പി.ജെ.ജോസഫ്, യു.ഡി.എഫ് മുന്നണി ശിഥിലമാക്കുമെന്ന ആശങ്കയിൽ ലീഗ് !

കേരള കോണ്‍ഗ്രസ്സ് ഭിന്നതയോടുള്ള കോണ്‍ഗ്രസ്സ് സമീപനത്തില്‍ ലീഗ് നേതൃത്വം വീണ്ടും കലിപ്പില്‍.

രണ്ട് വിഭാഗത്തെയും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ ഒരു വിഭാഗത്തിനൊപ്പം ഉറച്ച് നില്‍ക്കണമെന്നതാണ് മുസ്ലീം ലീഗ് നിലപാട്. ഇക്കാര്യം പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജനപിന്തുണയുള്ള ജോസ് വിഭാഗത്തെ നിര്‍ബന്ധമായും മുന്നണിയില്‍ നില നിര്‍ത്തണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജോസ് പക്ഷം ഇടതുപക്ഷത്തേക്ക് പോയാല്‍ ‘പണി’ പാളുമെന്നാണ് മുന്നറിയിപ്പ്.

ഇപ്പോഴത്തെ കേരള കോണ്‍ഗ്രസ്സ് ഭിന്നത ആളിക്കത്തിക്കുന്നത് കോണ്‍ഗ്രസ്സാണെന്ന അഭിപ്രായവും ലീഗിനുണ്ട്.

എ – ഐ ഗ്രൂപ്പുകള്‍ ഇരു വിഭാഗത്തിനും രഹസ്യ പിന്തുണ നല്‍കുന്നതാണ് കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഉമ്മന്‍ ചാണ്ടി – ചെന്നിത്തല വിഭാഗങ്ങളുടെ ഈ കരുനീക്കങ്ങള്‍.

അഥവാ അധികാരം ലഭിക്കുകയാണെങ്കില്‍, മുഖ്യമന്ത്രി കസേരയാണ് ഇരു വിഭാഗത്തിന്റെയും ലക്ഷ്യം. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നതില്‍ ഘടകകക്ഷികള്‍ക്കും നിര്‍ണ്ണായക റോളാണുളളത്. ഇക്കാര്യത്തില്‍ ലീഗിന്റേയും കേരളകോണ്‍ഗ്രസിന്റേയും നിലപാടുകള്‍ ഹൈക്കമാന്റ് മുഖവിലയ്‌ക്കെടുക്കുകയും ചെയ്യും. അതാണ് കോണ്‍ഗ്രസ് ചരിത്രം.

മുസ്ലീം ലീഗിന്റെ പിന്തുണ ഉമ്മന്‍ ചാണ്ടി വിഭാഗം ഉറപ്പിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ്സിനെയാണ് ചെന്നിത്തല വിഭാഗം ലക്ഷ്യമിടുന്നത്.

ഇതെല്ലാം മുന്‍കൂട്ടി കണ്ട് കേരള കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗത്തെ ഒപ്പം നിര്‍ത്താനാണ് ‘എ’ – ‘ഐ’ വിഭാഗങ്ങള്‍ ശ്രമിക്കുന്നത്. ഭിന്നത മുതലെടുത്ത് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാമെന്ന ‘അജണ്ടയും’ എ-ഐ വിഭാഗത്തിനുണ്ട്.

കേരള കോണ്‍ഗ്രസ്സ് 15 നിയമസഭ സീറ്റുകളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. അടുത്ത തവണ 11 സീറ്റ് കിട്ടിയാലും ജോസ് വിഭാഗം വഴങ്ങും. ബാക്കി നാല് സീറ്റുകളില്‍ കോണ്‍ഗ്രസ്സിന് മത്സരിക്കാനും കഴിയും. ജോസഫ് വിഭാഗത്തെ പുകച്ച് പുറത്ത് ചാടിച്ചാല്‍ ഈ നാല് സീറ്റാണ് ജോസ് വിഭാഗം വാഗ്ദാനം ചെയ്യുന്നത്.

ജോസഫ് മുന്നണിയില്‍ തുടര്‍ന്നാലും ഈ നാലില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലന്ന നിലപാടിലാണ് ജോസ് വിഭാഗമുളളത്.

ഇടുക്കി, കാഞ്ഞിരപ്പള്ളി എം.എല്‍.എമാരും പേരാമ്പ്രയിലും പാല ഉപതെരഞ്ഞെടുപ്പിലും മത്സരിച്ചു തോറ്റ നേതാക്കളുമെല്ലാം ജോസ് വിഭാഗത്തിനൊപ്പമാണുള്ളത്. തൊടുപുഴ എം.എല്‍.എയാകട്ടെ പി.ജെ. ജോസഫാണ്, കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, ചങ്ങനാശേരി എം.എല്‍.എ സി.എഫ് തോമസ് എന്നിവരാണ് ജോസഫ് വിഭാഗത്തിലെ എംഎല്‍എമാര്‍. തിരുവല്ല, ഇരിങ്ങാലക്കുട കുട്ടനാട് എന്നിവ ഉള്‍പ്പെടെ മാണി ഗ്രൂപ്പ് മത്സരിച്ചിരുന്ന മറ്റ് സീറ്റുകളിലെ നേതാക്കളും ജോസഫ് പക്ഷത്താണുളളത്. ഇത് ചൂണ്ടിക്കാട്ടിയാണ് ജോസഫ് യുഡിഎഫിനോട് വിലപേശുന്നത്. എന്നാല്‍ അണികളും ജനങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നാണ് ജോസ് വിഭാഗം അവകാശപ്പെടുന്നത്. ഈ വാദം മുസ്ലീം ലീഗും അംഗീകരിക്കുന്നുണ്ട്.

ജോസ് വിഭാഗം ഇല്ലാതെ പൊതുതെരഞ്ഞെടുപ്പിലേക്ക് പോയാല്‍ കോട്ടയം, ഇടുക്കി ജില്ലകളിലും പത്തനംതിട്ട, എറണാകുളം,ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിലും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസഫ് വിഭാഗം വാശിപിടിക്കുന്നത് ശരിയല്ലെന്ന നിലപാടും ലീഗിനുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇനി പ്രസിഡന്റ് മാറിയത് കൊണ്ട് ആര്‍ക്കാണ് പ്രയോജനമെന്നതാണ് അവരുടെ ചോദ്യം. ലീഗിന്റെ ഈ നിലപാട് കൂടി പരിഗണിച്ചേ യുഡിഎഫ് നേതൃത്വത്തിനും ഇനി അന്തിമ തീരുമാനമെടുക്കാന്‍ കഴിയുകയുളളൂ.

കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ നടപ്പാക്കാതെ യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് പി.ജെ. ജോസഫ്. ചങ്ങനാശേരിയില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിക്കു ശേഷമാണ് അദ്ദേഹം നിലപാടു കടുപ്പിച്ചിരിക്കുന്നത്. ധാരണ പാലിച്ചില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇതോടെ ചെകുത്താനും, കടലിനുമിടയില്‍പ്പെട്ട അവസ്ഥയിലായിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം.

Express View

Top