍ഗ്രസ്സ് പ്രതീക്ഷിക്കുന്നില്ല. തിരിച്ചടി യു.ഡി.എഫിനാണ് ഉണ്ടാകുകയെന്നാണ് കോണ്‍ഗ്രസ്സിന്റെ മുന്നറിയിപ്പ്.

ക്രൈസ്തവ സംഘടനകളില്‍ രൂപപ്പെട്ട പ്രതിഷേധമാണ് കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലത്തീന്‍ കത്തോലിക്ക സഭ ഒഴികെ മറ്റെല്ലാ ക്രൈസ്തവ വിഭാഗങ്ങളും മുന്നോക്ക സംവരണത്തില്‍ സര്‍ക്കാര്‍ നിലപാടിനെയാണ് പിന്തുണച്ചിരിക്കുന്നത്. മധ്യ തിരുവിതാംകൂറില്‍ യു.ഡി.എഫിന്റെ അടിത്തറ തകര്‍ക്കുന്ന നിലപാടാണിത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് ക്രൈസ്തവ സംഘടനകള്‍ സ്വീകരിച്ചാല്‍ തരിപ്പണമാകാന്‍ പോകുന്നത് കോണ്‍ഗ്രസ്സാണ്. നിലവില്‍ ജോസ്.കെ മാണി വിഭാഗം മുന്നണി വിട്ടതോടെ പ്രബല ക്രൈസ്തവ വിഭാഗം പിന്തുണയ്ക്കുന്നതും ഇടതുപക്ഷത്തെയാണ്. ലീഗിന്റെ സമര പ്രഖ്യാപനം ഈ പിന്തുണയാണിപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായരുടെ നിലപാടിനെ തള്ളി ഭൂരിപക്ഷ സമുദായ അംഗങ്ങളും സര്‍ക്കാര്‍ നിലപാടിനെയാണ് പിന്തുണച്ചിരിക്കുന്നത്. മുന്നോക്ക സംവരണ ഉത്തരവില്‍ മാറ്റം വേണമെന്നും നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാണെന്നുമാണ് സുകുമാരന്‍ നായരുടെ വാദം. സര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സുകുമാരന്‍ നായരും ഇപ്പോള്‍ വിമര്‍ശനം നേരിടുന്നത്. സമാന സാഹചര്യമാണ് എസ്.എന്‍.ഡി.പി ഉള്‍പ്പെടെയുള്ള പിന്നോക്ക സംഘടനകളിലുമുള്ളത്. മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ ഒരിക്കലും എതിര്‍ക്കാന്‍ പാടില്ലെന്ന നിലപാടാണ് ഈ വിഭാഗങ്ങളിലെ ബഹു ഭൂരിപക്ഷത്തിനുമുള്ളത്.

ലീഗ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തെ രാഷ്ട്രീയ പ്രേരിത സമരമായാണ് പിന്നോക്ക വിഭാഗങ്ങളും വീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വം ലീഗ് നിലപാടിനെ പരസ്യമായി പിന്തുണച്ചിട്ടില്ലെങ്കിലും യു.ഡി.എഫിലെ പ്രബല കക്ഷി സമര രംഗത്തിറങ്ങുന്നതിന്റെ പരിണിത ഫലം കോണ്‍ഗ്രസ്സ് കൂടി അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവില്‍ ഉരുത്തിരിയുന്നത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലും ഇപ്പോള്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. ലീഗിന്റെ ‘ബി’ ടീമായി പാര്‍ട്ടി നേതൃത്വം മാറുന്നതിനെതിരെയാണ് പ്രതിഷേധം. പുതിയ സാഹചര്യത്തില്‍ സി.പി.എമ്മും നിലപാട് കടുപ്പിച്ചിട്ടുണ്ട്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണമേര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനെ വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനെ ചെറുക്കാനാണ് പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.

മുസ്ലിംലീഗ് ഉള്‍പ്പെടുന്ന യുഡിഎഫ് 2011ലെ പ്രകടന പത്രികയില്‍ മുന്നോക്ക സംവരണം ഉള്‍പ്പെടുത്തിയിരുന്നതായാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇപ്പോള്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി മുസ്ലീംലീഗ് ജമാ-അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. നിലവിലെ സംവരണങ്ങള്‍ സംരക്ഷിച്ചു കൊണ്ടുതന്നെ മുന്നോക്ക സമുദായത്തിലെയും ക്രിസ്ത്യന്‍ ഉള്‍പ്പെടെ സംവരണാനുകൂല്യം കിട്ടാത്ത വിഭാഗങ്ങളിലെയും ഒരു ജാതിയിലും ഇല്ലാത്തവരിലെയും സാമ്പത്തികമായി പിന്നോക്കക്കാരായവര്‍ക്കാണ് സംവരണം കിട്ടുകയെന്നാണ് സി.പി.എം വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ ആനുകൂല്യങ്ങളില്‍ കുറവ് വരുത്താതെയാണ് മുന്നോക്ക സംവരണം നടപ്പാക്കുന്നതെന്നാണ് സര്‍ക്കാറും തുറന്ന് പറഞ്ഞിരിക്കുന്നത്.

ഭരണഘടനാ ഭേദഗതിയോടെ സംവരണം നിലവില്‍ 60 ശതമാനമായി മാറിയിട്ടുണ്ട്. 50 ശതമാനം നിലവിലെ സംവരണ വിഭാഗങ്ങള്‍ക്കും 10 ശതമാനം മുന്നോക്ക വിഭാഗങ്ങള്‍ക്കുമാണ് അവകാശപ്പെട്ടത്. ഈ രീതി നടപ്പാക്കുമ്പോള്‍ നിലവിലെ സംവരണാനുകൂല്യത്തില്‍ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പ്രകടനപത്രികയില്‍ വ്യക്തമാക്കി വോട്ട് വാങ്ങി തന്നെയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നത്. ഈ കാഴ്ചപ്പാടിന് അനുസൃതമായാണ് ഭരണഘടനാ ഭേദഗതി പാര്‍ലമെന്റും പാസാക്കിയിരിക്കുന്നത്. ഇതെല്ലാം വ്യക്തമായി അറിയാമായിരുന്നിട്ടും രാഷ്ട്രീയ മുതലെടുപ്പിനാണ് ലീഗ് രംഗത്തിറങ്ങിയിരിക്കുന്നത്. യു.ഡി.എഫിനെ തന്നെ ശിഥിലമാക്കുന്ന നീക്കമാണിത്.

Top