പിഎഫ്‌ഐ നിരോധനം സ്വാഗതം ചെയ്ത് ലീഗ്

ഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നീക്കത്തെ പിന്തുണച്ച് മുസ്ലീം ലീഗ്. നിരോധനത്തിന് ഒപ്പം നിൽക്കുന്നതായി എം കെ മുനീർ പറഞ്ഞു.

പുതുതലമുറയെ വഴി തെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം. വാളെടുക്കണം എന്ന് പറയുന്നവർ ഏത് ഇസ്ലാമിന്റെ ആളുകളാണെന്നും മുനീർ ചോദിച്ചു. അഞ്ച് വർഷത്തേക്കാണ് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

പിഎഫ്‌ഐയുടെ 8 അനുബന്ധ സംഘടനകളേയും വിലക്കിയിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കാണ് വിലക്ക്.

ഐഎസ് ഉൾപ്പെടെയുള്ള ആഗോള തീവ്രവാദ സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് നിരോധന ഉത്തരവിൽ കേന്ദ്ര സർക്കാർ പറയുന്നു. കേരളത്തിൽ നടന്ന നാല് കൊലപാതകങ്ങളെ കുറിച്ചും ഉത്തരവിൽ കേന്ദ്ര സർക്കാർ പറയുന്നുണ്ട്. സഞ്ജിത്ത് വധം, നന്ദി വധം, അഭിമന്യു വധം, ബിപിൻ വധം എന്നീ കേസുകളാണ് റിപ്പോർട്ടിൽ പറയുന്നത്.
ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെട്ടതായും ഉത്തരവിലുണ്ട്.

Top