കുഞ്ഞാലിക്കുട്ടി പറഞ്ഞതല്ല വസ്തുത, ലീഗ് ആഗ്രഹിക്കുന്നത് ഇടതു പ്രവേശനം

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഇത്തവണ വേദിയാകുന്നത് കണ്ണൂരാണ്. ഇതിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് എറണാകുളത്താണ് കൊടി ഉയരുന്നത്. നിര്‍ണ്ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള ചര്‍ച്ചാവേദിയായി കൂടിയാണ് ഈ സമ്മേളനങ്ങള്‍ മാറുക. ദേശീയതലത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകരും ആകാംക്ഷയോടെയാണ് സി.പി.എം സമ്മേളനങ്ങളെ നോക്കി കാണുന്നത്. രാജ്യത്ത് ഇന്ന് ഇടതുപക്ഷത്തിനു ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. ത്രിപുരയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.

ബംഗാളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലങ്കിലും ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം പകരുന്നതാണ്. കോണ്‍ഗ്രസ്സുമായി ധാരണ ഉണ്ടാക്കാതെ ഒറ്റക്കു മത്സരിച്ചപ്പോയാണ് ബംഗാളില്‍ സി.പി.എമ്മിന്റെ വോട്ടുകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. വിശ്വാസ്യത നഷ്ടമായ കോണ്‍ഗ്രസ്സുമായി ദേശീയ തലത്തില്‍ ഒരു സഖ്യവും വേണ്ടെന്ന വാദത്തിന് ശക്തി പകരാനും ഉപതിരഞ്ഞെടുപ്പ് ഫലം കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ്സ് ഇതര മതേതര കക്ഷികളുടെ കൂട്ടായ്മയാണ് ദേശീയ തലത്തില്‍ ഉയര്‍ന്നു വരേണ്ടതെന്നാണ് കേരളത്തിലെ സി.പി.എം നേതൃത്വവും ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങളിലെല്ലാം നിര്‍ണ്ണായകമായ തീരുമാനങ്ങളാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉണ്ടാകുവാന്‍ പോകുന്നത്.

അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 20 എം.പിമാര്‍ പാര്‍ട്ടിക്കു മാത്രമായി ഉണ്ടാകണമെന്നതാണ് സി.പി.എം ആഗ്രഹിക്കുന്നത്. കേരളത്തിലെ 20ല്‍ 17 സീറ്റുകളിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ഘടക കക്ഷികളില്‍ സി.പി.ഐക്ക് 3 സീറ്റുകളും കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിന് ഒരു സീറ്റും മാറ്റിവച്ചാലും 13 സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. തമിഴ് നാട്ടില്‍ നിന്നും നിലവിലുള്ള രണ്ടു സീറ്റുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം ഇത്തവണ ബീഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും സി.പി.എം സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍സഭ ശക്തമായതിനാല്‍ എന്‍.സി.പി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കിസാന്‍സഭയെ മുന്‍ നിര്‍ത്തിയുള്ള ഒരു സമ്മര്‍ദ്ദത്തിനാണ് സി.പി.എം നീക്കം നടത്തുന്നത്. കേന്ദ്ര സര്‍ക്കാറിനെ വിറപ്പിച്ച കര്‍ഷക സമരത്തിലും നിര്‍ണ്ണായക പങ്കാണ് കിസാന്‍സഭ വഹിച്ചിരുന്നത്. ഇതോടൊപ്പം തന്നെ, മുന്‍പ് ഭരണമുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും വരുന്ന തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനുള്ള നീക്കവും സി.പി.എം ഇപ്പോള്‍ നടത്തി വരുന്നുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും കേരളത്തിലാണ് സി.പി.എമ്മിന്റെ സകല പ്രതീക്ഷയും. ഒന്നു ആഞ്ഞ് പിടിച്ചാല്‍ പൊന്നാനി ഉള്‍പ്പെടെ വിജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങളാണ് കേരളത്തിലും ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സി.പി.എം സ്വതന്ത്ര എം.എല്‍.എയായ കെ ടി ജലീലും മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ചര്‍ച്ച രാഷ്ട്രീയ കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്.

‘ഭൂരിപക്ഷ വര്‍ഗീയത തിമിര്‍ത്താടുമ്പോള്‍ മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണെന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മമെന്നുമാണ് ചര്‍ച്ചകള്‍ക്കു ശേഷം കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മര്‍ദിത ന്യൂനപക്ഷ സമുദായങ്ങളും അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാര്‍ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ടെന്നും ഭാവിയില്‍ അത് ശക്തിപ്പെടുകയും, പൂര്‍ണത പ്രാപിക്കുകയും ചെയ്യുമെന്നു കൂടി വ്യക്തമാക്കിയ ജലീല്‍, അന്ന് ഫാഷിസ്റ്റുകള്‍ മാത്രം ഒരു ചേരിയിലും ഫാഷിസ്റ്റ് വിരുദ്ധരെല്ലാം മറു ചേരിയിലുമായി അണിനിരക്കുമെന്നും. അധികം വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

ജലീലിന്റെ ഈ പ്രതികരണം മുസ്ലീം ലീഗിന്റെ ഇടതു പ്രവേശന സൂചന നല്‍കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫ് ശിഥിലമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടതുപക്ഷത്ത് ഒരു ബര്‍ത്ത് ഉറപ്പിക്കാനുള്ള നീക്കമാണ് ലീഗിലെ പ്രബല വിഭാഗം നടത്തുന്നതെന്നാണ് സൂചന. ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ് മുന്നണിമാറ്റം സാധ്യമാക്കണമെന്ന അഭിപ്രായത്തിലാണ് ഈ വിഭാഗമുള്ളതത്രെ. നിലവിലെ കണക്കുകള്‍ പൊന്നാനി ലോകസഭ മണ്ഡലത്തിലും ലീഗിന്റെ ഉറക്കം കെടുത്തുന്നതാണ്. വെറും പതിനായിരം വോട്ടിന്റെ മുന്‍തൂക്കം മാത്രമാണ് ഈ ലോകസഭ മണ്ഡലത്തില്‍ യു.ഡി.എഫിനുള്ളത്.

മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചെങ്കിലും ഒരു ലക്ഷത്തില്‍ അധികം വോട്ടാണ് കൂടുതലായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇത്തവണ നേടിയിരിക്കുന്നത്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും മലപ്പുറം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പോലും പൊന്നാനിയുടെ കാര്യത്തില്‍ മുസ്ലീം ലീഗിനെ സംബന്ധിച്ച് പ്രതീക്ഷ വളരെ കുറവാണ്. ഇടതുപക്ഷവുമായി ഏതെങ്കിലും തരത്തില്‍ ധാരണ ഉണ്ടായാല്‍ രണ്ട് സീറ്റുകളും ലീഗിന്റെ കയ്യിലിരിക്കും. അതല്ലങ്കില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങാനാണ് എല്ലാ സാധ്യതയും. ഇതോടെ മുസ്ലിം ലീഗിലും പിളര്‍പ്പ് അനിവാര്യമാകും. ഇതെല്ലാം മുന്‍കൂട്ടി കണ്ടുള്ള തന്ത്രപരമായ നീക്കമാണ് ലീഗിപ്പോള്‍ നടത്തുന്നത്.

കോണ്‍ഗ്രസ്സ് ദേശീയ തലത്തില്‍ തകര്‍ന്നടിയുന്ന സാഹചര്യത്തില്‍ ആ പാര്‍ട്ടിയില്‍ ലീഗിന് ഒരു പ്രതീക്ഷയും ഇപ്പോള്‍ നിലവിലില്ല. ലീഗ് വോട്ട് ബാങ്കായ സമസ്ത സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്നതും ലീഗിലെ പ്രബല വിഭാഗത്തെ സംബന്ധിച്ച് മനംമാറ്റത്തിന് പ്രധാന കാരണമാണ്. മാത്രമല്ല, കേരളത്തില്‍ അടുത്ത തവണ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയും ലീഗിന് നഷ്ടമായി കഴിഞ്ഞു. പത്തുവര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ട സാഹചര്യം പതിനഞ്ചു വര്‍ഷമായി ദീര്‍ഘിക്കുന്ന ഒരവസ്ഥ ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ലീഗ് നേതൃത്വമുള്ളത്. ഇനി പതിനഞ്ചു വര്‍ഷം കഴിഞ്ഞാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണം യു.ഡി.എഫിനു കിട്ടുമെന്ന പ്രതീക്ഷയും ലീഗിലെ പ്രബല വിഭാഗത്തിനില്ല. ഇത്തരമൊരു സാഹചര്യമാണ് ഇടത്തോട്ട് ചെരിയാന്‍ ലീഗിലെ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.അതിനുള്ള സാഹചര്യം ഒരുക്കാനാണ് കെ.ടി ജലീലുമായുള്ള കൂടിക്കാഴ്ചയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ലീഗിന്റെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നമ്പര്‍ വണ്‍ ശത്രുവായ കെ.ടി ജലീലുമായാണ് ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയിരിക്കുന്നത്. ഇത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സി.പി.എം അനുമതി വാങ്ങാതെ ഇത്തരം ഒരു ചര്‍ച്ചക്ക് ജലീല്‍ ഒരിക്കലും തയ്യാറാകുകയില്ല. അതു പോലെ തന്നെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയാതെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചക്കു പോകാന്‍ സാധ്യത കുറവാണ്. കോണ്‍ഗ്രസ്സിന്റെ ചങ്കിടിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്.

ലീഗ് യു.ഡി.എഫ് വിട്ടാല്‍ പിന്നെ യു.ഡി.എഫ് എന്ന സംവിധാനം തന്നെ ഉണ്ടാകുകയില്ല. കോണ്‍ഗ്രസ്സും അതോടെ പിളരും. കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗമാകട്ടെ, എങ്ങനെയെങ്കിലും ജോസ് കെ മാണിയുടെ കാലു പിടിച്ചായാലും ഇടതുപക്ഷത്ത് എത്തണമെന്ന നിലപാടിലാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. അതായത്, യു.ഡി.എഫ് പതനം ആസന്നമായിരിക്കുന്നു എന്നതു വ്യക്തം. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സിലും ഭിന്നത അതിരൂക്ഷമാണ്. നിലവിലെ നേതൃത്വത്തിനെതിരെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നീങ്ങുന്നത്. ലോകസഭ തിരഞ്ഞെടുപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്താനാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ശ്രമം നടത്തി വരുന്നത്. ലീഗിലെ ഒരു വിഭാഗം യു.ഡി.എഫില്‍ നില്‍ക്കാന്‍ ശ്രമിച്ചാല്‍ പോലും അതുകൊണ്ട് മാത്രം യു.ഡി.എഫ് രക്ഷപ്പെടില്ലന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.

പ്രതിപക്ഷ വോട്ട് ബാങ്ക് ബി.ജെ.പി ഭിന്നിപ്പിക്കുന്നതോടെ വീണ്ടും ഇടതുപക്ഷ തുടര്‍ ഭരണത്തിനാണ് സാധ്യതയെന്നാണ് അവരുടെ വിലയിരുത്തല്‍. അടുത്ത ലോകസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി പിടിക്കുന്ന വോട്ടുകള്‍ കോണ്‍ഗ്രസ്സിന്റെ സാധ്യതയെയാണ് ബാധിക്കുക. കഴിഞ്ഞ തവണ നേടിയ 20ല്‍ 19 എന്നത് ഇത്തവണ എത്ര എന്നു ചോദിച്ചാല്‍ മുഖം തിരിച്ചാണ് യു.ഡി.എഫ് നേതാക്കള്‍ ഒഴിഞ്ഞു മാറുന്നത്. കാര്യങ്ങളുടെ ഗൗരവം അവര്‍ക്കും ബോധ്യമായെന്നതും വ്യക്തം. ഈ ഒരു ആശങ്കക്കിടെയാണ് മലപ്പുറത്തെ ഇടതുപക്ഷത്തിന്റെ പ്രധാന മുഖമായ കെ.ടി ജലീലുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ഉള്‍പ്പെടെ ഉള്ള മറ്റു സി.പി.എം നേതാക്കളുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന ലീഗ് നേതാവാണ് കുഞ്ഞാലിക്കുട്ടി. അതുകൊണ്ടു തന്നെ ലീഗ് ഇടതുപക്ഷത്തേക്ക് വരാന്‍ താല്‍പ്പര്യപ്പെട്ടാല്‍ സി.പി.എം നേതൃത്വം അക്കാര്യം തീര്‍ച്ചയായും ചര്‍ച്ച ചെയ്യും. ലീഗിനെ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയായി ഇടതുപക്ഷം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലങ്കിലും ആ പാര്‍ട്ടിയില്‍ വളര്‍ന്നു വരുന്ന തീവ്രനിലപാടുകളെ സി.പി.എം എക്കാലത്തും ശക്തമായി തന്നെ എതിര്‍ത്തിട്ടുണ്ട്. അതു കൊണ്ടു തന്നെ ലീഗിനു ഇടതുപക്ഷത്തേക്ക് വാതില്‍ തുറക്കുന്നതിനു മുന്‍പ് ആഴത്തിലുള്ള ചര്‍ച്ചയും ഉറപ്പാണ്. ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശം വന്നാല്‍ സി.പി.എം കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുക.

സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസ്സും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സി.പി.എം നിലപാടില്‍ എന്തെങ്കിലും മാറ്റം വരുവാനുള്ള സാധ്യതയും കണ്ടറിയേണ്ടതു തന്നെയാണ്. കെ.ടി ജലീല്‍ കുഞ്ഞാലിക്കുട്ടി ചര്‍ച്ച സി.പി.എം, ലീഗ് നേതൃത്വങ്ങളുടെ അറിവോടെയാണെങ്കില്‍ തീര്‍ച്ചയായും അത് കേരളത്തില്‍ വലിയ ഒരു രാഷ്ട്രീയ മാറ്റത്തിനാണ് തുടക്കം കുറിക്കുക. അക്കാര്യത്തില്‍ ആര്‍ക്കും തന്നെ ഒരു സംശയവും ഉണ്ടാവേണ്ടതില്ല.

EXPRESS KERALA VIEW

Top