League unsatisfied in Chennithala’s controversial statement about Liquor Policy

തിരുവനന്തപുരം: ‘പണി പാളി’യെന്ന് ബോധ്യമായതോടെ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കഴിഞ്ഞ ദിവസം വിവാദ പ്രസ്താവനയിറക്കിയ ചെന്നിത്തലക്ക് 24 മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തി വാര്‍ത്താ കുറിപ്പ് ഇറക്കേണ്ടി വന്നത് കസേര തെറിക്കുമെന്ന ഭീതിയെ തുടര്‍ന്നാണ്.

കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചത്. മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മദ്യനയം തിരുത്തുന്നതിനെപ്പറ്റി പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണ്. അക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കാമെന്നും അഭിമുഖത്തില്‍ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

മദ്യനയത്തില്‍ താന്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും യുഡിഎഫ് സര്‍ക്കാരിന്റെ ധീരമായ നിലപാടായിരുന്നു മദ്യനയമെന്നുമാണ് ചെന്നിത്തലയുടെ പുതിയ വിശദീകരണം.

ചെന്നിത്തലയുടെ നിലപാട് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുസ്ലീംലീഗ് നേതൃത്വത്തിനും മാത്രമല്ല സ്വന്തം ഗ്രൂപ്പായ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ പോലും അതൃപ്തിക്ക് കാരണമായിരുന്നു.

ചെന്നിത്തലയുടെ പല നടപടികളിലും കടുത്ത എതിര്‍പ്പുള്ള മുസ്ലീംലീഗ് നേതൃത്വം ഈ വിഷയം മുന്‍നിര്‍ത്തി പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ചെന്നിത്തലയെ മാറ്റാന്‍ വരെ ആവശ്യപ്പെട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.

പ്രതിപക്ഷ നേതാവെന്ന നിലയിലും യുഡിഎഫ് ചെയര്‍മാനെന്ന നിലയിലും ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടാണ് ചെന്നിത്തല സ്വീകരിച്ചതെന്നാണ് ലീഗിന്റെ നിലപാട്.

സുധീരനാവട്ടെ പുന:സംഘടനയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഡല്‍ഹിയില്‍ ഹൈക്കമാന്റുമായുള്ള ചര്‍ച്ചയില്‍ വിഷയം അവതരിപ്പിക്കാനുള്ള ശ്രമത്തിലുമായിരുന്നു.

ചെന്നിത്തലയുടെ പ്രസ്താവന വന്നതിന് തൊട്ട് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവിനോട് സുധീരനടക്കമുള്ള നേതാക്കള്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ്സിലെ ‘എ’ വിഭാഗം ചെന്നിത്തല തെറിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്ക് യുഡിഎഫ് ചെയര്‍മാനോ പ്രതിപക്ഷ നേതാവോ ആകുന്നതിന് വഴി ഒരുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു.

പതിയിരിക്കുന്ന ഈ അപകടം തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ ചെന്നിത്തല പ്രസ്താവന വിഴുങ്ങി നിഷേധക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

എന്നാല്‍ ചെന്നിത്തലയുടെ നിഷേധക്കുറിപ്പ് ലീഗിന് പൂര്‍ണ്ണ തൃപ്തി നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.

ഇടത് സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഒരു പരാജയം തന്നെയാണെന്നാണ് മിക്ക നേതാക്കളുടെയും അഭിപ്രായം.

മാണി ഇടത് പാളയത്തിലേക്ക് പോയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ നേതൃത്വം ‘ബദല്‍’ മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ തന്നെ ആരാഞ്ഞ് തുടങ്ങിയിട്ടുണ്ട്.

ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടി ഏത് തിരഞ്ഞെടുപ്പിനെ നേരിട്ടാലും അത് ഇടതുപക്ഷത്തിനും ബിജെപിക്കുമാണ് നേട്ടമുണ്ടാക്കുക എന്നാണ് ലീഗിലെ ഒരു വിഭാഗം കരുതുന്നത്.

സുധീരനെ പോലെയുള്ള ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാതെ നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിന് മുന്നോട്ട് പോവുക ശ്രമകരമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

Top