ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതല്ല: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സിപിഐഎമ്മിനൊപ്പം ചേരാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുകയല്ല ചെയ്തത്. മതേതര നിലപാടിനെയാണ് സ്വാഗതം ചെയ്തത്. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് തുടരുകയാണ്. ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് കൃത്യമായി എതിര്‍ത്തില്ലെന്നും എം വി ഗോവിന്ദന്‍   പ്രതികരിച്ചു.

‘ലീഗിനെ കുറിച്ച് പറഞ്ഞത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അടുത്ത കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റപ്പെടുകയാണെന്ന തെറ്റായ പ്രചാരണങ്ങള്‍ മാധ്യമങ്ങളടക്കം നടത്തുന്നുണ്ട്. ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചിട്ടില്ല. മതേതര നിലപാടിനെ കുറിച്ചാണ് പറഞ്ഞത്. ഗവര്‍ണറുടെ വിഷയത്തില്‍ യുഡിഎഫിന് വ്യക്തമായ ധാരണയില്ലാതായി.

ഉന്നത വിദ്യാഭ്യാസ മേഖല കാവിവത്ക്കരിക്കാനുള്ള ഗവര്‍ണറുടെ ശ്രമം അനുവദിക്കില്ലെന്ന നിലപാടാണ് അന്നും ഇന്നും എല്‍ഡിഎഫ് സ്വീകരിച്ചത്. ഗവര്‍ണര്‍ വിഷയത്തിലടക്കം യുഡിഎഫ് നിലപാട് മാറ്റിയത് എല്‍ഡിഎഫിന് അനുകൂലാണ്. ലീഗിനും ആര്‍എസ്പിയ്ക്കുമൊക്കെ ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ നിലപാടായിരുന്നു. അതൊന്നും പറയാതിരിക്കേണ്ട കാര്യമില്ലല്ലോ’. എം വി ഗോവിന്ദന്‍ പറഞ്ഞു.

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശം. രാഷ്ട്രീയത്തില്‍ സ്ഥിരമായ ഒരു ശത്രുവില്ലെന്നും ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ യോജിക്കാവുന്ന നിലപാടുകള്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടികള്‍ക്കുണ്ട്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അനുസരിച്ചായിരിക്കും യോജിപ്പുകള്‍. എന്നാല്‍ അത് രാഷ്ട്രീയ കൂട്ടുകെട്ടല്ല. യുഡിഎഫ് തകരണമെന്ന് എല്‍ഡിഎഫിന് ആഗ്രഹമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Top